വെള്ളറട: മകളെ പീഡിപ്പിക്കാൻ കാമുകനായ പൊലീസുകാരന് സഹായം നൽകിയ മാതാവ് അറസ്റ്റിൽ. വെള്ളറട കുടപ്പനമൂട് സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് ഇവരുടെ മാതാവിനെ കഴിഞ്ഞദിവസം പിടികൂടിയത്. ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിന്റോയാണ് മാതാവിന്റെ സഹായത്തോടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ ജോലിയിലിരിക്കെ മറ്റൊരു സ്ത്രീയുടെ പരാതിയെ തുടർന്ന് ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ഈ സംഭവം. പ്രസവശേഷം വീട്ടിൽ കഴിയുമ്പോഴായിരുന്നു സംഭവം നടന്നതെന്നും വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴിനൽകി. ഇവരുടെ ഭർത്തൃ വീട്ടുകാരുടെയും പിതാവിന്റെയും സഹായത്തോടെയാണ് വെള്ളറട പൊലീസിൽ പാരാതി നൽകിയത്. പരാതിയെ തുടർന്ന് ഇരുവർക്കുമെതിരെ കേസെടുത്തെങ്കിലും പിടികൂടാൻ വൈകി. ഇതിനിടെ ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷയുമായി സമീപിച്ചിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാർ, വെള്ളറട സി.ഐ ബിജു, എന്നിവരടങ്ങുന്ന സംഘമാണ് മാതാവിനെ പിടികൂടിയതി. ഇവരെ റിമാൻഡ് ചെയ്തു.