SignIn
Kerala Kaumudi Online
Sunday, 05 July 2020 7.30 PM IST

ലൈറ്റ് ബോയ്‌ വരെ സംവിധായകനെ കളിയാക്കുന്ന രീതിയിലെത്തി, മാമാങ്കത്തിൽ സംഭവിച്ചത്? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകന്റെ കുറിപ്പ്

mamankam

ചിത്രീകരണത്തിന്റെ തുടക്കം മുതൽ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ ആദ്യ സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കിയതത് മുതൽ ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ സംഭവിച്ച് കാര്യങ്ങൾ വിശദമാക്കി ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജര്‍ ഗോപകുമാർ ജി.കെ. രംഗത്തെത്തിയിരക്കുകയാണ്. മാമാങ്കത്തിൽ സംഭവിച്ചതെന്താണെന്നും ആരാണ് ചിത്രത്തിൽ വഞ്ചിക്കപ്പെട്ടതെന്നും ഗോപകുമാർ ഫേസ്ബുക്കിൽ കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മാമാങ്കത്തില്‍ സംഭവിച്ചതെന്താണ്? നിങ്ങളറിയണം സത്യം..

മുന്‍പ് മാമാങ്കം പ്രതിസന്ധിയിലായപ്പോളും സിനിമയുമായി ബന്ധപ്പെട്ട് പല വ്യാജ വാര്‍ത്തകളും ആരോപണങ്ങളും ഉയര്‍ന്നപ്പോളും ഒരു തുറന്നു പറച്ചിലിന് പല തവണ മുതിര്‍ന്നതാണ്, എന്നാല്‍ പക്വത കാണിക്കണമെന്നും പരസ്യമായി വഴക്കിനു പോകരുതെന്നും നിയമമുണ്ടെന്നും പറഞ്ഞ് പ്രൊഡ്യൂസറാണ് എന്നെ വിലക്കിയത്.

ഒരു നിറം പിടിപ്പിച്ച കള്ളത്തിന് കിട്ടുന്ന സ്വീകാര്യതയും പരിവേഷവും, വൈകാരിക തലങ്ങളും ഇവിടെ പലപ്പോളും സത്യത്തിന് ലഭിക്കാറില്ല. പക്ഷെ ആത്യന്തികമായി സത്യമേ ജയിക്കൂ, അതേ നിലനില്‍ക്കുകയുള്ളൂ. കോടതി തള്ളിക്കളഞ്ഞ സജീവ്‌ പിള്ളയുടെ കള്ളങ്ങള്‍ അറിയാത്ത ചുരുക്കം ചിലരാണ് ഇപ്പോഴും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്, അതവരുടെ കുറ്റമേയല്ല, കാരണം സത്യം എന്താണെന്ന് അവര്‍ക്കറിയില്ല.

സജീവ്‌ പിള്ള ആദ്യമായി പ്രൊഡ്യൂസര്‍ വേണു കുന്നപ്പിള്ളിയെ കാണാന്‍ വരുന്ന ദിവസം മുതല്‍ മാമാങ്കത്തിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. അന്നുമുതല്‍ സജീവ്‌ പിള്ളയ്ക്കും മാമാങ്കത്തിനും ഒപ്പം നടന്ന എന്നെക്കാള്‍ നന്നായി മറ്റൊരാള്‍ക്ക് ആ സത്യങ്ങള്‍ പറയാനും കഴിയില്ലായിരിക്കും.

