ഹൈദരാബാദ്: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിൽ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെന്നും, അതിന് തയ്യാറാകാതെ അവർ ആക്രമിക്കാൻ മുതിർപ്പോൾ വെടിയുതിർക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ടെന്നും വി.സി. സജ്ജനാര്‍ പറഞ്ഞു. പൊലീസിന്റെ കൈവശമുള്ള തോക്കുകൾ തട്ടിപ്പറിച്ച് വെടിവെക്കാൻ ഇവർ ശ്രമിച്ചിരുന്നെന്നും, പ്രതികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊലീസുകാർക്ക് ആർക്കും തന്നെ വെടിയേറ്റിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു.
അയൽ സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലപാതകത്തിൽ ആശങ്ക പ്രകടിപ്പിച്ചെത്തിയ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആവശ്യമെങ്കിൽ മറുപടി നൽകുമെന്നും വി.സി. സജ്ജനാര്‍ പറഞ്ഞു
നവംബർ 28നാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ലോറി തൊഴിലാളികളായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ചത്.