തിരുവനന്തപുരം:ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ചന്ദ്രയാൻ -2ലെ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സുപ്രധാന വെളിപ്പെടുത്തൽ.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന റെക്കണൈസൻസ് ലൂണാർ ഒാർബിറ്റർ (ആർ. എൽ.ഒ) എന്ന നാസ പേടകം പകർത്തിയ ചിത്രങ്ങൾ വിശകലനം ചെയ്ത് ചെന്നൈയിലെ ഐ.ടി. വിദഗ്ദ്ധൻ ഷൺമുഖ സുബ്രഹ്മണിയനാണ് ലാൻഡറിന്റെ അവശിഷ്ടം തിരിച്ചറിഞ്ഞതെന്നാണ് നാസയുടെ വെളിപ്പെടുത്തൽ. തന്റെ ട്വിറ്ററിൽ ഇത് ശരിവച്ചതോടെ ഷൺമുഖ സുബ്രഹ്മണിയൻ ( 33) ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.
അതേസമയം, നാസയുടെ വെളിപ്പെടുത്തലിനെയും ഷൺമുഖത്തിന്റെ അവകാശവാദത്തെയും പറ്റി പ്രതികരിക്കാൻ ഐ. എസ്. ആർ. ഒ അധികൃതർ തയ്യാറായില്ല.
സെപ്തംബർ 7 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ നഷ്ടപ്പെട്ടത്. ലാൻഡർ ഇടിച്ചിറങ്ങിയെന്ന് ഐ.എസ്.ആർ.ഒ. വ്യക്തമാക്കിയ പ്രദേശത്തിന് 750 മീറ്റർ അകലെയായാണ് ഷൺമുഖം അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ലാൻഡർ ഇടിച്ചിറങ്ങിയെന്ന് കരുതുന്ന സ്ഥലം സെപ്തംബർ 17ന് നാസയുടെ ലൂണാർ ഒാർബിറ്റർ പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ സെപ്തംബർ 26 ന് പൊതുജനങ്ങൾക്കായി നാസ വെബ്സൈറ്റിൽ പരസ്യപ്പെടുത്തി. ഇൗ ചിത്രങ്ങൾ സെപ്തംബർ 7 ന് മുമ്പ് ലൂണാർ ഒാർബിറ്റർ പകർത്തിയ ഇതേ സ്ഥലത്തിന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് ഷൺമുഖത്തിന്റെ കണ്ടെത്തൽ. ഷൺമുഖം വിവരം നാസയെയും ഐ. എസ്. ആർ. ഒയെയും അറിയിച്ചു. നാസ ഒക്ടോബറിലും നവംബറിലും എടുത്ത കൂടുതൽ തെളിച്ചമുള്ള ചിത്രങ്ങളുമായി ഇത് താരതമ്യപ്പെടുത്തിയാണ് ഷൺമുഖത്തിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയാണ് നാസ ഇക്കാര്യം ഷൺമുഖത്തെ അറിയിച്ചത്. ഷൺമുഖത്തിന്റെ നിഗമനങ്ങളാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചതെന്ന് നാസ ശാസ്ത്രജ്ഞനായ നോഹ പെട്രോ വാർത്ത ഏജൻസിയോട് പറഞ്ഞു.
അതേസമയം, നാസ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ വിശകലനം ചെയ്ത് ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് മറ്റ് നിരവധി പേർ അവകാശപ്പെട്ടിട്ടുണ്ട്.
ഉറങ്ങാത്ത 45 രാത്രികൾ : ഷൺമുഖം
''രണ്ട് ചിത്രങ്ങളും ലാപ്ടോപ്പിൽ താരതമ്യം ചെയ്തു. ചിത്രത്തിന്റെ ഓരോ പിക്സലും പഠനവിധേയമാക്കി.ജോലി കഴിഞ്ഞ് ദിവസവും രാത്രി എട്ട് മണി മുതൽ രണ്ട് മണിവരെയും പിന്നെ രാവിലെ ആറ് മണി മുതൽ എട്ട് മണി വരെയും ഇതിനായി ചെലവിട്ടു. അങ്ങനെ 45 ദിവസത്തെ കഠിനാദ്ധ്വാനം.''
ഷൺമുഖ സുബ്രഹ്മണിയൻ
തമിഴ്നാട്ടിലെ മധുര സ്വദേശി. ചെന്നൈയിൽ സോഫ്റ്റ് വെയർ എൻജിനീയർ. റോക്കറ്റിലും വിക്ഷേപണങ്ങളിലും തൽപരൻ. തിരുവനന്തപുരത്തെ വി.എസ്. എസ്. സിയിൽ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം കാണാനെത്തിയിട്ടുണ്ട്.
സ്ഥിരീകരിക്കാതെ ഐ.എസ്. ആർ.ഒ.
അവശിഷ്ടങ്ങൾ വിക്രം ലാൻഡറിന്റേത് തന്നെയാണെന്ന് നാസയോ സോഫ്റ്റ് വെയർ എൻജിനിയറോ തെളിയിച്ചിട്ടില്ല. അവശിഷ്ടങ്ങൾ ലാൻഡറിന്റേതാണെന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾ നടത്തണം.
വിക്രം ലാൻഡർ
ഇന്ത്യയുടെ ചന്ദ്രയാൻ 2 പേടകത്തിലെ ഗവേഷണ ഉപകരണമായിരുന്നു വിക്രം ലാൻഡർ. ഇത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സാവധാനം ഇറങ്ങാനും അതിലെ പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകരുകയായിരുന്നു.