നിങ്ങളുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ കാണുമായിരിക്കും, മാമാങ്കത്തില്‍ ആരാണ് വഞ്ചിക്കപ്പെട്ടത്? സജീവ്‌ പിള്ള ഗംഭീരമായി ഷൂട്ട്‌ ചെയ്തെങ്കില്‍ അതില്‍ ഏറ്റവും സന്തോഷിക്കേണ്ടത് 13 കോടി മുടക്കിയ പ്രൊഡ്യൂസര്‍ അല്ലേ? പിന്നീട് എന്തുകൊണ്ട് സംവിധായകനെ മാറ്റി? ഒരു നടനെയും മറ്റു ചില ടെക്നിക്കല്‍ സ്റ്റാഫിനെയും എന്തിനു മാറ്റി? സജീവ്‌ പിള്ളയ്ക്ക് അയാള്‍ പറയുന്നത് പോലെ പ്രൊഡ്യൂസര്‍ പണം കൊടുക്കാതിരുന്നോ? ആരാണ് ആദ്യം പരാതിയുമായി അസോസിയേഷനെ സമീപിച്ചത്? ആരാണ് ആദ്യം കേസ് കൊടുത്തത്? സജീവ്‌ പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം തന്നെയാണോ? സജീവ്‌ പിള്ള ഷൂട്ട്‌ ചെയ്ത ഫുട്ടെജിന്‍റെ നിലവാരം പരിശോധിച്ച സിനിമാ സംഘടനകള്‍ പറഞ്ഞതെന്ത്? സജീവ്‌ പിള്ളയുടെ രണ്ടാം ഷെഡ്യൂളിന്‍റെ തുടക്കത്തില്‍ തന്നെ ആര്‍ട്ടിസ്റ്റുകളും ടെക്നിക്കല്‍ സ്റ്റാഫും സംവിധായകന് പണിയറിയില്ല എന്ന്‍ പ്രൊഡക്ഷനോട്‌ പരാതി പറഞ്ഞത് വാസ്തവമാണോ? പതിമൂന്ന്‍ കോടി ചിലവാക്കി സജീവ്‌ പിള്ള ഷൂട്ട്‌ ചെയ്ത വിഷ്വല്‍സ് എന്ത് കൊണ്ട് സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നു??

വിശദമാക്കാം..


ആദ്യ ദിവസം ഞങ്ങള്‍ കഥ കേള്‍ക്കാനിരിക്കുമ്പോള്‍ പതിനെട്ടു വര്‍ഷമെടുത്ത് തയ്യാറാക്കി എന്നവകാശപ്പെട്ട സജീവ്‌ പിള്ളയുടെ സ്ക്രിപ്റ്റ് ഒരു രണ്ടര മണിക്കൂര്‍ ഷൂട്ടിംഗ് സ്ക്രിപ്റ്റെ ആയിരുന്നില്ല. ഷൂട്ട്‌ ചെയ്‌താല്‍ ഏതാണ്ട് അഞ്ചു മണിക്കൂറോളം വരുമായിരുന്ന നോവല്‍ രൂപത്തിലുള്ള ആ കഥയില്‍ അര മണിക്കൂറോളം കഥ നടക്കുന്നത് യൂറോപ്പില്‍ ആയിരുന്നു (തമാശയല്ല സത്യമാണ്).


കഥ കേട്ട പ്രൊഡ്യൂസര്‍ ആദ്യം പറഞ്ഞത് പോരായ്മകള്‍ പരിഹരിച്ച് ഷൂട്ടിംഗ് സ്ക്രിപ്റ്റ് ആക്കാനും ഇതൊരു വലിയ ബട്ജറ്റ് പിരിയഡ് സിനിമയായതിനാല്‍ പുതിയൊരാളെ വച്ചു പരീക്ഷണം നടത്താന്‍ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു. എന്നാല്‍ പറയും പോലെ ചെയ്യാമെന്നും പ്രൂവ് ചെയ്യാന്‍ ഒരവസരം തരണമെന്നും മേക്കിംഗ് നിലവാരമില്ലെങ്കില്‍ പ്രൊഡ്യൂസറും ഡയറക്ടറും തമ്മിലുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മറ്റൊരാളെ കൊണ്ട് സംവിധാനം ചെയ്യിക്കാന്‍ സമ്മതമാണെന്നും പറഞ്ഞ് കരാര്‍ ഒപ്പിട്ട് അഡ്വാന്‍സ് വാങ്ങുകയാണ് അദ്ദേഹം ചെയ്തത്. അന്ന് ആ എഗ്രിമെന്റില്‍ സജീവ്‌ പിള്ളയ്ക്കൊപ്പം ഇരുന്ന്‍, വായിച്ച് സാക്ഷി ഒപ്പിട്ട ഒരാള്‍ ഞാന്‍ ആയിരുന്നു.

