പാലക്കാട് : സോഷ്യൽ മീഡിയയിൽ മിന്നൽപ്പിണർ പോലെയാണ് ആ സന്ദേശം പാഞ്ഞത്. ഉള്ളിയുൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില മാനം മുട്ടെ ഉയരുമ്പോളിതാ പാലക്കാട്ടെ ഒരു ഹോട്ടൽ വെറും 499 രൂപയ്ക്ക് അൺലിമിറ്റഡ് ബിയറും ബിരിയാണിയും നൽകുന്നു. വ്യാജ സന്ദേശങ്ങളയച്ച് പലപ്രാവശ്യം പണി നൽകിയിട്ടുള്ള സോഷ്യൽമീഡിയയെ വിശ്വസിക്കാതെ ചില തത്പര കക്ഷികൾ പാലക്കാട്ടെ ഹോട്ടലിലേക്ക് വിളിച്ചു തിരക്കി, സംഭവം സത്യമാണെന്ന് ഉറപ്പിച്ചു. പിന്നാലെ റെക്കോഡ് ചെയ്ത ഈ ഫോൺ സന്ദേശങ്ങളും വാട്സാപ്പിലൂടെ പരന്നു. എന്നാൽ ഇതിനിടയിൽ ചില വിരുതൻമാർ ഈ ഓഫർ കോട്ടയത്തെ ഒരു ഹോട്ടലിലാണെന്ന് പറഞ്ഞു സന്ദേശങ്ങളയച്ചു. പാലക്കാട്ടെയും കോട്ടയത്തെയും ഹോട്ടലിന്റെ പേരിലെ സാദൃശ്യമാണ് ഇത്തരക്കാരെ വഴിതെറ്റിച്ചത്.
കോട്ടയത്തെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ അൺലിമിറ്റഡ് ബിയറും ബിരിയാണിയും ലഭിക്കുന്ന ഓഫറുണ്ടോയെന്ന് തിരക്കി ആയിരക്കണക്കിന് ഫോൺകോളുകളാണ് എത്തിയത്. ചിലർ നേരിട്ടെത്തിയും കേട്ട കാര്യം സത്യമാണോ എന്ന് തിരക്കി. എന്നാൽ ഇവരോട് ഇത്തരത്തിൽ ഒരു ഓഫറും ഇവിടെയില്ലെന്നും പറഞ്ഞ് തിരികെ അയക്കാൻ ആളെ നിർത്തേണ്ട അവസ്ഥയായി ഹോട്ടൽ അധികൃതർക്ക്. ഒടുവിൽ ഓഫറില്ല എന്ന നോട്ടീസ് പതിപ്പിക്കേണ്ട അവസ്ഥയിലേക്ക് അവർ എത്തി. അതേ സമയം പാലക്കാട്ട് ഹോട്ടലിനെതിരെ എക്സൈസ് വകുപ്പു നേരത്തേ കേസെടുക്കുകയും ചെയ്തു. മദ്യത്തിന്റെ പരസ്യം ചെയ്യലിനെതിരെ അബ്കാരി നിയമമനുസരിച്ചാണ് കേസെടുത്തത്. ഇതേ തുടർന്ന് തങ്ങളൊന്നും അറിഞ്ഞിട്ടില്ലേ എന്ന നിലപാടെടുത്ത ഹോട്ടൽ പരസ്യത്തെ തള്ളിപറഞ്ഞ് കൈകഴുകി. ഇതോടെ അൺലിമിറ്റഡ് ബിയറും ബിരിയാണിയും സ്വപ്നം കണ്ടവർ നിരാശയിലുമായി. സോഷ്യൽ മീഡിയയിലെ അമിതാവേശം പാരയായെന്ന് ഇപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്.