കൊല്ലം: 105-ാം വയസിൽ സാക്ഷരതാമിഷന്റെ നാലാംതരം പരീക്ഷയെഴുതിയ ഭഗീരഥിയമ്മയ്ക്ക് ഇനി ഒറ്റ ആഗ്രഹമേയുള്ളു. എങ്ങനെയും പത്താംക്ലാസ് പാസ്സാകുക. അഞ്ചാലുംമൂട്ടിലെ വസതിയിൽ തന്നെ സന്ദർശിക്കാനെത്തിയ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകലയോടാണ് അമ്മൂമ്മ തന്റെ ജീവിതാഭിലാഷം അറിയിച്ചത്. നാലാംതരം പരീക്ഷ വളരെ എളുപ്പമായിരുന്നു. നല്ല മാർക്ക് കിട്ടുമെന്നുറപ്പാണ്. ഭഗീരഥിയമ്മ പറഞ്ഞു. പഠനത്തിൽ മാത്രമല്ല, പാട്ടിലും കവിതയിലുമൊക്കെ താത്പര്യമുണ്ട് അമ്മൂമ്മയ്ക്ക്.
'ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ"
ഭക്തകവി പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ ഈണത്തിൽ ചൊല്ലി അമ്മൂമ്മ ചുറ്റും നിന്നവരെ ഞെട്ടിച്ചു. ആറു മക്കളും 16 കൊച്ചുമക്കളുമൊക്കെയായി അഞ്ചാംതലമുറയ്ക്കൊപ്പമാണ് മുത്തശ്ശിയുടെ ജീവിതയാത്ര. കേൾവിക്കും സംസാരത്തിനും പ്രശ്നങ്ങളില്ല. ചെറുപ്പത്തിൽ പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.