തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കാർഷിക വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടിനൽകുന്നതിനായി മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം ഉത്തരവാക്കുന്നതിൽ കാലതാമസം വരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിസഭായോഗം താക്കീത് ചെയ്തു. ഉത്തരവ് വൈകിയതിൽ മന:പൂർവ്വമുള്ള വീഴ്ചയുണ്ടായില്ലെന്ന ചീഫ്സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് മന്ത്രിസഭ തള്ളി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പേ ഉത്തരവിറക്കാനാകുന്ന തരത്തിൽ പ്രത്യേക മന്ത്രിസഭായോഗം ചേർന്നെടുത്ത തീരുമാനം ഉത്തരവാക്കുന്നതിൽ ഉദ്യോഗസ്ഥതല വീഴ്ച തന്നെയാണെന്ന് യോഗം വിലയിരുത്തി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. വീഴ്ച ആവർത്തിച്ചാൽ കടുത്ത നടപടി വേണ്ടിവരുമെന്ന മന്ത്രിസഭായോഗത്തിന്റെ നിർദ്ദേശം താഴേത്തട്ട് വരെയുള്ള ഉദ്യോഗസ്ഥർക്ക് കൈമാറാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച തുടർനടപടികൾ തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.
രണ്ടാം ശനിയും ഞായറും അടക്കമുള്ള രണ്ട് അവധി ദിവസങ്ങൾ വന്നതാണ് ഉത്തരവ് വൈകാനിടയാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, മനഃപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ഒഴിവുകഴിവുകളാണെന്ന അഭിപ്രായമാണ് മന്ത്രിമാരിൽ നിന്നുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കർഷക വായ്പാ മോറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. ഇതുകഴിഞ്ഞ് ആറ് മുതൽ എട്ട് വരെ മൂന്നു പ്രവൃത്തി ദിവസങ്ങളുണ്ടായിരുന്നു. ഒൻപത് രണ്ടാംശനിയും. 10ന് തിരഞ്ഞെടുപ്പു കമ്മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഇതോടെ ഉത്തരവിറക്കുന്നതിനായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കേണ്ടി വന്നു. സമയമുണ്ടായിട്ടും കാർഷിക വായ്പാ മോറട്ടോറിയം ഉത്തരവിറക്കാതിരുന്ന നടപടിയെ വിമർശിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഫയൽ തള്ളി. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായ ശേഷം മേയ് 29നാണ് ഉത്തരവിറക്കാനായത്. ഇതു റിസർവ് ബാങ്ക് ആദ്യം അംഗീകരിക്കാതിരുന്നതും ചർച്ചയായിരുന്നു.
കാർഷിക വായ്പാ മോറട്ടോറിയം കർഷകരുടെ എല്ലാ വായ്പകൾക്കും ബാധകമാക്കിയായിരുന്നു പുതിയ വായ്പാ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഒക്ടോബർ 31വരെ നിലവിലുണ്ടായിരുന്ന മോറട്ടോറിയത്തിൽ കാർഷിക വായ്പ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ.