SignIn
Kerala Kaumudi Online
Thursday, 13 August 2020 8.27 AM IST

ഭാഗ്യക്കുറി: പുതുവഴികൾ തേടണം

lottery-tax

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞുനിൽക്കുന്ന കേരളത്തിന് ലോട്ടറി നികുതി 28 ശതമാനമായി ഉയർത്തി ഏകീകരിക്കാനുള്ള ജി.എസ്.ടി കൗൺസിൽ തീരുമാനം വലിയ പ്രഹരമാകുമെന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ മുമ്പ് കേരളത്തോട് അനുഭാവം കാട്ടിയിരുന്ന സംസ്ഥാനങ്ങൾ പോലും ബുധനാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കളം മാറ്റിച്ചവിട്ടുകയായിരുന്നു. പഞ്ചാബും രാജസ്ഥാനും ഒപ്പം നിന്നിരുന്നുവെങ്കിൽ കേരളത്തിന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. ജി.എസ്.ടി കൗൺസിൽ യോഗങ്ങളിൽ ഇതുവരെ എല്ലാ തർക്ക വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്ത് ഒടുവിൽ ഏകകണ്ഠമായ തീരുമാനമെടുക്കുകയായിരുന്നു പതിവ്. ആദ്യമായിട്ടാണ് ലോട്ടറി വിഷയത്തിൽ വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കേണ്ടിവന്നത്. അതാകട്ടെ കേരളത്തിന് തീർത്താൽ തീരാത്ത വിനയുമായി. വിഷയം പ്രത്യേകമായി പരിശോധിക്കാൻ അവസരം വേണമെന്ന ആവശ്യം പോലും നിരാകരിക്കപ്പെടുകയാണുണ്ടായത്.

നിലവിൽ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് സംസ്ഥാനത്ത് 12 ശതമാനമാണ് ജി.എസ്.ടി. അത് ഒറ്റയടിക്ക് 28 ശതമാനമാകാൻ പോവുകയാണ്. മാത്രമല്ല രാജ്യമൊട്ടാകെ നികുതി ഏകീകരണം നടക്കുന്നതോടെ അന്യസംസ്ഥാന ലോട്ടറികൾക്ക് ഇവിടെ കൊയ്‌ത്തുകാലവുമാകും. ഈ കാലക്കേട് ഒഴിവാക്കാൻ സംസ്ഥാനം പുതിയ വഴികൾ തേടേണ്ടിവരും. നിയമ നിർമ്മാണം ഉൾപ്പെടെയുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. മറ്റു സംസ്ഥാന ലോട്ടറികൾക്ക് ഉയർന്ന നികുതി ഈടാക്കിയിരുന്നതിനാൽ കേരള ലോട്ടറിക്കായിരുന്നു ഇവിടെ പ്രചാരം. നികുതി ഏകീകരണത്തോടെ വിപണിയിൽ ഈ അനുകൂലാവസ്ഥയാണ് ഇല്ലാതാകുന്നത്.

സംസ്ഥാന സർക്കാർ ഭാഗ്യക്കുറി നടത്തി പാവപ്പെട്ടവരെ മോഹിപ്പിക്കുന്നതിനെതിരെ ശക്തമായ വിമർശനം ഉയരാറുണ്ടെങ്കിലും അര നൂറ്റാണ്ടായി ഇത് ഇവിടത്തെ എല്ലാ വിഭാഗം ആളുകൾക്കിടയിലും നിത്യ സാന്നിദ്ധ്യമായി ഉണ്ട്. ധർമ്മാധർമ്മത്തിനപ്പുറം ലക്ഷക്കണക്കിനു പാവപ്പെട്ടവരുടെ ഉപജീവനമാർഗം കൂടിയാണിത്. അതിനാൽ ഭാഗ്യക്കുറി നടത്തിപ്പിൽ നിന്ന് ഇനി സർക്കാരിന് പിന്മാറാനോ അതിന് ദോഷം വരുത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ച് ചിന്തിക്കാനോ സാദ്ധ്യമാവുകയില്ല. പതിനായിരക്കണക്കിനു ഭിന്നശേഷിക്കാരുടെയും നിരാലംബരുടെയും വീടുകളിൽ തീ പുകയുന്നതു തന്നെ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ്.

