SignIn
Kerala Kaumudi Online
Wednesday, 01 April 2020 7.51 AM IST

മണ്ണ് കടത്തൽ മാമാങ്കത്തിന് പിന്നിൽ 12 ഏമാന്മാർ, കാൽലക്ഷം രൂപ പൊലീസിന് മാസപ്പടി: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

kerala-police

തിരുവനന്തപുരം: നഗരത്തിൽ മണ്ണ് കടത്തൽ കൊഴുക്കുമ്പോൾ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് രണ്ട് പൊലീസ് സ്റ്റേഷനുകളിലെ ഓഫീസർമാർ. മണ്ണ് കടത്തുന്നതാകട്ടെ കുപ്രസിദ്ധ ഗുണ്ടകളുടെ നേതൃത്വത്തിലും. തമ്പാനൂർ, കരമന സ്റ്റേഷനുകളിലെ ഒരു ഡസനോളം പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. മണ്ണെടുപ്പിനെച്ചൊല്ലിയുള്ള തർക്കമാണ് അടുത്തിടെ നഗരത്തിലുണ്ടായ കൊലപാതകത്തിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. കാൽലക്ഷം രൂപയാണ് പൊലീസിന് മാസപ്പടി. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കഥകൾ ഒളിഞ്ഞിരിക്കുന്നത്.

നഗരത്തിൽ മണൽ - റിയൽ എസ്റ്റേറ്റ് മാഫിയാ സംഘങ്ങളും പൊലീസും തമ്മിൽ വഴിവിട്ട ബന്ധമാണെന്നും തമ്പാനൂർ, കരമന സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥർ മണ്ണ് മാഫിയയുടെ ഏജന്റുമാരാണെന്നതിന് വ്യക്തമായ തെളിവുകളും വിജിലൻസിന് ലഭിച്ചു. നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഹൗസ് ഓഫീസറായ സി.ഐ, എസ്.ഐ മാർ, ഗ്രേഡ് എ.എസ്.ഐ മാർ, ഡ്രൈവർമാ‌ർ എന്നിവരുടെ ഫോൺകോൾ വിശദാംശങ്ങളുൾപ്പെടെ വ്യക്തമായ തെളിവുകൾ സഹിതം ഇത് സംബന്ധിച്ച റിപ്പോർട്ട് നടപടികൾക്കായി മേലുദ്യോഗസ്ഥർക്ക് സമർപ്പിച്ചു.

കടത്തുന്നത് ലോഡ് കണക്കിന് മണ്ണ്:

നഗരത്തിൽ കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് മണ്ണ് മാഫിയയുടെ വിളയാട്ടം. തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് നിർമ്മാണപ്രവർത്തനങ്ങളുടെ മറവിൽ ലോഡ് കണക്കിന് മണ്ണാണ് ദിവസവും കടത്തുന്നത്. മൈനിംഗ് ആന്റ് ജിയോളജിയിൽ നിന്ന് അനുമതി വാങ്ങിവേണം മണ്ണ് എടുക്കാനെന്നാണ് ചട്ടം. സർക്കാരിന് റോയൽറ്റി അടച്ച് മൈനിംഗ് ആന്റ് ജിയോളജിയിൽ നിന്ന് പാസ് വാങ്ങാതെ നഗരസഭാ എൻജിനീയർമാരെ സ്വാധീനിച്ച് നഗരസഭയുടെ നിർമ്മാണ ആവശ്യത്തിനുള്ള മണ്ണെന്ന പേരിൽ പാസ് സംഘടിപ്പിച്ചാണ് മാഫിയകളുടെ വിളയാട്ടം. കെട്ടിടങ്ങളോ ഫ്ളാറ്റോ നിർമ്മിക്കുവാൻ മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി നിശ്ചിത ലോഡ് മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകാറുണ്ട്. ഇത്തരത്തിൽ അനുമതി വാങ്ങുന്ന സൈറ്റുകളിലാകട്ടെ പത്തോ ഇരുപതോ ലോഡ് മണ്ണ് നീക്കം ചെയ്യാനാണ് അനുമതി. അതിന്റെ മറവിൽ നൂറ് കണക്കിന് ലോഡ് മണ്ണാണ് കടത്തുന്നത്.

