തൃക്കാക്കര: തൃക്കാക്കര തോപ്പിൽ ആയില്യംകാവിലെ നാഗരാജ ദേവസ്ഥാനത്തുള്ള മരങ്ങൾ അയൽവാസി ആസിഡ് ഒഴിച്ച് നശിപ്പിച്ചതായുള്ള ട്രസ്റ്റി വിശ്വം നൽകിയ പരാതിയിൽ ഉടനടി അന്വേഷിച്ച് കേസ് റജിസ്റ്റർ ചെയ്യാൻ എഡിഎം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർക്ക് ഉത്തരവ് നൽകിയെങ്കിലും പ്രാഥമികാന്വേഷണം പോലും പൊലീസ് നടത്തിയിട്ടില്ല. ആയില്യംകാവ് ട്രസ്റ്റി നൽകിയ പരാതി പ്രകാരം എറണാകുളം സോഷ്യൽ ഫോറസ്റ്റ് ട്രീ അസിസ്റ്റന്റ് കൺസർവേറ്റർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ കാവിന് ആയിരം വർഷത്തെ പഴക്കമുണ്ടെന്നും ഇവിടെ വളർന്നു നിൽക്കുന്ന മരങ്ങൾ അയൽവാസിയായ ജോസഫ് ആസിഡ് സ്പ്രേ ചെയ്തു നശിപ്പിച്ചതാണെന്നും കണ്ടെത്തിയിരുന്നു.
പരാതി സംബന്ധിച്ചു മൊഴി നൽകുവാൻ പ്രതിയായ ജോസഫിനോടു ഫോറസ്റ്റ് അധികാരികൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒഴിഞ്ഞുമാറിക്കളിക്കുകയാണ്. രണ്ടു വർഷം മുമ്പ് ഹിന്ദു ഐക്യവേദി നൽകിയ ഇതേ പരാതിയിൽ കളമശേരി സർക്കിൾ ഇൻസ്പെക്ടർ അന്വേഷിച്ചു ഇയാളെ താക്കീത് ചെയ്തു വിട്ടയച്ചതാണ്.
എഡിമ്മിന്റെ ഉത്തരവും ഫലംകണ്ടില്ല
നടപടിയെടുക്കാതെ പൊലീസ്
കാവ് സംരക്ഷിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ പൊലീസ് ഒഴിഞ്ഞു മാറുന്നു.
കാവ് സംരക്ഷണത്തിന് സർക്കാരിൽ നിന്ന് 10,000 രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. കാവിലുള്ള മരങ്ങൾ പ്രതി നശിപ്പിച്ചിട്ടുള്ളതായി ജില്ലാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിയോടൊപ്പം ജില്ലാ കലക്ടർക്കും പൊലീസ് അധികാരികൾക്കും നൽകി ഒരു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല.