ഒരു കുഞ്ഞിന്റെ ജനനം ഏതൊരാളിനെയും എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് സോൾ എന്ന ഇറ്റലിയിൽ നിന്നുള്ള ചിത്രം പറഞ്ഞുതരും. നവജാത ശിശുവന്റെ പേരാണ് സോൾ. എന്നാൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളുടെ ആത്മാവിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാണ് ഈ ചിത്രം. ഇറ്റാലിയൻ സംവിധായകനായ കാർലോ സിറോണിയുടെ പ്രഥമ സംവിധാന സംരഭമാണ് സോൾ. മുരടിച്ചുപോയ ജീവിതങ്ങളുടെയും അടിച്ചമർത്തപ്പെട്ട മോഹങ്ങളുടെയും ഭാവസമ്പൂർണമായ ചിത്രീകരണമാണ് സോൾ എന്നു പറയാം.
ജീവിതത്തെ ലാഘവത്തോടെ കാണുന്ന ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന എർമാനോയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രധാന പ്രതിപാദ്യം. വാടകഗർഭധാരണവും ദത്തെടുക്കലിനും കർശന നിയന്ത്രണമാണ് ഇറ്റലിയിലുള്ളത്. എർമാനോയുടെ ഒരകന്ന ബന്ധുവായ ഫാബിയോക്ക് കുട്ടികളില്ല. അവർക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കണം. പോളണ്ടിൽ നിന്നുള്ള കുടിയേറ്റക്കാരിയായ ഗർഭിണിയായ ലെന എന്ന 22കാരി തന്റെ കുഞ്ഞിനെ ഇവർക്ക് വിൽക്കാൻ സന്നദ്ധയായി എത്തുന്നു. ദത്തെടുക്കൽ നിയമങ്ങളെ മറികടക്കാൻ ഫാബിയോ ഒരു മാർഗം കണ്ടെത്തുന്നു. എർമാനോയെ ലെനയുടെ ഭർത്താവായി അഭിനയിക്കാൻ ഫാബിയോ നിർബന്ധിക്കുന്നു. ലെനയ്ക്കും എർമാനോയ്ക്കും നല്ല പ്രതിഫലവും ഫാബിയോ വാഗ്ദാനം ചെയ്യുന്നു. കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ലെന രാജ്യംവിട്ടുപോകണം എന്നതാണ് പദ്ധതി. അപ്പോൾ എർമാനോ കുഞ്ഞിനെ വളർത്താൻ തനിക്കാകില്ലെന്ന് അധികൃതരെ അറിയിക്കുകയും ഫാബിയോക്കും ഭാര്യക്കും കുഞ്ഞിനെ ദത്തെടുക്കാൻ വഴി തെളിയുകയും ചെയ്യും.
എന്നാൽ ഫാബിയോ ആസൂത്രണം ചെയ്തതു പോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നത്. പ്രസവശേഷവും എർമാനോയ്ക്കൊപ്പം ലെനയ്ക്ക് കുഞ്ഞുമായി വീണ്ടും കഴിയേണ്ടി വരുന്നു. അമ്മയെന്ന നിലയിൽ ലെന കുഞ്ഞിനോട് അടുപ്പം കാണിക്കുന്നില്ലെങ്കിലും എർമാനോയുടെ സ്വഭാവത്തിൽ കുഞ്ഞ് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. എർമാനോയുടെ ജീവിതത്തിന് സോൾ എന്ന കുഞ്ഞ് പുതിയ അർത്ഥം നൽകുന്നു, നിറുത്താതെ കരയുന്ന കുഞ്ഞിനെ ലെന ശ്രദ്ധിക്കുന്നില്ലെങ്കിലും നാപ്പി മാറ്റി കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്ന എർമാനോയിൽ നിന്നുണ്ടാകുന്ന ആർദ്രത അവന്റെ മാറ്റത്തിന്റെ തുടക്കമായിരുന്നു. അവരെ സംരക്ഷിക്കാൻ അവൻ ജോലിക്ക് പോകാൻ തുടങ്ങുന്നു. ലെനയും എർമാനോയും തമ്മിൽ പ്രണയബദ്ധരാകുന്നു. എങ്കിലും കരാർ അനുസരിച്ച് അവർക്ക് കുഞ്ഞിനെ ഫാബിയോക്ക് കൈമാറേണ്ടതുണ്ട്. പ്രണയത്തിനും പണത്തിനും ഇടയിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന അവസ്ഥയിലേക്കാണ് എർമാനോയും ലെനയും എത്തുന്നത്.
ഒരു കു ഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഫാബിയോയുടെ ഭാര്യയും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ വിൽക്കേണ്ടി വരുന്ന ലെനയും സ്ത്രീത്വത്തിന്റെ രണ്ട് വ്യത്യസ്ത അവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചുരുക്കം കഥാപാത്രങ്ങളിലൂടെയും ആറ്റിക്കുറുക്കിയ ഫ്രെയിമുകളിലൂടെയുമാണ് സിറോണി ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അമച്വർ താരമായ സെഗലാഷ്യോയാണ് എർമാനോയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത പോളിഷ് താരം ഡ്രിസിമൽസ്കയാണ് ലെനയായി എത്തുന്നത്.