കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ കൈവിട്ടുപോയ കൗമാര കിരീടം തിരികെപ്പിടിക്കാൻ കോഴിക്കോട് അവസാന നിമഷം വരെ നിറഞ്ഞാടിയിട്ടും പാലക്കാടൻ കുട്ടികൾ വിട്ടുകൊടുത്തില്ല. അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ കിരീടം കോട്ടകെട്ടി കാത്ത പാലക്കാടിന് മുൻതൂക്കം രണ്ടു പോയിന്റ്.
പാലക്കാട് 951 പോയിന്റ് നേടിയപ്പോൾ കോഴിക്കോടും കണ്ണൂരും 949 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. തൃശൂരിനാണ് (940) മൂന്നാം സ്ഥാനം. സ്കൂൾ കായിക മേളയിൽ ചാമ്പ്യന്മാരായതിനു പിന്നാലെ കലോത്സവകിരീടം കൂടി സ്വന്തമാക്കിയതോടെ പാലക്കാട് കൗമാരനേട്ടത്തിന്റെ തിലകം തൊട്ടു. അടുത്ത വർഷം കൊല്ലത്ത് കാണാം.
അവസാന മത്സരം വരെ സസ്പെൻസ് കാത്ത മത്സരത്തിൽ ഇന്നലെ രാവിലെ അഞ്ചു പോയിന്റ് മുന്നിൽ, കിരീടത്തിന് തൊട്ടരികിലായിരുന്ന കോഴിക്കോടിനെ ഉച്ചയോടെ 'ആടിക്കടന്നാ'ണ് പാലക്കാട് മുന്നിലെത്തിയത്. 14 മത്സരങ്ങൾ അരങ്ങിലെത്തിയ ഇന്നലെ ഉച്ചയ്ക്കു കിട്ടിയ നേട്ടം അവസാനമത്സര ഫലമെത്തുംവരെയും പാലക്കാട് വിടാതെപിടിക്കുകയായിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവരിൽ നിന്ന് 117 പവൻ സ്വർണ്ണക്കപ്പ് പാലക്കാടിന്റെ അഭിമാനതാരങ്ങൾ ഏറ്റുവാങ്ങി.