പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ കടമുറിക്ക് സമീപം കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ദീപ(40) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഉമർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.
ഇന്ന് രാവിലെയാണ് കടമുറിയോട് ചേർന്ന് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി സ്ത്രീയാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം ദീപയുടേതാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ ശരീരമാസകലം തൂമ്പകൊണ്ട് വെട്ടേറ്റതിന്റെ പാടുകളുണ്ട്.
കൊല്ലപ്പെട്ട യുവതി ഉമറിന്റെ കൂടെ പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിനടുത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. തുടർന്ന് ഇയാൾ തൂമ്പകൊണ്ട് ദീപയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി അത് തല്ലിത്തകർത്തു.സമീപത്തെ ഹോട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.