കണ്ണൂർ: സംസ്ഥാന കായിക മേളയിൽ ട്രിപ്പൾ സ്വർണ തിളക്കത്തോടെ എസ്.അക്ഷയ്.ഇന്നലെ നടന്ന ജൂനിയർ വിഭാഗം 800 മീറ്ററിൽ കൂടി സ്വർണം സ്വന്തമാക്കിയതോടെയാണ് അക്ഷയ്യുടെ മെഡൽ പട്ടികയിൽ മൂന്നാമത്തെ സ്വർണവും ഇടം പിടിച്ചത്. പാലക്കാട് ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ അജയ് കെ.വിശ്വന്ത് 1 :57: 28 ൽ രണ്ടാം സ്ഥാനവും ,കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിലെ എൻ.വി.അശ്വന്ത് വിജയൻ 1 :58 :65 ൽ മൂന്നാം സ്ഥാനവും നേടി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന 400 മീറ്ററും 400 മീറ്റർ ഹർഡിൽസുമാണ് അക്ഷയ്യുടെ മറ്റ് രണ്ട് സ്വർണ്ണ നേട്ടങ്ങൾ. തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.കഴിഞ്ഞ വർഷമാണ് ആദ്യമായ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് പരിശീലനം .സർക്കാരിന്റെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും സ്കൂളിലെ കായിക വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലേക്ക് പരിശീലനത്തിന് പോകാനായി കായിക യുവജന കാര്യാലയത്തിന്റെ വക ബസ് സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ടെന്നും സത്യൻ പറഞ്ഞു. ബാലുശ്ശേരിയിലെ ശൈലേഷിന്റെയും സിന്ധുവിന്റെയും മൂത്ത മകനാണ് അക്ഷയ്.