കോവളം: ക്രിസ്മസ് - പുതുവർഷ ആഘോഷങ്ങൾക്ക് ആഴ്ചകൾ ബാക്കിനിൽക്കെ തീരത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയാകുന്നു. ടൂറിസം വികസനത്തിനായി ലക്ഷങ്ങൾ ചെലവാക്കുന്നെന്ന് പറയുമ്പോഴും പദ്ധതികൾ എങ്ങുമെത്തിയില്ലെന്നാണ് പരാതി. സമുദ്രാ ബീച്ചിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ടൂറിസം വകുപ്പ് അരക്കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച ഉദ്യാന പാർക്കാണ് വീണ്ടും പൊളിച്ച് ഒന്നരക്കോടിയോളം രൂപ ചെലവിൽ ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നത്. നടപ്പാതയിൽ അറ്റകുറ്റപ്പണി നടത്താത്തതുകാരണം സഞ്ചാരികളും ആശങ്കയിലാണ്. സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന ലക്ഷ്യമിട്ട് നടപ്പാക്കുന്ന പല പദ്ധതികളും പാതിവഴിയിലാണെന്നാണ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുടെ പരാതി. ശാന്തമായ കടലും പ്രശാന്തമായ കാലാവസ്ഥയും കാരണം വിദേശ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച തീരമാണ് കോവളം. കാലാവസ്ഥയിലുണ്ടായ വ്യതിയാനം കോവളം തീരത്തെ കടലിന്റെ ശാന്തതയെയും ബാധിച്ചിട്ടുണ്ട്. കോവളം തീരത്ത് അടിസ്ഥാന സൗകര്യ വികസനം ഫലപ്രദമായി നടപ്പാക്കണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെയും സഞ്ചാരികളുടെയും ആവശ്യം.
-----------------------------
കോവളത്തിന്റെ സമഗ്രവികസനത്തിന് സർക്കാർ അനുവദിച്ച 20 കോടിയുടെ വികസന പ്രവർത്തനങ്ങളിൽ പലതും പുനർ നിർമ്മാണമാണ് നടക്കുന്നത്. വ്യക്തമായ പ്ലാൻ തയ്യാറാക്കാതെ നിർമ്മാണ ചുമതല കണ്ണൂരിലെ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് നൽകിയതിൽ ദുരൂഹതയുണ്ട്.
എം. വിൻസെന്റ് എം.എൽ.എ