തിരുവനന്തപുരം : ഷെയ്ൻ നിഗമിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയതിനെതുടർന്നുള്ള സംഭവവികാസങ്ങൾക്ക് പിന്നാലെ താരത്തെ വിമർശിച്ചും അനുകൂലിച്ചും നിരവിധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു കുറിപ്പാണ് ചർച്ചയാകുന്നത്. മലയാള ചലച്ചിത്രരംഗത്തെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ പ്രതീഷ് കൃഷ്ണ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. നിർമാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുതെന്നും ഒരു സിനിമ നിന്നുപോകുമ്പോൾ വാർത്തകളിൽ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ടെന്നും കുറിപ്പിൽ പ്രതീഷ് പറയുന്നു..
കുറിപ്പിന്റെ പൂർണരൂപം….
നിർമാതാവും നടനും സംവിധായകരും മാത്രമാണ് സിനിമ എന്ന് ധരിക്കരുത്. ഒരു സിനിമ നിന്നുപോകുമ്പോൾ വാർത്തകളിൽ ഇടം പിടിക്കാത്ത കുറച്ചധികം പേരുണ്ട്. അവരെപ്പറ്റി ആരെങ്കിലും പരാമർശിച്ചു കാണുന്നുണ്ടോ ? ?
അടുത്ത ബന്ധുകൾ ആരെങ്കിലും അപകടത്തിൽപെട്ടാലോ മരണപ്പെട്ടാലോ ഒന്നു പോകാൻ പോലും പറ്റാത്ത വിധം ലോക്കായിപ്പോയവരെ പറ്റി അറിയാമോ നിങ്ങൾക്ക്?
ജോലി ചെയ്ത കാശ് കിട്ടാതാകുമ്പോള്‍ സൗഹൃദത്തിന്റെ പേരില്‍ പ്രതികരിക്കാതിരിക്കുന്നവരെപറ്റി അറിയാമോ നിങ്ങൾക്ക്??
കണ്ടിന്യൂവിറ്റി സീനുകൾ വരുമ്പോൾ ഏത് പാതിരാത്രി ആയാലും വീട്ടിലെത്തി അതേ സാരി തന്നെ, അതേ ഷർട്ട് തന്നെ അലക്കി തേച്ച് വന്ന് അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെപ്പറ്റി അറിയാമോ നിങ്ങൾക്ക്??
പ്രതിഫലം പോലും മോഹിക്കാതെ ചത്ത് പണിയെടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ, അസിസ്റ്റന്റ് ക്യാമറാമാൻമാരെ, അസിസ്റ്റന്റ് എഡിറ്റേഴ്സിനെ അറിയുമോ നിങ്ങൾക്ക് ??
ആരൊക്കെ വൈകിയാലും നേരത്തെ തന്നെ സെറ്റിലെത്തി ഒരു നീരസവും കാണിക്കാതെ കൂടെ നിന്ന് ജോലി ചെയ്യുന്ന യൂണിറ്റ് അംഗങ്ങളെ അറിയാമോ നിങ്ങൾക്ക്??
രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡ്രൈവർമാരെ , സ്വന്തം വിശപ്പ് മറച്ച് പ്രൊഡക്ഷൻ ഫുഡ് തരുന്ന ചേട്ടൻമാരെ അറിയാമോ നിങ്ങൾക്ക് ??
ഉറക്കമില്ലാതെ ഭക്ഷണം പോലും കഴിക്കാൻ സമയം കിട്ടാതെ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനുള്ള ആർട്ട് വർക്ക് ചെയ്യുന്ന തൊഴിലാളികളെ അറിയാമോ നിങ്ങൾക്ക് ??
കണ്ടിന്യൂവിറ്റി കോസ്റ്റ്യൂം സ്വന്തം മുറിയിൽ ഫാനിന്റെ കീഴെ ഉണക്കാനിട്ട് ആ കോച്ചുന്ന തണുപ്പിൽ ഉറങ്ങാൻ കിടക്കുന്ന കോസ്റ്റ്യൂമറെ , അവരുടെ സഹപ്രവർത്തകരെ അറിയാമോ നിങ്ങൾക്ക് ??
ടവ്വൽ വാഷ് ചെയ്ത് നേരം വൈകിയുറങ്ങുന്ന മേക്കപ്പിലെ തൊഴിലാളികളെ അറിയാമോ നിങ്ങൾക്ക് ??
രാവിലെ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷൻ കിട്ടാതെ വരുമ്പോൾ ഷൂട്ടിങ് മുടങ്ങാതിരിക്കാൻ ഒരു സ്കൂട്ടിയുമെടുത്ത് ലൊക്കേഷൻ പരതാന്‍ പോകുന്ന കൺട്രോളർമാരെ , മാനേജർമാരെ അറിയാമോ നിങ്ങൾക്ക് ??
ഇവരുടേതും കൂടിയാണ് സിനിമ !
കാരവാനിൽ കഞ്ചാവുണ്ടോ എന്ന് പരിശോധിക്കുമ്പോൾ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉൾപ്പെടെയുള്ള തൊഴിലാളികളുടെ പഴ്സ് കൂടി ഒന്ന് പരിശോധിക്കണം..!
സിനിമ നിന്നു പോകുമ്പോൾ അവർക്ക് വീട്ടിലേക്ക് പോകാൻ , പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാൻ അതിൽ കാശുണ്ടോ എന്ന് ! ഒരു മര്യാദയൊക്കെ വേണ്ടേ ???