അക്കിത്തത്തിന് ഒടുവിൽ ജ്ഞാനപീഠം ലഭിച്ചു. ആ പുരസ്കാരത്തിന് ഇതുവരെയുളള അസ്കിത മാറി. കാരണം കിട്ടേണ്ടയാൾക്ക് കിട്ടി. ഇനി പറയുന്ന കാര്യങ്ങൾ അക്കിത്തത്തിന് പദ്മശ്രീ ലഭിച്ച വേളയിൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്-
കവിതയുടെ ആഴംകൊണ്ടും വൈവിദ്ധ്യംകൊണ്ടും ഏറ്റവും മുതിർന്ന കവിയെന്ന നിലയിലും വളരെ നേരത്ത ലഭിക്കേണ്ടിയിരുന്നത് ജ്ഞാനപീഠമല്ലേ.?
എന്നെപ്പറ്റിയുളള കാര്യത്തിൽ ഞാനെന്തു അഭിപ്രായം പറയാൻ. ഞാൻ പറയുന്നതിൽ അർത്ഥമില്ലല്ലോ.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിലെ വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം എന്ന വരികൾ ഇക്കാലമത്രയും ഏറെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അങ്ങയുടെ കാഴ്ചപ്പാടിൽ എന്താണതിന്റെ പൊരുൾ?
കേട്ടാൽതന്നെ മനസിലാകുമല്ലോ. വെളിച്ചം ദുഃഖമാണെന്ന് പറഞ്ഞാൽ അറിവ് കൂടുന്തോറും കൂടുതൽ ദുഃഖമുണ്ടാവുമെന്നാണ്. അറിവില്ലെങ്കിൽ മരത്തിന്റെ അവസ്ഥയല്ലേ. മരത്തിന് ആത്മാംശമില്ലല്ലോ. ആത്മാംശം വരുമ്പോഴാണ് അതിന്റെ കൂടെ ദുഃഖവുമുണ്ടാവുക. അറിവ് ഇല്ലെങ്കിൽ ഒന്നും തിരിച്ചറിയില്ല ഒരു ദുഃഖവുമില്ല. സത്യം മനസിലാകുന്നതിന്റെ വേദനയാണ് ആ തിരിച്ചറിവ്.
ജീവിതത്തിൽ യൗവ്വനാരംഭത്തിൽ താങ്കൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായിരുന്നു?
അതെ.
എന്നാൽ ഉറച്ച വേദപാരമ്പര്യമുളള കുടുംബത്തിൽ ജനിച്ചു വളർന്നയാളുമാണ്. ?
വേദത്തിൽത്തന്നെയുണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ചില മന്ത്രങ്ങളിലും അത് സ്പഷ്ടമാണ്. കമ്മ്യൂണിസ്റ്റ് ആശയെമെന്നാൽ എന്താണ്. ജനങ്ങളുടെ മുഴുവനും കൂടിയിട്ടുളള ഭരണമുണ്ടാവുക. എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണമുണ്ടാവുക. ഈ വക കാര്യങ്ങളൊക്കെ ഉയരത്തിലുള്ളതാണ്. ഉയരത്തിലുളള കാര്യങ്ങൾ തന്നെയാണ് വേദങ്ങളും പറയുന്നത്. നടപ്പിലാക്കുന്ന രീതിയിലുള്ള വ്യത്യാസം മാത്രം. എന്നുകണ്ട് ആ തത്വത്തോട് യോജിക്കാതിരിക്കാൻ പറ്റില്ലല്ലോ?
താങ്കൾ ആദ്യകാലത്തേ ഈശ്വര വിശ്വാസിയായിരുന്നോ?
ആദ്യകാലത്ത് വിശ്വാസത്തിൽ കുറവുണ്ടായിരുന്നു. പിന്നീടെല്ലാവർക്കും മനസിലാകും. ആകെ ഒരു ശക്തിയേയുളളുവെന്ന്. മെല്ലെ മെല്ലെ എല്ലാവർക്കും മനസിലാകും.
ഇ.എം.എസുമായി ഉറ്റബന്ധം പുലർത്തിയിരുന്നിട്ടും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് താങ്കൾ വളരെ വളരെ അകന്നുപോയി ?
അദ്ദേഹം തന്നെ എത്രത്തോളം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ മുഴുകിയിരുന്നു എന്ന കാര്യത്തിൽ സംശയമുള്ളയാളാണ് ഞാൻ. വടക്കേ മലബാറിലെ സമരത്തിന് അദ്ദേഹം പോയില്ല. ദക്ഷിണ കേരളത്തിലെ സമരത്തിനും പോയിരുന്നില്ല. അക്കാലത്ത് അദ്ദേഹം തൃശൂരിൽ യോഗക്ഷേമസഭയുടെ ഓഫീസിലിരുന്ന് പ്രവർത്തിക്കുകയായിരുന്നു. അതിനുവേണ്ടി നടക്കുകയായിരുന്നു. ഞാനുമുണ്ടായിരുന്നു കൂടെ. അത്യാവശ്യം ആവേശമുണ്ടായിരുന്നെങ്കിൽ വടക്കേമലബാറിലേക്ക്, കാവുമ്പായി, കരിവളളൂർ സമരത്തിലേക്കൊക്കെ പോകേണ്ടതായിരുന്നു പോയില്ല.
ഇ.എം.എസ് സമരരംഗത്തുണ്ടായിട്ടില്ലേ?
