SignIn
Kerala Kaumudi Online
Wednesday, 26 February 2020 8.20 PM IST

രാജ്യമെമ്പാടും പ്രതിഷേധം പടരുന്നു,​ ഒറ്റക്കെട്ടായി വിദ്യാർത്ഥികൾ

jm

ന്യൂഡൽഹി/ മുംബയ്/ ലക്‌നൗ: ജാമിയമിലിയ സർവകലാശാലയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രതിഷേധം പടർന്നു. ഹൈദരാബാദ് സർവകലാശാല, മുംബയ് ഐ.ഐ.ടി, കാൺപൂർ ഐ.ഐ.ടി, മദ്രാസ് ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ബോംബെ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ്, ലക്‌നൗവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

ജാമിയ മിലിയ സംഭവത്തിൽ പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാരണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല, കൊൽക്കത്ത ജാദവ്പൂർ സർവകലാശാല, മദ്രാസ് ഐ.ഐ.ടി, ഐ.ഐ.എസ്.സി ബംഗളൂരു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിൽ പ്രതിഷേധ മാർച്ചും ഐക്യദാർഡ്യ പ്രകടനങ്ങളും നടന്നു. മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ സൂചകമായി ഇന്നലെ നടക്കേണ്ടിയിരുന്ന സെമസ്റ്റർ പരീക്ഷകൾ ബഹിഷ്‌കരിച്ചു. അലഹബാദ് സർവകലാശാല ഇന്നലെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.സംഘർഷപശ്ചാത്തലത്തിൽ ജാമിയ മിലിയിയിലെ പരീക്ഷ കേന്ദ്രങ്ങൾ ഇഗ്നോ മാറ്റി. ജാമിയ മില്ലിയ, പട്ടേൽചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവൻ മെട്രോസ്റ്റേഷനുകൾ അടച്ചു. ട്രെയിനുകളുടെ സ്റ്റോപ്പ് ഒഴിവാക്കി

അലിഗഡ് കൗമ്പസ് ഒഴിപ്പിക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ അലിഗഡിൽ കർഫ്യൂ ഏർപ്പെടുത്തി. അലിഗഡ്, മീററ്റ്, പശ്ചിമ ബംഗാളിലെ അഞ്ചു ജില്ലകൾ എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ 24 മണിക്കൂറത്തേക്ക് റദ്ദാക്കി. അസാമിലും മേഘാലയിലും നേരത്തെ റദ്ദാക്കിയിരുന്നത് നാളെ വൈകിട്ട് വരെ തുടരും.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കാമ്പസ് ഇന്ന് ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ്. കാമ്പസ് ഒഴിപ്പിച്ച് എല്ലാ വിദ്യാർത്ഥികളെയും വീട്ടിലേക്ക് അയയ്ക്കുമെന്ന് ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞു. 21 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. 56 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ജനുവരി അഞ്ച് വരെ സർവകലാശാല അടച്ചിരിക്കുകയാണ്.

ഇന്നലെ പ്രതിഷേധിച്ച അലിഗഡ് വിദ്യാർത്ഥികൾക്ക് നേരെ കാമ്പസിന്റെ പ്രധാനകവാടം കടന്ന് അകത്ത് കയറിയ പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തി ചാർജും നടത്തിയിരുന്നു. പരിക്കേറ്റ 60 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിലാണ്. 20പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അധികൃതരുടെ അനുമതിയില്ലാതെയാണ് പൊലീസ് അകത്തു കടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

 ഷർട്ടൂരി പ്രതിഷേധം

സമരം തുടരുന്ന ജാമിയമിലിയയിലെ വിദ്യാർത്ഥികൾ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കടുത്ത തണുപ്പ് വകവയ്ക്കാതെ ഷർട്ടൂരി പ്രതിഷേധിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു. ആർട്സ് ഫാക്കൽട്ടിയിൽ പ്രതിഷേധത്തിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചില വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ചവരെ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. വിദ്യാർത്ഥികളോട് കാമ്പസ് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പലരും വീട്ടിലേക്ക് മടങ്ങി തുടങ്ങി. ജനുവരി 5വരെ കോളേജ് അവധിയാണ്.

വാഹനം കത്തിച്ച സംഭവത്തിൽ കലാപത്തിനും സ്വത്തുവകകൾ നശിപ്പിച്ചതിനും പ്രതിഷേധക്കാർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

സർവകലാശാലയിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാനും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും സമിതി രൂപീകരിക്കാൻ ജാമിയ മിലിയ ഇസ്‌ലാമിയ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ആംആദ്മി ഓഖ്‌ല എം.എൽ.എ അമാനത്തുള്ളഖാനെതിരെ ബി.ജെ.പി പ്രദേശിക നേതാക്കൾ പൊലീസിൽ പരാതി നൽകി.സംഘർഷത്തിനിടെ വനിതാ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖാ ശർമ്മ ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ചു.

 ജാമിയമിലിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സംഘടിച്ച ലക്‌നൗവിലെ നദ്‌വത്തുൽ ഉലമാ അറബിക് കോളേജിന് മുന്നിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസ് പുറത്തു നിന്നും കോളേജ് ഗേറ്റ് പൂട്ടി. കോളേജ് ഗേറ്റിന് പുറത്ത് പൊലീസും അകത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളും മുഖാമുഖം നിന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് സംഘർഷസാദ്ധ്യത തുടരുകയാണ്.


 മുംബയ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചു. പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. അദ്ധ്യാപകരും ഇവർക്കൊപ്പം അണിചേർന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JAMIA MILLIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.