മംഗലാപുരത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ട്‌ തുടങ്ങുമ്പോള്‍ ബജറ്റ് നോക്കാതെ സംവിധായകന്‍ ചോദിച്ചതെല്ലാം ഒന്നുപോലും വിടാതെ അനുവദിച്ചു കൊടുത്തയാളാണ് പ്രൊഡ്യൂസര്‍. സംവിധായകന്‍റെ പരിചയമില്ലായ്മ കൊണ്ടും പിടിവാശി കൊണ്ടും മാത്രം ഏതാണ്ട് അഞ്ചു കോടിയോളം രൂപയാണ് ആ പത്തു ദിവസത്തെ ഷെഡ്യൂളില്‍ ചിലവായത്. അതിന്‍റെ എഡിറ്റിനായി ചെന്നൈയില്‍ പോയപ്പോളാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്..

ആദ്യ ഷെഡ്യൂള്‍ ഷൂട്ട്‌ ചെയ്ത 32 മിനിറ്റിന്‍റെ കാര്യം പരിതാപകരമായിരുന്നു. ഇവിടെ വച്ചു നിര്‍ത്തിയാല്‍ ബാക്കി തുക നഷ്ടം വരാതെ നോക്കാമെന്നുള്ള എഡിറ്ററുടെ കമന്റ് കേട്ട് ഒരുവാക്ക് പോലും മിണ്ടാതെ വിഷമിച്ചിരുന്ന വേണു കുന്നപ്പിള്ളിയെന്ന പ്രൊഡ്യൂസറുടെ മുഖം എനിക്കിന്നും ഓര്‍മ്മയുണ്ട്.
എഗ്രിമെന്റ് വ്യവസ്ഥകള്‍ ഒന്നും നോക്കാതെ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ സജീവ്‌ പിള്ളയ്ക്ക് ചോദിച്ച തുക കൊടുത്ത, അയാളെ പൂര്‍ണ്ണമായും വിശ്വസിച്ച വേണു സാറിന്‍റെ മുഖമേ എനിക്ക് ഓര്‍മ്മയുള്ളൂ.


എന്നാല്‍ സജീവ്‌ പിള്ളയുടെ വാദം മറ്റൊന്നായിരുന്നു. തന്‍റെ കുഴപ്പം കൊണ്ടല്ല ഇതൊക്കെ സംഭവിച്ചത് എന്നും, ഒപ്പമുള്ള ഡയറക്ഷന്‍ ടീമിന്‍റെ കഴിവ് കുറവ് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും മറ്റൊരു ടീമിനെ വച്ച് രണ്ടാം ഷെഡ്യൂള്‍ കുഴപ്പങ്ങള്‍ ഇല്ലാതെ ചെയ്യാമെന്നും പ്രൊഡക്ഷനെ അയാള്‍ വിശ്വസിപ്പിച്ചു. എന്നാല്‍ അതിനു മുന്‍പ് തന്നെ ഈ സംവിധായകനൊപ്പം ഇനി മുതല്‍ ജോലി ചെയ്യാനാവില്ല എന്ന് ഡയറക്ഷന്‍ ടീം അംഗങ്ങളും വ്യക്തമാക്കിയിരുന്നു.

അങ്ങനെ പുതിയ ടീമുമായി മുപ്പത് ദിവസത്തെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു, സംവിധായകന്‍റെ പല കാര്യങ്ങളിലുമുള്ള ക്ലാരിറ്റി കുറവ് കൊണ്ട് നിത്യേന പ്രശ്നങ്ങളായി, ആര്‍ട്ടിസ്റ്റുകള്‍, ടെക്നിക്കല്‍ സ്റ്റാഫ്, ലൈറ്റ് ബോയ്‌ വരെ സംവിധായകനെ കളിയാക്കുന്ന ലെവലിലേക്ക് കാര്യങ്ങള്‍ നീങ്ങി. വീണ്ടും ചിലവായത് എട്ടു കോടിയോളം രൂപ..

കാര്യങ്ങള്‍ കൈവിട്ട അവസ്ഥയില്‍ പ്രൊഡ്യൂസര്‍ ഇടപെട്ട് ഇരുപത്തിയാറാം ദിവസം ഷെഡ്യൂള്‍ അവസാനിക്കും മുന്‍പ് ഷൂട്ടിംഗ് നിര്‍ത്തി വയ്പ്പിക്കുകയാണ് സത്യത്തില്‍ ഉണ്ടായത്.


