കൊച്ചി: വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി മുറിക്കാൻ സർജിക്കൽ ബ്ലേഡ് വാങ്ങിയത് സുനിത. ചോരപൊടിഞ്ഞപ്പോൾ പ്രേംകുമാറിന്റെ കൈ വിറച്ചു. കാമുകിയോടൊപ്പം ജീവിക്കാൻ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ പ്രേംകുമാർ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തൽ. മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പ്രേംകുമാർ മൊഴിനൽകി. ഇന്നലെ രാത്രിയോടെ ഇവരെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
മൃതദേഹത്തിൽ നിന്ന് രക്തം വാർന്നപ്പോൾ പ്രേംകുമാർ പഴയ സഹപാഠിയായ കൂട്ടുകാരന്റെ സഹായം തേടിയതായി പൊലീസ് കണ്ടെത്തി. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയ കൂട്ടുകാരനെയും കേസിൽ പ്രതിചേർക്കും. ഇയാളുടെ ഉപദേശ പ്രകാരമാണ് മൃതദേഹം കൊണ്ടുപോയി തിരുനെൽവേലിയിൽ ആളൊഴിഞ്ഞിടത്ത് ഉപേക്ഷിച്ചത്. കൂടെ വരാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാതിരുന്നതിനാൽ സുനിതയോടൊപ്പം കാറിൽ പോവുകയായായിരുന്നു.
കൂട്ടുകാരനെ തേടി പൊലീസ് തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാരുമൊത്ത് പുറത്തു പോയതിനാൽ പിടിയിലായിട്ടില്ല. സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്. ഡോക്ടറെ കാണിക്കാനെന്ന പേരിൽ വിദ്യയെ എറണാകുളത്തുനിന്നും പേയാടുള്ള വില്ലയിൽ എത്തിച്ച പ്രേംകുമാർ അവർക്കു മദ്യം നൽകി. ബോധരഹിതയായ വിദ്യയെ കഴുത്തിൽ കയർ മുറുക്കി കൊല്ലുമ്പോൾ സുനിത മുകൾനിലയിലുണ്ടായിരുന്നു. പിറ്റേന്ന് ഇരുവരും ചേർന്ന് മൃതദേഹം നാഗർകോവിലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രേംകുമാറിനെയും കൂട്ടുപ്രതി സുനിത ബേബിയെയും 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്ന് ഉദയംപേരൂരിലും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുനൽവേലി വള്ളിയിരൂരിലും എത്തിച്ചു തെളിവെടുപ്പു നടത്തും. ഇന്ന് രാവിലെ ഉദയംപേരൂർ നടക്കാവിൽ പ്രേംകുമാറും ഭാര്യ വിദ്യയും താമസിച്ചിരുന്ന വാടക വീട്ടിലും തെളിവെടുക്കും. കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപത്തെ കട, മദ്യം വാങ്ങിയ ചൂരക്കാട്ടെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റ് എന്നിവിടങ്ങളിലും എത്തിക്കും.