തിരുവനന്തപുരം: ഫ്ലക്സ് ഷീറ്റുകൊണ്ട് മറച്ച ചായ്പിലെ പട്ടിണിയും ദുരിതവും സഹിക്കാനാകാതെ നാല് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്ന വാർത്ത കേട്ട് കൈതമുക്കിലെ കുഴിവീട് വിള റെയിൽവേ പുറമ്പോക്കിലെത്തിയവർ ആ അവസ്ഥ കണ്ടു ഞെട്ടി. പട്ടിണിയിലമർന്ന് ആറു കുട്ടികൾ. അതിൽ ഏഴും അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികളെയും നാലും മൂന്നും വയസുള്ള രണ്ട് പെൺകുട്ടികളെയുമാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ഒന്നര വയസും നാലു മാസവും പ്രായമുള്ള രണ്ട് ആൺകുഞ്ഞുങ്ങൾ അമ്മയുടെ സംരക്ഷണയിൽത്തന്നെ.
കുട്ടികൾക്ക് കൃത്യമായി ആഹാരം ലഭിക്കുന്നില്ലെന്നും സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛൻ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും വിശപ്പു സഹിക്കാഞ്ഞ് മൂത്ത കുട്ടി മണ്ണു വാരിത്തിന്നതായും നാട്ടുകാർ പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്നത് തടയാൻ നാട്ടുകാർ ഇടപെടുമ്പോഴെല്ലാം അയാൾ ചീത്തപറഞ്ഞ് ഓടിക്കുന്നതായിരുന്നു പതിവ്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാൾ മദ്യപിച്ചെത്തി ഭാര്യയെയും കുട്ടികളെയും ക്രൂരമായി ഉപദ്രവിക്കുമെന്നും ഭക്ഷണം ആമയിഴഞ്ചാൻ തോട്ടിലേക്ക് വലിച്ചെറിയുമെന്നും നാട്ടുകാർ പറയുന്നു. അയൽവാസികൾ ശനിയാഴ്ച തന്നെ ശിശുക്ഷേമ സമിതിയുടെ ടോൾ ഫ്രീ നമ്പരിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. അന്നു വൈകിട്ട് സമിതി അധികൃതർ സ്ഥലത്തെത്തുകയും, ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുകയും ചെയ്തു. തുടർന്നാണ് ഇന്നലെ വൈകിട്ട് നാലു കുട്ടികളെ ഏറ്റെടുക്കാനെത്തിയത്. മൂത്ത മൂന്നു കുട്ടികൾ ചെട്ടികുളങ്ങര എൽ.പി സ്കൂളിലാണ് പഠിക്കുന്നത്.