SignIn
Kerala Kaumudi Online
Friday, 21 February 2020 9.51 AM IST

സിനിമാനടനെ വെല്ലുന്ന മേക്കപ്പ്, 40 പവന്റെ സ്വർണ്ണമാല, മോഹനവാഗ്ദാനം നൽകി വശത്താക്കി വേണ്ടത് നേടിയെടുക്കും, കാണാൻ പണച്ചാക്കുകളുടെ നീണ്ട ക്യൂ, ഒടുവിൽ വിലങ്ങ് വീണത് ഇങ്ങനെ

jayakumar

കോട്ടയം: ഒരു കോടി രൂപ കൊടുത്താൽ ഒന്ന് മുപ്പതാക്കി തിരിച്ചുതരും; ഇതാണ് ജയകുമാറിന്റെ ഓഫർ. അങ്ങനെ അതിമോഹവുമായി ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി ചെരുവിൽ ജയകുമാറിന്റെ പട്ടിത്താനത്തെ വീട്ടിലെത്തിയ 'പണച്ചാക്കുകൾ" അന്ധാളിച്ചുപോയി! വീട്ടുമുറ്റത്ത് ബെൻസ് കാറുകളുടെ നീണ്ട നിര.

ചൈതന്യം നിറയുന്ന ചെറിയൊരു അമ്പലം. വീടും അമ്പലവുമെല്ലാം ടിൻ ഷീറ്റുകൊണ്ട് 15 അടി ഉയരത്തിൽ മറച്ചിട്ടുണ്ട്. ചുറ്റിലും സി.സി ടി.വി നിരീക്ഷണവും. പിന്നെ വ്യക്തവും വടിവൊത്തതുമായ അക്ഷരത്തിൽ ഒരു ബോർ‌‌ഡും ; നിങ്ങൾ സി.സി.ടി.വി നിരീക്ഷണത്തിലാണ്. അമ്പലമാണ്. ഇവിടെ മൂത്രം ഒഴിക്കരുത്!

അകത്തുകയറിയാൽ ഇതിലും കൂടുതൽ കാണാനുണ്ട്. അത് ജയകുമാറാണ്. മലയാളവും ഇംഗ്ലീഷും തമിഴും പച്ചവെള്ളം പോലെ സംസാരിക്കുന്ന വെറും ഒൻപതാം ക്ലാസുകാരനായ ജയകുമാർ. ആറ് അടി പൊക്കം. പൊലീസ് ഓഫീസറെ വെല്ലുന്ന ആകാരവടിവ്. സിനിമാനടനെ വെല്ലുന്ന മേക്കപ്പ്. വിലകൂടിയ വസ്ത്രങ്ങൾ. 40 പവന്റെ സ്വർണ്ണമാല. ആരുടെയും കണ്ണ് മഞ്ഞളിച്ചു പോകും. ഈ പകിട്ടുകാണിച്ച് പലരിൽ നിന്നായി ജയകുമാ‌‌ർ തട്ടിയത് കോടികൾ.

എറണാകുളം സ്വദേശിനിയുടെ പരാതിയെതുടർന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയും സംഘവും ഇയാളുടെ പട്ടിത്താനത്തെ വീട്ടിലെത്തുമ്പോൾ 'ജയകുമാർ സാറിനെ' മുഖംകാണിക്കാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു. പൊലീസിനെ കണ്ടിട്ടും ഒട്ടും പതറാതെ നിന്ന ജയകുമാർ 'എന്തുണ്ട് വിശേഷങ്ങൾ" എന്നു ചോദിച്ചായിരുന്നു ഡിവൈ.എസ്.പിയെ എതിരേറ്റത്. ഡിവൈ.എസ്.പിയും ജയകുമാറിനെ കാണാനാണ് എത്തിയതെന്നാണ് കൂടിനിന്നവർ കരുതിയത്. എന്നാൽ ജയകുമാറിന്റെ കൈയിൽ വിലങ്ങുവീഴാൻ അധികനേരം വേണ്ടിവന്നില്ല. വിലങ്ങുമായി ജീപ്പിൽ കയറ്റുമ്പോൾ കാര്യമെന്തന്നറിയാതെ അവർ പകച്ചുനിന്നു. പിന്നീടാണ് അറിയുന്നത് ഇയാൾ ലോക തട്ടിപ്പുകാരനാണെന്ന്.

വിലങ്ങുവീണ വഴി

തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെയും ഗവ.സെക്രട്ടറിമാരുടെയും പക്കൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് പണമുണ്ടെന്നും ഇത് വെളുപ്പിക്കലാണ് ലക്ഷ്യമെന്നും പറഞ്ഞാണ് ബിസിനസുകാരിൽ നിന്നും ഐ.ടി മേഖലയിലുള്ളവരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. എറണാകുളം സ്വദേശിനിയിൽ നിന്ന് 1.30 കോടി രൂപ വാങ്ങിയത് തിരികെ നല്കാമെന്ന വാഗ്ദാനത്തിലാണ്. പണവുമായി സ്ത്രീ പട്ടിത്താനത്തുള്ള വസതിയിൽ എത്തി. അത് വാങ്ങി വച്ചശേഷം കൊടുക്കാനുള്ള 1.3 കോടി രൂപ എടുത്തുകൊണ്ടു വരാൻ അവിടെയുണ്ടായിരുന്ന കിങ്കരനോട് പറഞ്ഞു. അകത്തേക്ക് പോയ ഇയാൾ തിരിച്ചെത്തി പണം തികയില്ലെന്നും ഉത്തമപാളയത്തിലെ ഗോഡൗണിൽ നിന്ന് പണം കൊണ്ടുവരാമെന്നും പറഞ്ഞു. ഇതേതുടർന്ന് ജയകുമാറും സംഘവും ഒരു കാറിലും സ്ത്രീയും ഒപ്പമുണ്ടായിരുന്നവരും മറ്റൊരു കാറിലും യാത്രപുറപ്പെട്ടു. ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നാൽ മതിയെന്നായിരുന്നു സ്ത്രീയോട് ജയകുമാർ പറഞ്ഞിരുന്നത്.

