കൊച്ചി: കൊണ്ടുനടക്കാവുന്ന വൈദ്യുതി പുട്ടുകുറ്റി മുതൽ അതിർത്തിയിലെ നുഴഞ്ഞുകയറ്റം കണ്ടുപിടിക്കാനുള്ള ഉപകരണം വരെ കൊച്ചിയിൽ നടന്ന മേക്കർ ഫെസ്റ്റിൽ അണിനിരന്നു.
സ്മാർട്ട് വീൽചെയർ, ഡാമിലെ ജലനിരപ്പ് തത്സമയം അറിയുന്നതിനുള്ള ആപ്പ് എന്നിങ്ങനെ ഫെസ്റ്റിൽ പ്രദർശിപ്പിച്ചത് വൈവിധ്യവും കൗതുകവുമുണർത്തുന്ന ഉത്പന്നങ്ങൾ.
രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ ഉച്ചകോടിയായ കൊച്ചി ഡിസൈൻ വീക്കിന്റെ ഭാഗമായിരുന്നു മേക്കർ ഫെസ്റ്റ്. വീൽചെയറിൽ ക്ലാസിൽ വന്നിരുന്ന സഹപാഠിയുടെ വൈഷമ്യങ്ങളാണ് മലപ്പുറം മഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫൈസൽ, മുഹമ്മദ് സിയാദ് എന്നിവർക്ക് സ്മാർട്ട് വീൽചെയർ ഉണ്ടാക്കാനുള്ള പ്രചോദനമായത്. ശബ്ദം തിരിച്ചറിയാനുള്ള സംവിധാനമടക്കമാണ് വീൽചെയർ. പൊതു വിപണിയിലെ വിലയുടെ നാലിലൊന്ന് നിരക്കിൽ പുതിയ വീൽചെയർ വിപണിയിലിറക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
സന്ദർശകരെ അത്ഭുതപ്പെടുത്തുന്നതാണ് ബംഗളുരുവിൽനിന്ന് വന്ന പതിനൊന്നുകാരനായ വിസ്മയ് അത്രെയുടെ സ്മാർട്ട് കളിപ്പാട്ടങ്ങൾ. റേഡിയോ സാങ്കേതിക വിദ്യയും പ്രോഗ്രാമിങ്ങും സമന്വയിപ്പിച്ചാണ് ഇവ ഉണ്ടാക്കിയത്.
അണക്കെട്ടുകളിലെ ജലനിരപ്പ് തത്സമയം അറിയാൻ സാധിക്കുന്ന സെൻസറിംഗ് ഉപകരണമാണ് കൊച്ചിയിലെ വിദ്യോദയ സ്ക്കൂളിലെ വേദ വേണുഗോപാലും മുഹമ്മദ് റിഹാനും കണ്ടുപിടിച്ചത്.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പുട്ടുകുറ്റിയിൽ പുട്ട് പാകമാകുമ്പോൾ കുറ്റിയടക്കം കൊണ്ടുപോകാം. പിന്നീട് ഇത് ചൂടാക്കി ഉപയോഗിക്കുകയും ചെയ്യാം.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കളയാനുള്ള സ്മാർട്ട് ചവറ്റുകുട്ടയാണ് പാലക്കാട് ലയൺസ് സ്ക്കൂളിലെ വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം. സ്മാർട്ട് കാർഡിന്റെ സഹായത്തോടെ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്ലാസ്റ്റിക്കിന്റെ തൂക്കമനുസരിച്ച് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കാനാകുമെന്ന് എട്ടാംക്ലാസ് വിദ്യാർത്ഥി അഭിനന്ദൻ പ്രകാശ് പറഞ്ഞു.
ഇൻവേഡർ ഡിറ്റക്ടർ എന്നതാണ് കപ്രശേരി മോഡൽ ടെക്നിക്കൽ എച്ച്.എസ്.എസിലെ ഗൗരിശങ്കർ പി വികസിപ്പിച്ച ഉപകരണം. സിയാച്ചിനിൽ മഞ്ഞിടിച്ചിലിൽ സൈനികർ മരിച്ച സംഭവമാണ് പ്രചോദനമെന്ന് ഗൗരിശങ്കർ പറഞ്ഞു.
വിലപിടിപ്പുള്ള സ്മാർട്ട് ഷെൽഫ്, ഡ്രോണുകൾ, വിവിധ വിമാന മാതൃകകൾ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങളാണ് മേക്കർ ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. ഡ്രോൺ പറത്തൽ മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.
മേക്കർ ഫെസ്റ്റിൽ പങ്കെടുക്കുന്ന നൂറിൽ20 പേർ വിദ്യാർത്ഥികളാണ്. മിടുക്കരായ മൂന്ന് വിദ്യാർത്ഥി ടീമുകൾക്കും ഒരു അധ്യാപകനും വീതം മുഴുവൻ ചെലവുകളുമടങ്ങുന്ന ദുബായ് യാത്രയാണ് സമ്മാനം.