കണ്ണൂർ: ആറു വിഭാഗങ്ങളിലായി നടന്ന ഇരുന്നൂറ് മീറ്റർ ഓട്ട മത്സരങ്ങളിൽ മുന്നിലെത്തിയവരിൽ പലരും താരങ്ങളിൽ താരങ്ങളാണ്. ജൂനിയർ ഗേൾസിൽ എസ്.എം.വി സ്കൂൾ പൂഞ്ഞാറിലെ സാന്ദ്ര ബാബുവാണ് വിജയി. 25.58 സെക്കൻഡിലാണ് നേട്ടം. സായ് കൊല്ലത്തിലെ നയന ജോസ് രണ്ടാമതെത്തിയപ്പോൾ പുല്ലൂരാംപാറ സെന്റ് ജോസഫിലെ സനിയ ട്രീസ തോമസ് മുന്നാമതായി. നൂറ് മീറ്ററിൽ ഒന്നാം സ്ഥാനവും 400 മീറ്ററിൽ മൂന്നാമതും ആയാണ് 200 മീറ്ററിൽ കുതിച്ചത്.
ജൂനിയർ ബോയ്സിൽ സി.എഫ്.ഡി മാത്തൂർ പാലക്കാടിന്റെ കെ. അഭിജിത് 22.66 സെക്കൻഡിൽ ലക്ഷ്യം കണ്ടു. 400 മീറ്ററിലും ഒന്നാമനായിരുന്നു. മലപ്പുറം 22.94 സെക്കൻഡിൽ രണ്ടാമതും 23.03 സെക്കൻ ഡോടെ പാലക്കാട് മൂന്നാമതുമായി.
സീനിയർ ബോയ്സിൽ തിരുവനന്തപുരത്തിന്റെ അഖിൽ ബാബുവാണ് 22.46 സെക്കൻഡിൽ ഒന്നാമതായത്. സബ് ജൂനിയർ ഗേൾസിൽ 26.75 സെക്കൻഡ് കൊണ്ട് ശാരിക സുനിൽ കുമാർ ഒന്നാമതെത്തി. എ.എം.എച്ച്.എസ്.എസ് പൂവമ്പായിയിലെ വിദ്യാർത്ഥിനിയായ ശാരിക 600, 400 മീറ്ററുകളിലും തിളങ്ങിയിരുന്നു. പാലക്കാടിന്റെ ജി. താര 27.18 സെക്കൻഡിൽ രണ്ടാമതും കണ്ണുരിന്റെ നിവേദ്യ 27.63 സെക്കൻഡിൽ മൂന്നാമതുമെത്തി.
സീനിയർ ബോയ്സിൽ എം.കെ വിഷ്ണു 24.28 സെക്കൻഡിൽ ലക്ഷ്യം കണ്ടു. തിരുവനന്തപുരം അയ്യങ്കാളി സ്കൂൾ വിദ്യാർത്ഥിയും വയനാട് സുൽത്താൻ ബത്തേരി സ്വദേശിയുമാണ്. നാല് സഹോദരങ്ങളെയും മാതാപിതാക്കൾ ഉപേക്ഷിച്ച് പോവുകയായിരുന്നു. 400 മീറ്ററിൽ ഒന്നാമതും 100 മീറ്ററിൽ സെക്കൻഡുമുള്ള വിഷ്ണുവിന് ഉസൈൻ ബോൾട്ടിനെ പോലെയാകണം എന്നാണ് ആഗ്രഹം. 24.57 സെക്കൻ ഡോടെ രമേശ് രണ്ടാമതും 24.93 സെക്കൻഡിൽ നോറം ചിങ്കെ സിംഗ് മൂന്നാമനുമാണ്.