മുംബയ്: വിദർഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ എൻ.സി.പി നേതാവ് അജിത് പവാറിന് ക്ലീൻ ചിറ്റ്. അജിത്തിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കി. ജലവിഭവ മന്ത്രിയായിരുന്ന അജിത്തിനെതിരെ ഒരു വിധത്തിലുള്ള തെളിവുകളും അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യവും ബി.ജെ.പിയും തമ്മിലുള്ള വിലപേശലുകൾ രൂക്ഷമായിരിക്കെ, നവംബർ 27ന് ആണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്ന ഫട്നാവിസും അജിത് പവാറും ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിസമർപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്.
കേസ് ഇങ്ങനെ
1999-2009 കാലഘട്ടത്തിൽ അജിത് പവാർ മഹാരാഷ്ട്രയിലെ ജലവിഭവ മന്ത്രിയായിരുന്ന സമയത്ത് നടപ്പിലാക്കിയ ജലസേചന പദ്ധതികളുടെ നിർമ്മാണ ചെലവ് അമിതമായി വർദ്ധിപ്പിച്ചു നൽകി എന്നായിരുന്നു ആരോപണം. ഇക്കാലത്ത് നടപ്പിലാക്കിയ 32 പദ്ധതികളുടെ തുക മൂന്നു മാസംകൊണ്ട് 17,700 കോടി രൂപ വർദ്ധിപ്പിച്ചെന്നായിരുന്നു ആരോപണം. 2014ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത് അജിത്തിനെതിരെയുള്ള പ്രധാന രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നു.
വിദർഭ, കൊങ്കൺ മേഖലയിലെ 44 പദ്ധതികളുമായി ബന്ധപ്പെട്ട ആരോപണത്തിൽ 23 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഫട്നാവിസ് അധികാരത്തിലെത്തിയതിന് പിന്നാലെ കേസുകളിൽ അന്വേഷണം ആരംഭിച്ചെങ്കിലും അജിത്തിന്റെ പേര് ഒരു എഫ്.ഐ.ആറിലും പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാൽ അജിത് പവാറിന് അഴിമതിയിൽ പങ്കുണ്ടെന്നായിരുന്നു 2018ൽ അന്വേഷണ സംഘം പറഞ്ഞിരുന്നത്.