വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീസ് കുറച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവർത്തകസംഘം ആവശ്യപ്പെട്ടു. ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ ഉദ്യോഗസ്ഥൻമാർ പലരിൽനിന്നും അമിതതുക ഈടാക്കുന്നുവെന്നാണ് ആരോപണം. ലൈസൻസ് ഫീസ് 5000 രൂപയിൽ നിന്ന് 50000 രൂപയായി വർദ്ധിപ്പിച്ച സമയത്ത് ലൈസൻസ് പുതുക്കിയിട്ടുള്ള മത്സ്യബന്ധനയാനങ്ങൾക്ക് അധികതുക തിരിച്ച് നൽകാമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നതാണ്. ഇത് ഉദ്യോഗസ്ഥൻമാർ ഗൗനിക്കുന്നില്ലെന്നാണ് പ്രധാന പരാതി.
ബോട്ട് അളക്കാൻ വന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ പണം അടക്കണമെന്നും അല്ലാത്തവർ വീണ്ടും ഫോർട്ട് വൈപ്പിൻ ജെട്ടിയിൽ ബോട്ടെത്തിച്ച് അളന്ന് പണമടക്കണമെന്നാണ് ഉദ്യോഗസ്ഥൻമാരുടെ പിടിവാശി. മാത്രമല്ല ബോട്ടിന്റെ ഉയർന്ന് നിൽക്കുന്ന മുൻഭാഗം ( അലങ്കാരം അഥവാ കൊമ്പ്) മുതൽ അളക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിക്കുന്നത്. ഇതൊക്കെ മന്ത്രിതലത്തിൽ ബോട്ടുടമകൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണെന്ന് സംഘം പ്രസിഡന്റ് സുധാസ് തായാട്ട് , സെക്രട്ടറി കെ.ബി. രാജീവ് എന്നിവർ പറയുന്നു. യാനങ്ങൾ അളക്കുമ്പോൾ മുൻഭാഗത്തെ അലങ്കാരം ഒഴിവാക്കി അളക്കാമെന്ന് വകുപ്പ് മന്ത്രി ബോട്ടുടമകൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻമാർ ഇതൊന്നും ഗൗനിക്കാതെ ബോട്ടുടമകളെ പീഡിപ്പിക്കുകയാണ്.
ലൈസൻസ് ഫീസ് അഖിലേന്ത്യാ തലത്തിൽ ഏകീകരിക്കണമെന്നും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 മുതൽ 3000 രൂപ വരെ മാത്രം ഫീസ് ഈടാക്കുമ്പോൾ കേരളത്തിൽ മാത്രമാണ് 25000 രൂപ ഈടാക്കുന്നതെന്നും സംഘം ചൂണ്ടിക്കാട്ടി. വകുപ്പുമന്ത്രിയുടെ അടിയന്തര ഇടപെടലിൽ അനൂകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സമരപരിപാടികളിൽ സംഘവും ശക്തമായി രംഗത്തുണ്ടാകുമെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.