കരമന കത്തിൻെറ കേന്ദ്രം

നഗരത്തെ വിവിധ മേഖലകളായി തിരിച്ചാണ് ക്രിമിനൽ സംഘങ്ങൾ മണ്ണ് കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ കുപ്രസിദ്ധ ക്രിമിനലുകളായതിനാൽ ഇവരെ ഭയന്ന് മണ്ണെടുക്കുന്നതിനോ നിലവും ചതുപ്പും നികത്തുന്നതിനോ ആരും പരാതിപ്പെടാറില്ല. കരമനയാറിന്റെ തീരപ്രദേശത്താണ് ഏറ്റവുമധികം ചതുപ്പും നിലങ്ങളും നികത്തുന്നത്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലൂടെയാണ് നഗരത്തിൽനിന്നും പലസ്ഥലങ്ങളിലേക്കും മണ്ണ് കടത്തുന്നത്.ഇതാണ് കരമന പൊലീസ് സ്റ്റേഷനിൽ മണ്ണ് മാഫിയ പിടിമുറുക്കാൻ കാരണം.

കണ്ണടയ്ക്കും മണ്ണുമായി ലോറി പായും

തമ്പാനൂരിലെയും കരമനയിലെയും എസ്.ഐ, എ.എസ്.ഐ, ഡ്രൈവർ തസ്തികയിലുള്ള ഒരു ഡസനോളം പേർക്ക് മണ്ണ് കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി വിജിലൻസ് കണ്ടെത്തി. ഇവരിൽ പലരും നൈറ്റ് ഓഫീസർമാരായിരുന്ന സമയങ്ങളിൽ ഒരു ലോഡ് മണ്ണ് പോലും പിടികൂടാത്തതും വാഹന പരിശോധനയ്ക്കിടെ മണ്ണുമായെത്തുന്ന ടിപ്പറുകൾക്ക് അമിതവേഗം ഉൾപ്പെടെ നിസാര വകുപ്പുകൾ ചുമത്തി പെറ്റിനൽകി വിട്ടയച്ചതും സ്ഥിരീകരിച്ചു. ഇവരിൽ പലരും മാസം കുറഞ്ഞത് കാൽലക്ഷം രൂപവരെ മണൽമാഫിയയിൽ നിന്ന് മാസപ്പടി കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണ് മാഫിയയിലുൾപ്പെട്ടവരും ടിപ്പർ ഡ്രൈവർമാരുമായും പൊലീസുദ്യോഗസ്ഥരിൽ പലരും നിരന്തരം ഫോണിൽ വിളിച്ചതായുള്ള വിവരവും വിജിലൻസിന് ലഭിച്ചു. വാഹന പരിശോധനയുടെ വിവരങ്ങളും മണ്ണ് കടത്ത് സംബന്ധിച്ച് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളുടെ വിവരങ്ങളും മറ്റും ഇവർ ഫോൺ വഴി ചോ‌ർത്തി നൽകിയിട്ടുണ്ട്.

