മൂംബയ്: ഭരണ പ്രതിസന്ധി രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കൊണ്ടാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായ എൻ.സി.പിയെ നെടുകെ പിളർത്തി ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയായിരുന്നു ബി.ജെ.പി പണി പറ്റിച്ചത്. എന്നാൽ ആ സർക്കാരിന് ദീർഘനാളത്തെ ആയുസുണ്ടാകില്ലെന്ന് ഇന്നത്തെ സുപ്രീം കോടതി വിധി പുറത്തുവന്നതോടെ മനസിലായി. എല്ലാം നേരത്തെ മുന്നിൽ കണ്ട് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനവും ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനവും രാജിവയ്ക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ഇതിന് പിന്നിൽ ശിവസേനയുടെ ശക്തിയും ശരത് പവാറിന്റെ ബുദ്ധിയും ഒരുപോലെ പ്രവർത്തിച്ചു എന്നുവേണം അനുമാനിക്കാൻ.
അജിത് പവാറിനോടൊപ്പം പത്തോളം എം.എൽ.എമാരാണ് ബി.ജെ.പി പാളയത്തിലേക്ക് പോയത്. ഈ സമയം ശക്തമായി പിടിമുറുക്കിയ ശരത് പവാറിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഒരു വനിത നേതാവ് കൂടിയുണ്ടായിരുന്നു. സോണിയ ധൂഹൻ എന്ന് 28കാരി. ഗുഡ്ഗാവിലേക്ക് മാറ്റിയ നാല് എം.എൽ.എമാരെ ഏറ്റവും ഒടുവിലായി എൻ.സി.പി ക്യാമ്പിലേക്ക് തിരികെ എത്തിക്കുന്നതിലും മുന്നിൽ നിന്നതും സോണിയയാണ്. എൻ.സി.പിയുടെ വിദ്യാർത്ഥി സംഘടനയുടെ ദേശീയ നേതാവാണ് സോണിയ ധൂഹൻ.
അജിത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നാല് എൻ.സി.പി എം.എൽഎമാർ അപ്രത്യക്ഷരായത്. തങ്ങളെ നിർബന്ധിച്ച് തടവിലിട്ടിരിക്കുകയാണ് എന്ന് എം.എൽ.എമാരിൽഒരാൾ ശരദ് പവാറിന് മെസ്സേജ് അയച്ചതോടെയാണ് സോണിയയുടെ നേതൃത്വത്തിലുളള രക്ഷാ പ്രവർത്തനങ്ങളുടെ തുടക്കം. തുടർന്ന് സോണിയയും കൂട്ടരും അതേ ഹോട്ടലിൽ മുറിയെടുക്കുകയും അവരെ പുറത്ത് കടത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. 100 പേരുളള രണ്ട് സംഘങ്ങളായി പിരിഞ്ഞായിരുന്നു സോണിയയുടേയും കൂട്ടരുടേയും പ്രവർത്തനം. കാവൽ നിന്നവർ പുറത്ത് പോയ സമയത്ത് സോണിയും കൂട്ടരും സിർവാൾ ഒഴികെയുളള എം.എൽ.എമാരെ ഹോട്ടലിന് പുറത്തേക്ക് എത്തിച്ച് വിമാനത്തില്‍ കയറ്റി മുംബയിൽ തിരിച്ചെത്തിച്ചു.
ഏറെ സമയം വൈകിയാണ് രോഗിയായ സിർവാളിനെ പുറത്തെത്തിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ഹോട്ടലിൽ നിന്ന് പുറത്തേക്ക് കടത്തിയെതെന്ന് എൻ.സി.പി യുവജന വിഭാഗം നേതാവ് ധീരജ് ശർമ പറയുന്നു. പ്രവർത്തകരിൽ ചിലർ കാവൽക്കാരോട് പ്രശ്നമുണ്ടാക്കി ശ്രദ്ധ തിരിക്കുമ്പോൾ മറ്റുളളവർ ഹോട്ടൽ ജീവനക്കാർക്കുളള വഴിയിലൂടെ എം.എൽ.എയെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയതാണ് എന്നും ദില്ലിയിൽ എത്തിയപ്പോള്‍ പോലീസുകാരും ബി.ജെ.പിക്കാരും അടക്കം 200ഓളം പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും എൻ.സി.പി എം.എൽ.എ അനില്‍ പാട്ടീൽ വെളിപ്പെടുത്തി