SignIn
Kerala Kaumudi Online
Sunday, 06 December 2020 7.45 AM IST

ആദ്യം കാലിൽ പിടിച്ചു പ്രേമിച്ചു,​ പിന്നെ ചങ്കിൽ കയറിക്കൂടി.. ശ്വാസം മുട്ടിച്ചപ്പോൾ ചങ്ക് പറിച്ചു കൊടുത്തു,​ ഇപ്പോൾ ഹൃദയത്തിലേക്ക് ; തുറന്നെഴുതി നന്ദു

nandu-

‘ആദ്യം കാലിൽ പിടിച്ചു പ്രേമിച്ചു..അതങ്ങു കൊടുത്തു ഞാൻ..പിന്നെ ചങ്കിൽ കയറിക്കൂടി..കീമോ കൊടുത്തു ചുരുക്കി ഞാൻ..പിന്നെയും എന്നെ ശ്വാസം മുട്ടിച്ചപ്പോൾ ചങ്ക് പറിച്ചു കൊടുത്തു !! ഇപ്പോൾ ദേ ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെ ചുറ്റിപ്പറ്റിയാണ് അവളുടെ കളി !!! സർജറി ചെയ്യാൻ കഴിയാത്ത ഭാഗങ്ങളിലേക്ക് ഉൾവലിഞ്ഞുകൊണ്ട് എന്നെ ആക്രമിക്കുകയാണ്.’ കാൻസർ എന്ന രോഗത്തിന്റെ തീവ്രത ഓരോ എഴുത്തിലും അനുഭവിപ്പിച്ച നന്ദു വീണ്ടും തുറന്നെഴുതുകയാണ്.. ശ്വാസകോശത്തിന് പിന്നാലെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിലേക്കും കാൻസർ ബാധിച്ചതായി നന്ദു കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വീണ്ടും കീമോ തുടങ്ങുകയാണ് !!, നാളെ മുതൽ വീണ്ടും അതിശക്തമായ മരുന്നുകളുടെ ലോകത്തേയ്ക്ക്..!! സർജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമർ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !!! അവൾക്കെന്നോട് അടങ്ങാത്ത പ്രേമമാണത്രേ !! ഇതുവരെ ഞാൻ നേരിട്ടതിനെക്കാൾ പതിന്മടങ്ങ് ഭീകരമായ ഒരു യുദ്ധമാണ് മുന്നിൽ !! ഇതുവരെ അനുഭവിച്ചതിനെക്കാൾ പലമടങ്ങ് അധികം വേദനയും കൂട്ടിനുണ്ട് !!

ആദ്യം കാലിൽ പിടിച്ചു പ്രേമിച്ചു..അതങ്ങു കൊടുത്തു ഞാൻ..പിന്നെ ചങ്കിൽ കയറിക്കൂടി..കീമോ കൊടുത്തു ചുരുക്കി ഞാൻ..പിന്നെയും എന്നെ ശ്വാസം മുട്ടിച്ചപ്പോൾ ചങ്ക് പറിച്ചു കൊടുത്തു !! ഇപ്പോൾ ദേ ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെ ചുറ്റിപ്പറ്റിയാണ് അവളുടെ കളി !!! സർജറി ചെയ്യാൻ കഴിയാത്ത ഭാഗങ്ങളിലേക്ക് ഉൾവലിഞ്ഞുകൊണ്ട് എന്നെ ആക്രമിക്കുകയാണ്. ഈ ഒരു മരുന്നിൽ ഇത് ചുരുങ്ങിയില്ലെങ്കിൽ ആവനാഴിയിൽ അസ്ത്രമില്ലാതെ യുദ്ധം ചെയ്യുന്ന രാജകുമാരന്റെ അവസ്ഥയാകും എനിയ്ക്ക്..ഈ ചക്രവ്യൂഹത്തിൽ നിന്ന് ഇത്തവണ ഈ അഭിമന്യുവിന് പുറത്തു വന്നാലേ പറ്റുള്ളൂ..

ഒരേ സമയം മരുന്നിനോടും അർബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണ്. വിടില്ല ഞാൻ.. അവസാന ശ്വാസം വരെയും പൊരുതും.. വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാൻ..എന്റെ ട്രീറ്റ്മെന്റിന്റെ കാര്യങ്ങളും അനുഭവിക്കുന്ന വേദനകളുടെ തീഷ്ണതയും ഞാൻ എന്റെ ചങ്കുകളോട് വിളിച്ചു പറയുന്നതിന് ഒരു വലിയ ഉദ്ദേശമുണ്ട്..നമ്മുടെ കയ്യിലുള്ള ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ ഞാൻ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ്..

ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും, പരീക്ഷയ്ക്ക് മാർക്ക് കുറയുന്നതിനും, കൂട്ടുകാരൻ കളിയാക്കിയതിനും. പ്രണയം തകർന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാൻ വേണ്ടിയാണ്. എന്തൊക്കെ നഷ്ടപ്പെട്ടാലും കയ്യിലുള്ള ജീവിതമാണ് ഏറ്റവും വലിയ ധനം എന്ന് തിരിച്ചറിവ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകാൻ വേണ്ടിയാണ്.. ആയുസ്സിൽ നിഴല് വീഴുമ്പോൾ ജീവന്റെയും ഒപ്പം ജീവിതത്തിന്റെയും മിഴിവും ഭംഗിയും കൂടി വരും. അന്ന് വരെ നാം കണ്ട പനിനീർ പൂവുകളെക്കാൾ ഭംഗിയാകും പിന്നീട് കാണുന്നവയ്ക്ക്. അന്ന് വരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാൾ ആഹ്ലാദപൂർണ്ണമാകും പിന്നീടുള്ള ആഘോഷങ്ങൾക്ക്. അന്ന് വരെ കഴിച്ച ഭക്ഷണത്തെക്കാൾ സ്വാദായിരിക്കും പിന്നീട് കഴിക്കുന്ന ഓരോ അരിമണി ചോറിനും !!