വീണ്ടും ഞങ്ങള്‍ ചെന്നൈക്ക്.. ഈ സിനിമയില്‍ വര്‍ക്ക് ചെയ്ത് പേര് കളയാന്‍ താല്‍പര്യമില്ലെന്ന രീതിയിലുള്ള എഡിറ്ററുടെ സംസാരത്തിന് ഞാനും സാക്ഷിയാണ്. ഈയവസരത്തില്‍ സജീവ്‌ പിള്ളയ്ക്ക് പ്രതിഫലമായി തിരക്കഥയുടെ വിലയുള്‍പ്പെടെ ചോദിച്ച 23 ലക്ഷം കൂടാതെ ഏതാണ്ടൊരു മൂന്ന്‍ ലക്ഷത്തോളം രൂപ മറ്റു ചിലവുകള്‍ക്കായും നല്‍കിയിരുന്നു. ഞാന്‍ സാക്ഷിയാണ്, ഇത് കൂടാതെ ഞാനടക്കം ചിലരില്‍ നിന്നും അദ്ദേഹം പലപ്പോളായി പല ആവശ്യങ്ങള്‍ പറഞ്ഞ് പണം വാങ്ങിയിരുന്നു. കോടതിയില്‍ പണം കിട്ടിയില്ലെന്ന പച്ചക്കള്ളം പണം കൊടുത്ത തെളിവുകള്‍ നിരത്തിയപ്പോള്‍ പൊളിഞ്ഞതുമാണ്.

അങ്ങനെ സിനിമ പ്രതിസന്ധിയിലായി, ചര്‍ച്ചകള്‍ നടന്നു.. സജീവ്‌ പിള്ളയെ മാറ്റാന്‍ അപ്പോളും പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടില്ല, ഈ സിനിമ നടന്നു കാണണമെന്നുള്ളത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഒരു ക്രിയേറ്റീവ് ഡയറക്ടര്‍ വരും, തീരുമാനങ്ങള്‍ ചേര്‍ന്നെടുക്കണം, സംവിധായകന്‍ സജീവ്‌ പിള്ള തന്നെ.
എന്നാല്‍ പിടിവാശിക്കാരനായ സജീവ്‌ പിള്ള യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചില്ല, അദ്ദേഹം സിനിമാ സംഘടനകള്‍ക്ക് പരാതി കൊടുത്തു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. സിനിമ ഉപേക്ഷിക്കാന്‍ പലരും ഉപദേശിച്ചു.

തുടക്കത്തില്‍ നിര്‍മ്മാണ കമ്പനിയെ പ്രതി സ്ഥാനത്ത് നിര്‍ത്തിയ സംഘടനകള്‍ പക്ഷെ സജീവ്‌ പിള്ള ഷൂട്ട്‌ ചെയ്ത ഫുട്ടേജ് കണ്ടപ്പോള്‍ നിര്‍മ്മാതാവിനൊപ്പം നിന്നു. കമ്പനിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഒരു എക്സിക്യുട്ടീവ്‌ ഡയറക്ടറെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംവിധായകനെ ഉപദേശിച്ചു, എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ തയ്യാറാക്കിയ ആ പുതിയ കരാര്‍ സംവിധായകനും ഒപ്പുവച്ചു.

അസോസിയേഷന്‍ എം.പത്മകുമാറിനെ നിര്‍ദേശിച്ചു, എന്നാല്‍ പപ്പേട്ടന്‍ തുടക്കത്തില്‍ സമ്മതിക്കാതിരിക്കുകയാണ് ഉണ്ടായത്. ഒടുവില്‍ നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിക്കുമ്പോളും സംവിധാനം സജീവ്‌ പിള്ള തന്നെ. അങ്ങനെ ഷൂട്ട്‌ ഡേറ്റ് തീരുമാനിച്ചു. എല്ലാം തയ്യാറെടുപ്പുകളും ആയപ്പോള്‍ എല്ലാവരെയും വഞ്ചിച്ചു കൊണ്ട് സജീവ്‌ പിള്ള വീണ്ടും കാലുമാറി.
ഒരു കൂട്ടം ആളുകളെയും അസോസിയേഷനുകളെയും ഒരു കൊല്ലത്തോളം ഇതിന്റെ പിന്നില്‍ ജീവിതം കളഞ്ഞവരെയും വിഡ്ഢികളാക്കി അയാള്‍ ഈ സിനിമ ഒരിക്കലും നടക്കാതിരിക്കാനും തടയാനും കോടതിയെ സമീപിച്ചു.

