ബംഗളൂരു : രാജ്യത്ത് ഉള്ളി വില ദിവസം കഴിയുന്തോറും കുത്തനെ ഉയരുന്നു. ഇന്ന് ബംഗളൂരുവിൽ ഉള്ളിവില രാജ്യത്ത് ആദ്യമായി കിലോഗ്രാമിന് 200 രൂപയും കടന്ന് പുതിയ റിക്കാഡിട്ടു. ഉള്ളിയുടെ ശരാശരി വില രാജ്യത്ത് 140 അടുത്തെത്തി നിൽക്കുമ്പോഴാണ് ബംഗളൂരുവിൽ വില 200 കടന്നത്. എന്നാൽ മൊത്തവ്യാപാരികൾ ക്വിന്റലിന് 14000 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ മഹാരാഷ്ട്രയിലേയും കർണാടകത്തിലേയും ഉള്ളികൃഷിയുടെ എഴുപത് ശതമാനവും ചീഞ്ഞ് നശിച്ചിരുന്നു. ഇതാണ് ഉള്ളിയുടെ ക്ഷാമത്തിന് കാരണമായത്. സാധാരണയായി ഒരു ദിവസം എത്തുന്നതിന്റെ മൂന്നിലൊന്ന് ലോഡുമാത്രമാണ് ബംഗളൂരുവിൽ എത്തുന്നത്. ഉയർന്ന വില നൽകി വാങ്ങുന്ന ഉള്ളിക്ക് ഗുണനിലവാരവും കുറവാണെന്ന് പരാതിയുണ്ട്. ഉള്ളി വില വർദ്ധിച്ചതോടെ കൃത്രിമക്ഷാമത്തിലൂടെ കൊള്ള ലാഭം നേടുന്ന പൂഴ്ത്തിവയ്പ്പുകാരെ തേടിയുള്ള അന്വേഷണവും സർക്കാർ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഉള്ളിയുടെ വില വർദ്ധനവിന് ഈ മാസം പകുതിയോടെ ശമനമുണ്ടാകുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും വലിയ അളവിൽ ഉള്ളി ഇറക്കുമതി ചെയ്യുവാൻ കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു. ഡിസംബർ പകുതിയോടെ ഈജിപ്റ്റ്, തുർക്കി എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉള്ളി വിപണിയിലെത്തും.
അതേസമയം ഉള്ളിയുടെ പേരിൽ ഹോട്ടലിൽ സംഘർഷവും പതിവായിട്ടുണ്ട്. കർണാടകയിൽ ബെലഗാവിയിലെ ഒരു ഹോട്ടലിൽ ബിരിയാണിയിൽ ഉള്ളിയില്ലെന്നത് ചോദ്യം ചെയ്തവരെ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ചു. ഉള്ളിക്ക് തീവിലയായതിനാൽ പേരിനുമാത്രമാണ് വിഭവങ്ങളിൽ ഹോട്ടലുകാർ ഉള്ളി ചേർക്കുന്നത്. ഉള്ളിയാവശ്യപ്പെട്ടവരെ മർദ്ദിച്ച ഹോട്ടൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.