കാഞ്ഞങ്ങാട്: കസ്രോട്ടുകാരുടെ കൊതി തീരുന്നില്ല.28 വർഷം കാത്ത് കാത്തിരുന്ന് കിട്ടിയ സംസ്ഥാന സ്കൂൾ കലോത്സവം ഇന്നലെ അവസാനിക്കുമന്നായപ്പോഴേക്കും ആകാശത്ത് വന്ന് നിറഞ്ഞ കാർമേഘകൂട്ടത്തെ പോലെയായി ഇന്നാട്ടുകാരുടേയും മുഖം. തെക്കേഅറ്റം മുതൽ തൊട്ടടുത്ത കണ്ണൂരിൽ നിന്ന് എത്തിയവരെയെല്ലാം വിരുന്നുകാരായി സ്വീകരിച്ചവരാണിവർ. കുട്ടികളുടെ കലാപ്രകടനം കാണാൻ കുടുംബത്തോടൊപ്പം വേദികളിൽ മത്സരം തീരുന്നതുവരെയുണ്ടാകും. സദസിലിരുന്ന് പക്ഷപാതമില്ലാതെ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. കഥകളി, വൃന്ദവാദ്യം, വയലിൻ തുടങ്ങിയ മത്സരങ്ങൾ നടന്ന വേദികൾ പോലും ഹൗസ്ഫുൾ!
ജനപ്രിയ ഇനങ്ങൾ പ്രധാന വേദികളിൽ നിറഞ്ഞാടിയതോടെ കാണികളും നിറഞ്ഞൊഴുകി. സംഘനൃത്തവും ഭരതനാട്യവും കുച്ചിപ്പുടിയും ഒപ്പനയും കോൽക്കളിയും നാടകവും കേരളനടനവും പഞ്ചവാദ്യവുമെല്ലാം ആസ്വദിക്കാൻ കലാസ്നേഹികൾ എത്തിയതോടെ വേദികളെല്ലാം നിറഞ്ഞു കവിഞ്ഞു. ഐങ്ങോത്തെ വേദി ഒന്നിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളാണെത്തിയത്. സ്വർണ കപ്പ് അടിച്ചില്ലേലും ഇത്രമേൽ അച്ചടക്കമുള്ള ഇവിടത്തെ നാട്ടുകാർക്കാണ് യഥാർത്ഥത്തിൽ മേള വിജയിപ്പിച്ചതിനുള്ള കപ്പ് നൽകേണ്ടത്.
ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സ്കൂൾകലോത്സവം ഏറ്റവും മികച്ചതാക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു ഇവിടുത്തെ ഓരോ നാട്ടുകാരനും. ഇതുവരെയും പഴിയൊന്നും കേൾപ്പിക്കാതിരിക്കാനും ഉള്ള സൗകര്യങ്ങൾക്കൊണ്ട് പരമാവധി മെച്ചമുള്ളതാക്കാനുമായിരുന്നു ശ്രമം. ഹോട്ടലുകൾ പൊതുവെ കുറവായ ഈ ദേശത്ത് മത്സരാർത്ഥികളുൾപ്പെടെയുള്ളവർ അഭയം തേടിയത് വീടുകളിൽ. വിരുന്നുകാരെ വീട്ടുകാരാക്കി നാട്ടുകാർ മാറ്റി.
വിമാനത്തിലെത്തിയ അപ്പീലുകൾ
കലോത്സവേദിയിലെത്തിയത് അറുന്നൂറോളം അപ്പീലുകൾ അതിൽ 110 എണ്ണം എത്തിയത് വിമാനം വഴി. കോടതി ഉത്തരവൊക്കെ സമ്പാദിച്ച് വാങ്ങി ട്രെയിനുകളിൽ എത്തമ്പോഴേക്കും മത്സരം തീരുമെന്ന ചിന്തയിലാണ് പലരും വിമാനം പിടിച്ചത്. കണ്ണൂർ വിമാനത്താവളത്തിലെത്തിയിട്ട് അപ്പീലുമായി പാച്ചിലാണ്. ഗ്രേഡ് കിട്ടാൻ എന്തൊക്കെ ചെയ്യണം!
ചീത്തപ്പേരില്ലാതെ
പതിവായി കേൾക്കാറുള്ള ഹോട്ടൽ ഭക്ഷണ വിലവർദ്ധനയും ഓട്ടോ ചാർജ് വർദ്ധനയുമൊന്നും അത്രകാര്യമായി ചീത്തപ്പേരുണ്ടാക്കിയിട്ടില്ല. റോഡിൽ അൽപം തിരക്കു കൂടിയപ്പോൾ ഗതാഗതകരുക്കിൽ വീർപ്പുമുട്ടി മംഗലാപുരം - കൊച്ചിദേശീയ പാതയുടെ വശങ്ങളിലാണ് ഒന്നാംവേദിയുൾപ്പെടെയുള്ളത്. റോഡ് വികസനത്തിനു ആവശ്യമുള്ള സ്ഥലം ഇരുവശത്തുമായി ഏറ്രെടുത്തിട്ടുണ്ട്. വികസനകാര്യത്തിലെ മാന്ദ്യം കലോത്സവത്തോടെ മാറിക്കിട്ടുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
ചില്ലറ പ്രശ്നങ്ങൾ
പൊതുവെ സംഘാടക മികവേറിയ കലോത്സവത്തിനാണ് കൊടിയിറങ്ങിയത്. മത്സരങ്ങളുടെ സമയക്രമം പാലിക്കാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. അപ്പീലുകളുടെ വർദ്ധനവ് പലപ്പോഴും സമയക്രമത്തിന്റെ താളം തെറ്റിച്ചിരുന്നു.
മൂന്നാം ദിനം ഹൈസ്കൂൾ വിഭാഗം കേരള നടനം വേദിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് മത്സരം ഒരു മണിക്കൂറോളം നിറുത്തിവയ്ക്കേണ്ടി വന്നു. വഞ്ചിപ്പാട്ട് മത്സരം ഉൾപ്പടെ ഏതാനും മൽസരങ്ങൾ വൈകിയതൊഴിച്ചാൽ ബാക്കി ഏതാണ്ട് എല്ലാ മത്സരങ്ങളും സമയത്തു തന്നെ തുടങ്ങി. ബാൻഡ് മേളം മത്സരത്തിനിടെ ഒരു ടീമിന്റെ ക്യാപ്ടൻ തലകറങ്ങി വീണു. വഞ്ചിപ്പാട്ട് മൽസരവും മണിക്കൂറുകൾ വൈകിയതോടെ കുട്ടികൾ കുഴഞ്ഞു വീണു.