തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായ കേരള സർവകലാശാലയെ അനാവശ്യ വിവാദങ്ങളുയർത്തി അപകീർത്തിപ്പെടുത്തരുതെന്ന് വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗം അഭ്യർത്ഥിച്ചു. മോഡറേഷൻ മാർക്ക് സംബന്ധിച്ച് ഉയർന്നുവന്ന പ്രശ്നങ്ങളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടില്ല. 2016 മാർച്ചിൽ തയാറാക്കിയ സോഫ്ട്വെയർ പ്രോഗ്രാമിലുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. ഇതു സംബന്ധിച്ച അന്വേഷണ നടപടികൾ തുടരുകയാണ്. ജനസേവനകേന്ദ്രം വഴി ഫീസടച്ചപ്പോഴുണ്ടായ പാകപ്പിഴയും സോഫ്ട്വെയർ അപാകതയാലാണ് സംഭവിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സോഫ്ട്വെയർ പ്രോഗ്രാം നടപ്പിലാക്കിയ കാലത്തെ ചുമതലക്കാർ പോലും അപവാദ പ്രചരണവുമായി മുന്നിട്ട് നിൽക്കുന്നതിൽ ചർച്ച ഉത്കണ്ഠ രേഖപ്പെടുത്തി.
സെനറ്റ് അംഗം ഡോ.സാം സോളമൻ പ്രമേയം അവതരിപ്പിച്ചു. ചർച്ചയിൽ ഡോ.കെ.എസ് അനിൽകുമാർ, വൈ.ഓസ്ബോൺ, ഡോ.കെ.ആർ. കവിത, ഡോ.എ. എബ്രഹാം, സിബി സി. ബാബു, ഡോ.എസ്. അജയകുമാർ,.രാഹുൽ ആർ, റിയാസ് എ.ആർ, സിജിത്ത് എസ്, ഡോ.രാജേന്ദ്രൻ, ഡോ.എൻ.പി. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. പ്രോ- വൈസ് ചാൻസലർ ഡോ.പി.പി അജയകുമാർ മറുപടി നൽകി.