ഇല്ല.താത്വികമേഖലയിലെ ഉണ്ടായിരുന്നുള്ളൂ.
ഇ.എം.എസുമായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ടോ?
അഭിപ്രായങ്ങൾ പറയും.വർത്തമാനം പറയും. അതുകൊണ്ട് വിരോധമോ അഭിപ്രായ വ്യത്യാസമോ ഉണ്ടായിട്ടില്ല.അകൽച്ചയും ഉണ്ടായിട്ടില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് താങ്കൾ മാറിയപ്പോൾ ഒന്നും പറഞ്ഞില്ലേ?
ഇല്ല.
1954 ൽ 'ഇടിഞ്ഞു പൊളിഞ്ഞ ലോകം" എന്ന് ഒരു കവിതയ്ക്ക് താങ്കൾ ടൈറ്റിൽ നൽകി. അന്ന് ലോകം ഉത്തരാധുനികതയിലേക്ക് കുതിച്ചിരുന്നില്ല.എന്തുകൊണ്ടാണ് അന്നേ ആ ടൈറ്റിൽ നൽകിയത്?
എത്രയോ മുമ്പ് തന്നെ ഇടിഞ്ഞിങ്ങനെ പൊളിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ലോകം. വളരെ നേരത്തെ ലോകത്തിന്റെ അവസ്ഥ ദുർഗതിയിലേക്ക് പോവുകയായിരുന്നു.
മഹാഭാഗവതം വിവർത്തനം ചെയ്തപ്പോഴുള്ള അനുഭവം എങ്ങനെയായിരുന്നു?
എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മഹത്തായ ഗ്രന്ഥമാണത്. എന്നാൽ ആശയം മനസിലാക്കിയിട്ടല്ല ആളുകൾ അതിനെ ഫോളോ ചെയ്യുന്നത്. ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും ധാർമ്മിക ഗ്രന്ഥമാണതെന്നാണ് ഞാൻ വിചാരിക്കുന്നത്. അതുകൊണ്ടാണ് തർജ്ജമ ചെയ്തത്. ഒരുപാട് കാലം മെനക്കെട്ടു. ഒരുപാടിരുന്നു വായിച്ചു. രാമായണവും ഭാരതവുമൊക്കെ വ്യക്തികൾക്ക് എഴുതാവുന്ന കൃതികളാണ്. ഇത് അതിനപ്പുറമുളളകൃതിയാണ്. ആരാണ് എഴുതിയതെന്ന് വശമില്ല. മഹത്വം മനസിലാക്കിയിട്ടാണ് തർജ്ജമ ചെയ്യണമെന്ന് തോന്നിയത്. പൂർത്തിയാക്കിയത് വലിയ വിജയമാണ്. ഭാഗ്യമാണെന്ന് കരുതുന്നു.
ഇന്നത്തെ മലയാള കവിത?
ഞാനൊന്നും പറയില്ല. അർത്ഥവും വൃത്തവും ഇല്ലെങ്കിൽ കവിതയില്ല. അല്ലാത്തതൊന്നും നിലനിൽക്കില്ല. അനുവാചകന്റെ ഹൃദയത്തിൽ നിലനിൽക്കില്ല. അർത്ഥവും വൃത്തവുമുള്ളതിനെ ശാശ്വത നിലനിൽപ്പുള്ളൂ.
എന്റെ കവിതയെഴുതുന്നത് എന്നിലുളള മറ്റൊരാളാണെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്?
അതെ. എന്നിലുള്ള ദൈവമാണ് എന്നർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത് . എല്ലാ ആളുകളിലും ദൈവമുണ്ട്. ആ സ്വാധീനമാണ് എഴുത്ത്.
എപ്പോഴാണ് കവിയാണെന്ന തോന്നലുണ്ടായത് ?
എട്ടു വയസുള്ളപ്പോൾ അമ്പലത്തിന്റെ ചുവരിലെഴുതിയപ്പോഴാണ് അങ്ങനെ തോന്നിയത്. എന്റെ സുഹൃത്ത് അത് കവിതയാണെന്ന് പറഞ്ഞപ്പോൾ പരിശ്രമിച്ചുനോക്കാമെന്ന് കരുതി. പിന്നീട് ഇടശേരിയിൽ നിന്നാണ് ഏറ്റവും പ്രോത്സാഹനം ലഭിച്ചത്. ഉണ്ണിക്കൃഷ്ണൻ എന്നൊരു ട്യൂഷൻ മാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം തിരുത്തിത്തന്നിരുന്നു." ഇയാൾ ഒന്നാന്തരം കവിയാണ്. രചനാ വൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് ശരിയാക്കാമെന്നും ഇടശേരിയാണ് പറഞ്ഞത്. ഞാനന്ന് ഹൈസ്കൂളിൽ പഠിക്കുകയാണ്. ഇടശേരി വലിയ വെളിച്ചമായിരുന്നു. എന്റെ മാതൃകാ കവി ഇടശേരിയാണ്.
എന്താണ് ആനന്ദം?
കവിതയെഴുതുകയെന്നതാണ് ഏറ്റവും വലിയ അനുഭവവും ആനന്ദവും. കവിതയെഴുതിത്തുടങ്ങിഅവസാനിക്കുന്നതുവരെ ഊണില്ല ഉറക്കമില്ല. എഴുതിത്തീരുന്നതു വരെയുള്ളഅനുഭൂതിയാണ് ഏറ്റവും വലിയ ആനന്ദം.