അന്ന് വരെ ഉണ്ടായിരുന്നതിനെക്കാൾ ദൃഡതയാകും ബന്ധങ്ങൾക്ക് !! നമുക്ക് മുന്നിലൂടെ പോകുന്ന ഓരോ മനുഷ്യനോടും ഓരോ ജീവിയോടും വാക്കുകൾക്കതീതമായ പ്രേമവും കരുണയും സ്നേഹവും കൊണ്ട് മനം നിറയും !! സത്യത്തിൽ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് എനിക്ക് അർബുദത്തിലൂടെ കിട്ടിയത്..!! ക്യാൻസർ ഇല്ലാതിരുന്ന നന്ദുവിനെക്കാൾ എത്രയോ മടങ്ങ് അധികം സന്തോഷവാനും ഉന്മേഷവാനും ആണ് ഇന്നത്തെ ഞാൻ !! ശാന്തമായ സാഗരം പോലെയായിരിക്കുന്നു മനസ്സ് !!

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യവും അത്യന്തികമായ വിജയവും അവന്റെ ഉള്ളിലുള്ള സന്തോഷത്തെ കണ്ടെത്തലാണെന്ന് അർബുദം എന്ന ധ്യാനം എനിക്ക് മനസ്സിലാക്കി തന്നിരിക്കുന്നു !!! ഒരു പക്ഷേ അർബുദത്തെയും അത് തന്ന വേദനകളെയും ഒരു ധ്യാനം പോലെ പവിത്രമായി എടുത്ത് ഇങ്ങനെ വിചിത്രമായി ചിന്തിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ ഞാനായിരിക്കും !!

ശ്രീകൃഷ്ണനും യേശുവും പോലെ മിക്കവാറും അവതാരപുരുഷന്മാരും സ്വയം വേദനകൾ ഏറ്റെടുത്ത് സന്തോഷം കണ്ടെത്തുമായിരുന്നു എന്ന അറിവിൽ എനിക്കിപ്പോൾ അത്ഭുതം ഇല്ല !! വിധിയെ പഴിക്കുന്നതിന് പകരം ആ വിധിക്ക് നന്ദി പറയുകയാണ് ഞാൻ. ക്യാൻസർ എന്ന ധ്യാനം എനിക്ക് സമ്മാനിച്ച ആ വിധിയോട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി. അസഹനീയമായ വേദനകൾ കൊണ്ട് പൊട്ടിക്കരയുന്ന അവസ്ഥകളിലും മനസ്സിനുള്ളിൽ പൂർണ്ണ സന്തോഷം അനുഭവിക്കാനുള്ള കഴിവ് എനിക്ക് തന്ന ആ വിധിയോട് എനിക്കെങ്ങനെ ഇഷ്ടക്കുറവ് തോന്നും !!!

ഞാനിങ്ങനെ ഒഴുകും. ഈ ഒഴുക്ക് നിലയ്ക്കില്ല.. ഞാൻ തുടങ്ങിവച്ച കീഴ് വഴക്കങ്ങളിലൂടെ, പങ്കുവച്ച സന്തോഷപൂർണ്ണമായ വാക്കുകളിലൂടെ. പകുത്തു നൽകിയ നിഷ്കളങ്കമായ സ്നേഹത്തിലൂടെ. തുടക്കമിട്ട കർമ്മ പദ്ധതികളിലൂടെ..അനന്തമായി ഒഴുകും.. അതിജീവനത്തിലൂടെ ഞാനിങ്ങനെ അതിജീവിച്ചു കൊണ്ടിരിക്കും..എന്റെ കരങ്ങൾ വേദനിക്കുന്ന ഒരായിരം നിരാലംബർക്ക് ആശ്വാസമാണെന്ന് എനിക്കറിയാം..എന്റെ വാക്കുകൾ മനസ്സ് തളർന്ന ഒത്തിരിപ്പേർക്ക് ആശ്വാസമാണെന്നും ഞാൻ മനസ്സിലാക്കുന്നു..!! അതെന്റെ നിയോഗമാണ് !! എപ്പോഴത്തെയും പോലെ എനിക്ക് വേണ്ടത് എന്റെ പ്രിയമുള്ളവരുടെ പ്രാർത്ഥനകളാണ്..ശക്തമായി അതിശക്തമായി തിരികെ വരുമെന്ന വാക്കു മാത്രമാണ് പകരം തിരികെ നൽകാൻ എന്റെ കയ്യിലുള്ളത്..പലപ്പോഴും തീർന്നു എന്ന് തോന്നുന്ന അവസ്ഥകളിൽ നിന്ന് അത്ഭുതകരമായി ഞാൻ തിരികെ വന്നത് പ്രിയമുള്ളവരുടെ പ്രാർത്ഥനകളുടെ ഫലമാണ്. കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും..പക്ഷേ അത് മുന്നോട്ട് തന്നെ ആയിരിക്കും !!

NB : കോഴിക്കോട് MVR ൽ ആണ് ട്രീറ്റ്മെന്റ്..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOCIAL MEDIA, CANCER, NANDU MAHADEVA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.