വിഹിതം വാങ്ങുന്നത് എ.എസ്.എെ

തമ്പാനൂരിൽ ഒരു എ.എസ്.ഐയാണ് മണ്ണ് മാഫിയയിൽ നിന്നും പടി കൈപ്പറ്റി സ്റ്റേഷനിൽ വിതരണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്രേഷന് സമീപം തന്റെ സ്വകാര്യ കാറിൽ കാത്ത് കിടക്കുന്ന എ.എസ്.ഐയുടെ പക്കലാണ് ഓരോ സൈറ്റിലും മണ്ണെടുക്കും മുമ്പ് പൊലീസ് സ്റ്റേഷനുള്ള വിഹിതം എത്തുന്നത്. പതിനായിരം മുതൽ കാൽ ലക്ഷം വരെ ലോഡിന്റെ എണ്ണത്തിനനുസരിച്ചാണ് പടി. സ്കൂൾ സമയത്ത് ടിപ്പർ സർവ്വീസ് പാടില്ലെന്ന നിർദേശമുണ്ടെങ്കിലും നഗരത്തിലെ മോഡൽ സ്കൂൾ പരിസരം, അരിസ്റ്റോ ജംഗ്ഷൻ, തൈയ്ക്കാട് തുടങ്ങി പല സ്ഥലങ്ങളിൽ നിന്നും ലോഡ് കണക്കിന് മണ്ണാണ് ദിവസം മുഴുവൻ പൊലീസിന്റെ കൺമുന്നിലൂടെ കടക്കുന്നത്. കൺട്രോൾ റൂമിലെ ചില പൊലീസുദ്യോഗസ്ഥർക്കും മണ്ണ് മാഫിയ മാസപ്പടി നൽകുന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.

സി.ഐയുടെ സ്നേഹവിരുന്ന്

മാസപ്പടിയുമായെത്തിയ മണ്ണെടുപ്പ് സംഘത്തലവനായ മുൻകൊലക്കേസ് പ്രതിയ്ക്കും കൂട്ടാളികൾക്കും നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐ ക്വാർട്ടേഴ്സിൽ സൽക്കാരം നൽകിയ വിവരം പുറത്തായി. മണൽമാഫിയ ബന്ധത്തിന്റെ പേരിൽ നഗരത്തിലെ കരമന, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞദിവസം വിജിലൻസ് പരിശോധന നടന്നതിന് പിന്നാലെയാണ് മണ്ണ് മാഫിയയിൽ നിന്ന് മാസപ്പടി പറ്റുന്നതിൽ വിദഗ്ദനായ സി.ഐ ക്വാർട്ടേഴ്സിൽ ക്രിമിനൽ സംഘത്തിന് സൽക്കാരം ഒരുക്കിയത്. സംഭവത്തിൻെറ ഉള്ളറകൾ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. അടുത്തിടെ വീട് നിർമ്മാണം പൂർത്തിയാക്കിയ സി.ഐയുടെ വീടിന്റെ റൂഫിംഗ് വർക്കുകൾ ഇതേ മണ്ണ് മാഫിയയാണ് സ്പോൺസർ ചെയ്തത്. ഈ ആരോപണത്തിൽ അന്വേഷണം നേരിടുന്നതിനിടെയാണ് പുതിയ സൈറ്റിൽ നിന്ന് മണ്ണെടുക്കും മുമ്പ് പടിയുമായി കാണാനെത്തിയ ക്വട്ടേഷൻ സംഘത്തലവൻമാർക്ക് സ്നേഹവിരുന്നൊരുക്കിയത്.

' നഗരത്തിലെ തമ്പാനൂർ, കരമന പൊലീസ് സ്റ്റേഷനുകളിലെ ഓഫീസർമാരുൾപ്പെടെ ചിലർക്ക് മണ്ണ് മഫിയയുമായി വഴിവിട്ട ബന്ധമുളളതിന്റെ വ്യക്തമായ തെളിവുകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മേലധികാരികൾക്ക് സമർപ്പിച്ചു കഴിഞ്ഞു. മൈനിംഗ് ആന്റ് ജിയോളജി, നഗരസഭ ജീവനക്കാരും നിരീക്ഷണത്തിലാണ്'.

കെ.ഇ ബൈജു, എസ്.പി ,

വിജിലൻസ് സ്പെഷ്യൽ യൂണിറ്ര്. തിരുവനന്തപുരം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE, SOIL, THIRUVANANTHAPURAM, VIGILANCE ENQUIRY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.