പിന്നീട് നിയമത്തിന്‍റെ വഴികള്‍. സജീവ്‌ പിള്ളയുടെ കള്ളങ്ങള്‍ ഓരോന്നായി കോടതിയില്‍ പൊളിഞ്ഞു. കഷ്ടപ്പെട്ട് സമ്പാദിച്ച പതിമൂന്ന്‍ കോടി നഷ്ടപ്പെട്ട്, ഒരു വലിയ സമയവും അദ്ധ്വാനങ്ങളും വെറുതെയാക്കി, മാനസിക വിഷമങ്ങള്‍ ഉണ്ടാക്കി, വഞ്ചിക്കപ്പെട്ട ഒരു നിര്‍മ്മാതാവിന്‍റെ മനസ്സ് കോടതി കണ്ടു, സത്യം ജയിച്ചു.

ധ്രുവനെ മാറ്റിയത്, എഗ്രിമെന്റ് കാലാവധി കഴിയും മുന്നേ അയാള്‍ക്ക് മറ്റൊരു ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നതുകൊണ്ടാണ്, ധ്രുവന് പരാതിയില്ല, കമ്പനിക്കും പരാതിയില്ല. അഞ്ചു മാസത്തോളം പ്രശ്നങ്ങളില്‍ പെട്ട് നിന്നുപോയ സിനിമയുടെ ടെക്നിക്കല്‍ സ്റ്റാഫ് പലരും മറ്റു ചിത്രങ്ങളില്‍ കമ്മിറ്റ് ചെയ്തിരുന്നു. അവരെ ഒഴിവാക്കിയതല്ല, എഗ്രിമെന്റ് സമയം അവസാനിച്ചതാണ്. അതിനാല്‍ വന്ന ഭീമമായ നഷ്ടവും കമ്പനി സഹിക്കേണ്ടി വന്നു എന്നതാണ് വാസ്തവം.

മറ്റൊരു സത്യം കൂടിയുണ്ട്, സജീവ്‌ പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം അല്ല, അത് “പെണ്‍കൊടി” ആണ്. അനവധി ഫെസ്റ്റിവലുകളില്‍ നിന്ന് ആ ചിത്രം തിരസ്ക്കരിക്കപ്പെട്ടു. എവിടെയും സ്വീകരിക്കപ്പെട്ടില്ല, അന്നത് കണ്ട ഡിസ്ട്രിബ്യൂട്ടെഴ്സില്‍ ചിലര്‍ പതിനഞ്ചു മിനിറ്റ് പോലും തികച്ച് കണ്ടിരിക്കാനാവാതെ സ്ഥലം കാലിയാക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് അറിയുന്നത്. അത് കണ്ടിരുന്നെങ്കില്‍ ഒരുപക്ഷെ വേണു സാറിന്‍റെ പതിമൂന്ന്‍ കോടിയും ഒരു വര്‍ഷത്തെ ദുരിതവും കഷ്ടനഷ്ടങ്ങളും ഒഴിവായിപ്പോയേനെ.

ആരാണിവിടെ വഞ്ചിക്കപ്പെട്ടത്?


