ചെറുതോണി: എല്ലാ വർഷവും സംസ്ഥാന ബഡ്ജറ്റിൽ ലക്ഷങ്ങൾ വകയിരുത്തിയതായി ഇടം പിടിക്കും, റോഡ് പണിമാത്രം നടക്കില്ല. താന്നിക്കണ്ടം-കൊച്ചുപൈനാവ്-തിയേറ്റർപടി ബൈപാസ് റോഡാണ് ഇങ്ങനെ അവഗണിക്കപ്പെടുന്നത്. ബഡ്ജറ്റിലെ പ്രഖ്യാപനം നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ കാലാകാലങ്ങളിൽ ഭരണകക്ഷിയുടെ പ്രവർത്തകർ ഫ്ളക്സ് ബോർഡ് വച്ച് സർക്കാരിനും ധനമന്ത്രിക്കും അഭിനന്ദനങ്ങൾ അറിയിക്കുക പതിവാണ്. പിന്നെ അതേക്കുറിച്ച് മിണ്ടാട്ടമില്ല.ഇവിടെ കാൽനടയാത്രപോലും അസാധ്യമായി തകർന്നിരിക്കുകയാണ്..
. നാല് കലോമീറ്ററോളം വരുന്ന റോഡ് 2007ൽ നബാഡിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ചതാണ്. പിന്നീട് റോഡിന് യാതൊരു അറ്റകുറ്റപണികളും നടത്താതെ വന്നതോടെ പൂർണമായും തകരുകയായിരുന്നു.
വിവിധ സ്കൂളുകളിലേക്കും കോളജുകളിലേക്കും വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന നിരവധി ബസുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടെ ഏറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോയിരുന്നത്. കഴിഞ്ഞ പ്രളയത്തോടെ റോഡിന്റെ തകർച്ച പൂർണമായി. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ പലവാഹനങ്ങളും ഇതുവഴി വാരാതെയാവുകയും ചെയ്തിരിക്കയാണ്. നാട്ടുകാർ മണ്ണിട്ട് കുഴികൾ നികത്തിയാണ് ചിലവാഹനങ്ങൾ എങ്കിലും കടന്നുപോകുന്നത്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ഇരുചക്രവാഹനങ്ങളും കാൽനടയാത്രികരും ഏറെ കഷ്ടപ്പെടുകയാണിപ്പോൾ. ചെറുതോണി ടൗണിലെത്താതെ മറ്റുപ്രദേശങ്ങലിലേക്ക് സഞ്ചരിക്കാവുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞറോഡാണ് അധികൃതരുടെ അവഗണയിൽ തകർന്നിരിക്കുന്നത്. ചെറുതോണി ടൗണിൽ ഗതാഗത തടസമുണ്ടാകുമ്പോഴും ടൗണിലെത്താതെയും മറ്റ് പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാവുന്ന സമാന്തരപാതയായാണ് ബജറ്റിലും അല്ലാതെയും ഫണ്ട് പ്രഖ്യാപിച്ചത്. ചെറുതോണി ടൗണിന് സമീപം തയേറ്റർ പടിക്കൽ നിന്നും പൈനാവ്-താന്നിക്കണ്ടം-മുളകുവള്ളി സംസ്ഥാനപാതയിലേക്ക് കടക്കാനുള്ള എളുപ്പമാർഗ്ഗമാണീ റോഡ്. തെരഞ്ഞെടുപ്പിന് പ്രചരണമാർഗ്ഗം മാത്രമാക്കാതെ അടിയന്തിരമായി റോഡ് പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.