കനേഡിയൻ പൗരത്വത്തിന്റെ പേരിൽ നിരവധി തവണ വിമർശനത്തിന് വിധേയനാകേണ്ട ഗതികേടിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. പൊതുവേദികളിൽ രാജ്യസ്നേഹം വിശദീകരിച്ച് മടുത്തെന്ന് താരം തുറന്നുപറയുന്നു. ഇന്ത്യൻ പാസ്പോർട്ടിന് താൻ അപേക്ഷ നൽകിയെന്നും ഇനിയെങ്കിലും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഞാൻ ഒരിന്ത്യക്കാരനാണ്, ഭാര്യയും മക്കളുമതേ. ഇവിടെയാണ് നികുതി നൽകുന്നത്, ജീവിക്കുന്നത്' എന്നും അദ്ദേഹം സ്വകാര്യ ചടങ്ങിൽ പറഞ്ഞു. എപ്പോഴും രാജ്യസ്നേഹവും കൂറും തെളിയിക്കേണ്ട ഒരവസ്ഥ വളരെ വേദനിപ്പിച്ചിരുന്നുവെന്നും ബാധ്യതയായിരുന്നുവെന്നും അക്ഷയ് വെളിപ്പെടുത്തി.
അഭിനയിച്ച 14 സിനിമകളും തുടരെ തുടരെ പരാജയമായതോടെയാണ് അക്ഷയ് കനേഡിയൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സമയമായിരുന്നു അത്. കരിയർ തീർന്നെന്ന് കരുതി. അതോടെയാണ് കാനഡയിലേക്ക് കുടിയേറാമെന്ന് തീരുമാനിച്ചത്. പക്ഷേ പതിനഞ്ചാം സിനിമ മുതൽ തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞു.
അക്ഷയ് കുമാറിന്റെ പുതിയ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ചിലരൊക്കെ അഭിനന്ദിച്ചപ്പോൾ, ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ബാക്കിയുള്ള സിനിമകൾക്ക് ഉറപ്പ് പറയാനാവില്ലെന്നും അതുകൊണ്ട് കാനഡ ഉപേക്ഷിക്കേണ്ടെന്നുമായിരുന്നു ചില കമന്റുകൾ. താരം കാപട്യക്കാരൻ ആണെന്നും രാജ്യസ്നേഹം അഭിനയമാണെന്നും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. കനേഡിയൻ പൗരത്വം വെളിച്ചത്ത് വന്നതോടെ അക്ഷയ് കുമാർ പെട്ടെന്ന് ദേശസ്നേഹി ആയതാണെന്നും ടൊറന്റോയിൽ വീടുണ്ടെന്നും ചിലർ കുറിച്ചു.