Kerala Kaumudi Online
Saturday, 25 May 2019 2.05 PM IST

ഇനി വരുന്ന തലമുറയ്ക്ക് പൊതിച്ചോറിന്റെ ആ സുഗന്ധം കിട്ടുമോ ?

pothichor

സ്‌കൂൾ ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഓർമകളിൽ വയറും മനസും ഒരുപോലെ നിറയ്ക്കുന്ന ഒന്നാണ് പൊതിച്ചോർ. വാഴയിലയുടെ തണ്ട് കീറിയെടുത്ത് തീയിലിട്ട് ഒന്ന് വാട്ടി എടുക്കും. അതിലേക്ക് പകരുന്ന ചൂടു ചോറും മോരു കറിയും. ചെറിയ ഇലകളിൽ പൊതിഞ്ഞ നല്ല രസികൻ ചമ്മന്തിയും കടുമാങ്ങാ അച്ചറും മെഴുക്കുപുരട്ടിയും പിന്നൊരു മുട്ടപൊരിച്ചതും. മിക്ക ഇലകളിലേയും പതിവു വിഭവങ്ങൾ ഇതൊക്കെയായിരുന്നു. ഓർക്കുമ്പോൾ തന്നെ വായിൽ വള്ളംകളി നടത്താനുള്ള വെള്ളമെത്തും. പൊതിച്ചോറിൽ നമുക്കറിയാത്ത ഒരു രസക്കൂട്ടുകൂടി അമ്മ ചേർക്കുമായിരുന്നു, അമ്മയുടെ വാൽസല്യം നിറഞ്ഞ സ്‌നേഹം. അതാണ്രേത ഈ പൊതിച്ചോറുകൾക്ക് ഇത്ര രൂചി വന്നത്. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് കുപ്പിയിൽ വെള്ളവുമായി അമ്മ എത്തും. 'ചോറുകൊണ്ടു കളഞ്ഞിട്ടു വന്നാലുണ്ടല്ലോ' എന്ന അമ്മയുടെ ശകാരവും കേട്ട് സ്‌കൂളിലേക്കു പോയവർക്കറിയാം അതിന്റെ സുഖം.


കാലം മാറിയതോടെ പരിഷ്‌കാരങ്ങളും മാറി. ഇപ്പോഴിതാ, ഇനി മുതൽ സ്‌കൂളുകളിൽ ഭക്ഷണപ്പൊതികൾ കൊണ്ടുവരാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നിർദേശവും പുറപ്പെടുവിച്ചിരിക്കുന്നു. പകരം സ്റ്റീൽ ടിഫിൻ ബോക്സ് ഉപയോഗിക്കാനാണ് നിർദേശം. ഹരിതപെരുമാറ്റചട്ടങ്ങൾ ചില സ്‌കൂളുകൾ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം. എന്തൊക്കെയായാലും ഏതൊരു മലയാളിയുടെ മൂക്കിൽ ഇന്നുമുണ്ട് പൊതിച്ചോറിന്റെ മണവും രുചിയും. സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചപ്പോഴും പൊതിച്ചോറു കൊണ്ടുവരുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും വന്നിട്ടുമില്ല.

ഉച്ചയ്ക്കത്തെ പിരീഡും കഴിഞ്ഞ് ചോറുണ്ണാനുള്ള ബെല്ലടിക്കുന്നൊരു നേരമുണ്ട്. ബാഗും തുറന്ന് പൊതിച്ചോറു വലിച്ചെടുക്കും. ചിലപ്പോ കൈപോലും കഴുകാതെ പൊതി തുറക്കും. ചോറും കറിയുമൊക്കെ അടങ്ങി ഒതുങ്ങി നല്ല അച്ചടത്തോടെ ഇലയിൽ ഇരിക്കുന്നുണ്ടാകും.

pothichor

എല്ലാം ചേർത്തൊരു കുഴയ്ക്കലുണ്ട്. വാട്ടിയവാഴയിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ ചേരുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. അതൊരു പറഞ്ഞറിയ്ക്കാൻ കഴിയാത്ത രസക്കൂട്ടാണ്. ഇതിനിടയിൽ അടുത്തിരിക്കുന്നവന്റെ പൊതിച്ചോറിലേക്ക് കണ്ണു പായും. അതിലെ വിഭവങ്ങളും തന്റെ ഇലയിലേക്കു പകരും. ഒരു പൊതിച്ചോറിൽ നിന്നും കഴിക്കാൻ ചിലപ്പോൾ എത്തുന്നത് എത്രയോ കൈകളായിരിക്കും. അങ്ങനെ കൊടുത്തും വാങ്ങിയും ഭക്ഷണം കഴിച്ചപ്പോൾ മലയാളി പഠിച്ചത് പങ്കുവയ്ക്കലിന്റെ ആദ്യ പാഠങ്ങൾ കൂടിയായിരുന്നു. പൊതിച്ചോറുകൾ സ്‌കൂളുകളിൽ ഇല്ലാതാകുന്നു. ഇനി ഒരു കൈ കഷ്ട്ടിച്ച് ഇറങ്ങാൻ പാകത്തിന് ടിഫീൻ ബോക്സുൾ ഇടംപിടിയ്ക്കും.

( നല്ല ഭക്ഷണം ലഭിക്കുന്ന ഇടത്തേയ്ക്ക് ദൂരം മറന്ന് സഞ്ചരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഭക്ഷണശാലകളിൽ നിന്നും നാവിന് ലഭിച്ച രുചിയറിവുകൾ പങ്ക് വച്ചതിലൂടെ പ്രശസ്തമായ നിരവധി ഭക്ഷണശാലകൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തിൽ രസമുകുളങ്ങളെ ഉണർത്തിയ രുചിയറിവുകൾ നാടാകെ അറിയിക്കാൻ കേരളകൗമുദി ഓൺലൈൻ അവസരമൊരുക്കുന്നു. മനസ് നിറഞ്ഞ് കഴിച്ച വിഭവത്തെക്കുറിച്ചും, ലഭിച്ച ഭക്ഷണശാലയെ കുറിച്ചും മനോഹരമായി ഒരു കുറിപ്പും ഫോട്ടോകളും ഞങ്ങൾക്ക് ഈ നമ്പരിൽ +91 9188448983 വാട്സാപ്പ് ചെയ്യൂ ഞങ്ങളത് പ്രസിദ്ധീകരിക്കാം)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POTHICHOR, NOSTALGIA, SCHOOL LUNCH, TIFFIN BOX, SCHOOL LIFE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY