തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക മതിയാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധയിടങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ആകെ തുക 2683.18 കോടി രൂപയാണ്. എന്നാൽ പ്രളയത്തിൽ 26718 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ആകെ 31000 കോടി രൂപ പുനർനിർമാണത്തിനായി വേണ്ടി വരും. ദുരിതാശ്വാസ നിധിയിൽ ലഭിച്ച 2683.18 കോടി രൂപയിൽ 1357.78 കോടി രൂപ തകർന്ന വീടുകൾക്കായി ഉപയോഗിച്ചു. കേന്ദ്രത്തിൽ നിന്ന് 600 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് വിമാനം എത്തിയതിനും റേഷൻ സാമഗ്രികൾ നൽകിയതിനും കേന്ദ്രത്തിന് 290.67 കോടി രൂപ നൽകേണ്ടി വന്നു. എസ്.ഡി.ആർ.എഫിലെ മുഴുവൻ തുക വിനിയോഗിച്ചാലും ബാദ്ധ്യതപ്പെട്ട തുക കൊടുത്ത് തീർക്കുവാൻ ഫണ്ട് തികയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളുടെ പുനർനിർമ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനർനിർമ്മാണം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകി വരുന്നത്. പാരിസ്ഥിത ദുർബല മേഖലകൾ, കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനർനിർമ്മാണം നടത്തൂ. 14 ജില്ലകളുടെയും സമഗ്ര വികസനവും പുനർനിർമാണത്തിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.