കോട്ടയം:വിവാഹത്തിന്റെ തലേദിവസം രാത്രി വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യ ഭാര്യ വാട്സാപ്പ് സന്ദേശം അയച്ചു. തങ്ങളുടെ വിവാഹ ഫോട്ടോയാണ് യുവതി വധുവിന്റെ ഫോണിലേക്ക് അയച്ചത്. ഇതോടെ ഇന്നലെ എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വഞ്ചിമല കുനാനിക്കൽതാഴെ സനിലായിരുന്നു വരൻ.
വരന്റെയും വധുവിന്റെയും വീടുകളിൽ ശനിയാഴ്ച രാത്രി ആഘോഷങ്ങൾ ഉണ്ടായിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ വരൻ ആഘോഷത്തിൽ പങ്കെടുത്തു. ഇരു വീടുകളിലും ബന്ധുക്കൾക്ക് സദ്യ നൽകുകയും ചെയ്തു. എന്നാൽ രാത്രി പതിനൊന്നുമണിയോടെ എലിക്കുളം സ്വദേശിനിയായ വധുവിന്റെ ഫോണിലേക്ക് പെരുന്തൽമണ്ണ സ്വദേശിനിയുടെ ഫോണിൽ നിന്ന് കോൾ വന്നു. യുവതിയുടെ അച്ഛന്റെ സഹോദരനാണ് വിളിച്ചത്. സനിലും യുവതിയും ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപകരാണ്. ഇരുവരും വിവാഹിതരാണെന്നും 13 വർഷമായി ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
വിവാഹം മുടക്കാൻ പലരും ശ്രമിക്കുമെന്ന് സനിൽ മുന്നറിയിപ്പ് നൽകിയതിനാൽ വധു ഇത് കാര്യമായെടുത്തില്ല. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ ആദ്യ ഭാര്യ വിവാഹ ഫോട്ടോസ് വാട്സാപ്പിൽ അയച്ചു. അപ്പോഴും വധു വിശ്വസിച്ചില്ല. എന്നാൽ സനിലിനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ അയാൾ പ്രതികരിക്കാതായതോടെ സംശയം തോന്നി. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. വരൻ മുങ്ങുകയും ചെയ്തു. വധുവിന്റെ വീട്ടുകാർ വരനെതിരെ പൊലീസിൽ പരാതിപ്പെടുകയും, നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
13 വർഷമായി ഒന്നിച്ച് ജീവിക്കുകയാണെങ്കിലും സനിലിന്റെയും പെരിന്തൽമണ്ണ സ്വദേശിനിയുടെയും വിവാഹം കഴിഞ്ഞാഴ്ചയാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. യുവതിയുടേത് പുനർവിവാഹമാണ്. വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്ന കാര്യം സനിൽ പറഞ്ഞെങ്കിലും യുവതിയുടെ വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തി.അതേസമയം, എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഇവർ അറിയാതിരിക്കാനും യുവാവ് ശ്രദ്ധിച്ചിരുന്നു. അതിനാൽ സഹപ്രവർത്തകരെപ്പോലും വിവാഹക്കാര്യം അറിയിച്ചില്ല. എന്നാൽ ഭാര്യ വീട്ടുകാർ കാര്യം അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി.