കൊച്ചി : ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷയുടെ പൊലീസ് സംരക്ഷണം സർക്കാർ പിൻവലിച്ചു. 2018 മേയ് 24 ന് സർവീസിൽ നിന്ന് വിരമിച്ചെങ്കിലും കെമാൽപാഷയുടെ സുരക്ഷയ്ക്ക് നാലു പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ കാരണം വ്യക്തമാക്കാതെ ഇവരെ പിൻവലിച്ചു. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. തീവ്രവാദികളുടെ ഭീഷണിയുള്ളതിനാൽ കെമാൽപാഷയുടെ സുരക്ഷ നേരത്തെ ശക്തമാക്കിയിരുന്നു. കനകമല രഹസ്യയോഗക്കേസിലെ പ്രതികൾ കെമാൽപാഷ ഉൾപ്പെടെയുള്ള ചില ഉന്നതരെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരെയും ചില രാഷ്ട്രീയ നേതാക്കളെയും വകവരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രവും. ഈ കേസിലെ പ്രതികൾക്ക് ദിവസങ്ങൾക്ക് മുമ്പാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
നാവടപ്പിക്കാനാവില്ല :
ജസ്റ്റിസ് കെമാൽപാഷ
വാളയാർ സംഭവം, മാവോയിസ്റ്റ് വെടിവയ്പ്പ്, വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ കേസ്, സിനിമാ സെറ്റുകളിലെ ലഹരിക്കേസുകൾ തുടങ്ങിയ വിഷയങ്ങളിൽ പൊലീസിനെ വിമർശിച്ചിരുന്നു. പൊലീസ് അസോസിയേഷൻ എനിക്കെതിരെ പരാതി നൽകി. അവർ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തിയാണ് ഈ നടപടി എടുപ്പിച്ചത്.
സർക്കാരിന്റെ ചെലവിൽ സുരക്ഷ അനുഭവിച്ച് സർക്കാരിനെതിരെ പറയാൻ പാടില്ലെന്നാവും അവരുടെ നിലപാട്. ഇതുകൊണ്ടൊന്നും എന്റെ നാവടപ്പിക്കാൻ കഴിയില്ല. ശബ്ദമില്ലാത്തവർക്കായി ഞാൻ നിലകൊള്ളും. - കെമാൽപാഷ കേരളകൗമുദിയോടു പറഞ്ഞു.