ഇതനുസരിച്ച് സംഘം യാത്ര പുറപ്പെട്ടു. ഉത്തമപാളയത്തെത്തിയപ്പോൾ വാഹനം നിറുത്തി. സ്ത്രീയെയും കൂട്ടരേയും ഒരു ഹോട്ടൽ കാണിച്ചിട്ട് അവിടെ വിശ്രമിക്കാൻ പറഞ്ഞു. തുടർന്ന് ഗോഡൗണിൽ നിന്നും പണമെടുക്കാൻ ജയകുമാറും സംഘവും പോയി. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവർ തിരികെ വന്നില്ല. ഇതേത്തുടർന്ന് സ്ത്രീയും സംഘവും ഏറ്റുമാനൂരിലെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ ജയകുമാറിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു. ജീവനിൽ ഭയംതോന്നിയ സ്ത്രീ ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന് പരാതി നൽകി. തുടർന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി കേസ് അന്വേഷിച്ചതും ജയകുമാറിനെ കൈയോടെ പൊക്കിയതും.

നാട്ടിലും മറുനാട്ടിലും ഏജന്റുമാർ

തമിഴ്നാട്ടിലും കേരളത്തിലും ഏജന്റുമാരെ നിയമിച്ചാണ് ജയകുമാർ തട്ടിപ്പിന് കളമൊരുക്കിയത്. പണക്കാരായ ബിസിനസുകാരെയും ബിസിനസ് പൊളിഞ്ഞു നിൽക്കുന്നവരെയുമാണ് മോഹന വാഗ്ദാനങ്ങൾ നൽകി ഏജന്റുമാർ വശത്താക്കിയിരുന്നത്. കമ്പം, ഉത്തമപാളയം എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ കോടിക്കണക്കിന് പണം സ്വരൂപിച്ച് വച്ചിട്ടുണ്ടെന്നും തമിഴ്നാട്ടിലെ ചില മന്ത്രിമാരുടെ കണക്കിൽപ്പെടാത്ത പണമാണ് ഇങ്ങനെ പെരുപ്പിച്ചുതരുന്നതെന്നുമാണ് അവർ പറഞ്ഞിരുന്നത്. പണവുമായി എത്തുന്നവരെ കാണാൻ ആദ്യമൊന്നും ജയകുമാർ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വരാൻ പറഞ്ഞ് തിരിച്ചയ്ക്കും. ഇതോടെ ഇവരുമായി എത്തുന്ന ഏജന്റുമാർ എങ്ങനെയും പണം വാങ്ങണമെന്നും ഒരാഴ്ച കഴിഞ്ഞ് കൊടുത്താൽ മതിയെന്നും ജയകുമാറിനോട് കേണപേക്ഷിക്കും. ഇതോടെ ജയകുമാറിന്റെ മനസ് മാറും പട്ടിത്താനത്തെ വീട്ടിൽ എത്ര പണമുണ്ടെന്നാവും അടുത്തചോദ്യം. പണം തികയില്ല, ഉള്ളപണം നല്കിയിട്ട് പോ. അടുത്തയാഴ്ച പണം തമിഴ്നാട്ടിലെ ഗോഡൗണിൽ നിന്ന് കൊണ്ടുവന്ന് തരാം എന്നുപറഞ്ഞ് തിരിച്ചയയ്ക്കും. ഇത്തരത്തിൽ പണം നഷ്ടമായ ഏഴു പേരെ ക്രൈം ഡിറ്റാച്ച്മെന്റ് സെൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുമായി അത്ര രമ്യതയിലല്ല ജയകുമാറെന്നാണ് അറിയുന്നത്. 42 വയസായെങ്കിലും വിവാഹം കഴിച്ചിട്ടില്ല. യുവതിയായ ഒരു സ്ത്രീ ഇയാളോടൊപ്പം പട്ടിത്താനത്തെ വീട്ടിലുണ്ട്. തമിഴ്നാട്ടിലെ കോളേജ് പ്രൊഫസറാണ് ഈ സ്ത്രീയെന്നാണ് ജയകുമാർ പലരോടും പറഞ്ഞിരിക്കുന്നത്. കൂടാതെ തമിഴ്നാട്ടിലെ മറ്റു ചില സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ട്. ഇയാളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറുകളെല്ലാം വാടകയ്ക്ക് എടുത്തവയാണെന്നും കഴുത്തിലെ മാല മുക്കുപണ്ടമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജയകുമാറിനെ റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CHEATING CASE, POLICE, ARREST
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.