ഒരു വശത്ത് കള്ളങ്ങള്‍ നിരത്തി തെറ്റിദ്ധരിപ്പിച്ച ഒരു സംവിധായകന്‍, ആദ്യം ചെയ്ത പെണ്‍കൊടിയെന്ന സിനിമ അദ്ദേഹം മറച്ചു വച്ചു. മാമാങ്കം രണ്ട് വര്‍ഷം കൊണ്ടെഴുതിയ കഥയെന്നാണ് ആദ്യം കാണുമ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്, തിരുനാവായയില്‍ ആര്‍ക്കും അറിയുന്ന ഒരു കഥ, മിക്കതും പഴയ ഉദയായുടെ മാമാങ്കത്തിലെ അതേ കഥാപാത്രങ്ങള്‍.. പിന്നീട് കോടതിയുടെ സഹതാപം പിടിച്ചു പറ്റാനും ആളുകളെ കയ്യിലെടുക്കാനും അത് പന്ത്രണ്ടും പതിനെട്ടും വര്‍ഷങ്ങളായി, ഒരു മനുഷ്യായുസ്സിന്‍റെ കാല്‍ ഭാഗം എടുത്തിട്ടും ഒരു ഷൂട്ടിംഗ് സ്ക്രിപ്റ്റ് അദ്ദേഹത്തിന് തയ്യാറാക്കാന്‍ കഴിയാതെ പോയെന്നത് മറ്റൊരു തമാശ.

ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ തുക പ്രതിഫലമായി സിനിമയുടെ തുടക്കത്തില്‍ തന്നെ വാങ്ങി പോക്കറ്റിലാക്കുകയും പിടിവാശിയും അറിവില്ലായ്മയും കാരണം ഒരു സിനിമയെ വളരെയധികം മോശമാക്കുകയും, രണ്ട് ഷെഡ്യൂളിലും സംഭവിച്ച കുഴപ്പങ്ങള്‍ ക്ഷമിച്ചു കൊണ്ട് നഷ്ട്ടപ്പെട്ട പതിമൂന്ന്‍ കോടിയും മറക്കാന്‍ തയ്യാറായി സംവിധായക സ്ഥാനത്ത് വീണ്ടും സജീവ്‌ പിള്ളയെ നിര്‍ത്തി ചിത്രം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച നിര്‍മ്മാതാവിനോട്‌ പലതവണ മോശമായി പെരുമാറുകയും തന്‍റെ വാശി ജയിക്കാന്‍ നിരവധി പേരുടെ ഭാവി തുലാസിലാക്കുകയും ഒടുവില്‍ കോടതി കയറ്റി ആ സിനിമയെ ഇല്ലായ്മ ചെയ്യാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്ത സജീവ്‌ പിള്ള..

മറു വശത്ത് ഒരു വ്യക്തിയെ വിശ്വസിച്ച് സിനിമയെടുക്കാനിറങ്ങി സമ്പാദ്യത്തില്‍ വലിയൊരു പങ്ക് അതിനായി വിനിയോഗിക്കുകയും ഷൂട്ട്‌ ചെയ്തതില്‍ ഒരു ഷോട്ട് പോലും ഉപയോഗിക്കാനാവാതെ പതിമൂന്ന്‍ കോടിയും, രണ്ട് സിനിമയെടുക്കാവുന്ന സമയവും നഷ്ട്ടപ്പെടുത്തി, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച്, തുടക്കം മുതല്‍ വീണ്ടും ഷൂട്ട്‌ ചെയ്യേണ്ടി വരികയും അതിനായി വന്‍ തുക വീണ്ടും മുടക്കേണ്ടി വരികയും കാര്യമറിയാത്ത ആളുകളുടെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരികയും കോടതി കയറേണ്ടി വരികയും ചെയ്ത ഒരു നിര്‍മ്മാതാവ്.. ഇത്രയധികം പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മാതാവ് സിനിമ പൂര്‍ത്തിയാക്കിയപ്പോള്‍ വീണ്ടും പ്രശ്നമുണ്ടാക്കുന്നതിന്‍റെ ഉദ്ദേശം പണം തട്ടല്‍ മാത്രമാണ്.

സിനിമയിലെന്നല്ല എവിടെയായാലും മനുഷ്യന്‍ നന്ദിയുള്ളവനായിരിക്കണം, ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത്, പിടിവാശി കൊണ്ട് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്. പണമുണ്ടാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഞാനീ എഴുതിയത് മുഴുവന്‍ സത്യവും മാമാങ്കത്തില്‍ ജോലി ചെയ്ത എല്ലാവര്ക്കും പകല്‍ പോലെ വ്യക്തവുമായ കാര്യങ്ങളാണ്..

ഗോപകുമാര്‍ ജികെ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAMANKAM, MAMANKAM MOVIE, DIRECTOR SAJEEV PILLAI, GOPAKUMAR GK, MAMMOOTY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.