സംസ്ഥാന സർക്കാരിന് ഭാഗ്യക്കുറി വില്പന വഴി നല്ല വരുമാനമാണ് ലഭിക്കുന്നത്. എല്ലാ ചെലവുകളും കഴിച്ച് ഒരു വർഷം 1200 കോടിയിൽപ്പരം രൂപയാണ് ഇതുവഴി ലഭിക്കുന്നത്. ജി.എസ്.ടി ഏകീകരണം വരുന്നതോടെ, ഈ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാകും. സ്വതേ ക്ഷീണിച്ച സംസ്ഥാന ഖജനാവിന്റെ നില കൂടുതൽ പരുങ്ങലിലാകും. സോഷ്യലിസ്റ്റ് പാർട്ടിക്കാരനായിരുന്ന പി.കെ. കുഞ്ഞ് ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ വലിയ പരിഷ്കാരങ്ങളിലൊന്നാണ് സർക്കാർ നേരിട്ടു നടത്തുന്ന ഭാഗ്യക്കുറി. അരനൂറ്റാണ്ടിനിടയിൽ അസൂയാർഹമാംവിധം അതു വളർന്നു വലുതാവുകയും ചെയ്തു. സമ്മാനങ്ങളുടെ അമ്പരപ്പിക്കുന്ന വൈപുല്യം കൊണ്ടുതന്നെ കേരള ഭാഗ്യക്കുറി രാജ്യത്ത് ഇന്നു മുൻപന്തിയിലാണ്. വിശേഷാവസരങ്ങളോടനുബന്ധിച്ചുള്ള ബമ്പർ നറുക്കെടുപ്പുകൾക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണു നേടുന്നത്. വൻ ചികിത്സാ ചെലവ് വേണ്ടിവരുന്ന ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാനായി കെ.എം. മാണി കൊണ്ടുവന്ന കാരുണ്യ ലോട്ടറിയും രാജ്യത്തിനാകെ മാതൃകയായി നിലകൊള്ളുന്നു. കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം പൂർണമായും രോഗികളുടെ ചികിത്സാ ചെലവിനായാണു വിനിയോഗിക്കുന്നത്.

കേരളം ഒഴികെ മറ്റധികം സംസ്ഥാനങ്ങൾ ലോട്ടറി നടത്തി വരുമാനമുണ്ടാക്കുന്നില്ലെന്നതു വസ്തുതയാണ്. മിസോറം, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലും ലോട്ടറി ഉണ്ടെങ്കിലും അവയുടെ നടത്തിപ്പ് മറ്റു ഏജൻസികൾക്കു നൽകിയിരിക്കുകയാണ്. ഇവയുടെ നടത്തിപ്പിൽ നടക്കുന്ന വൻ ക്രമക്കേടുകൾ പലപ്പോഴും വാർത്തയാകാറുണ്ട്. 2007-നു മുമ്പു വരെ ഈ ലോട്ടറികൾ ഇവിടെ വൻതോതിൽ പ്രചാരത്തിലുണ്ടായിരുന്നു. അളവറ്റ സമ്പത്തും അവർ ഇവിടെ നിന്ന് വർഷാവർഷം കൊണ്ടുപോയിരുന്നു. നിയമം വഴി സംസ്ഥാന സർക്കാർ അവയെ തുരത്തുകയായിരുന്നു.

സാഹചര്യങ്ങൾ മാറുമ്പോൾ നഷ്ടമാകുന്ന ലോട്ടറി വരുമാനം തിരിച്ചുപിടിക്കാൻ പുതിയ നിയമ നിർമ്മാണമുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിവരും. നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയരുന്നതു വഴി ലാഭത്തിലാണ് കുറവു സംഭവിക്കുക. ടിക്കറ്റ് വില അതനുസരിച്ച് ഉയർത്താമെന്നു വച്ചാൽ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയുണ്ടാക്കുമോ എന്നു ചിന്തിക്കേണ്ടിവരും. പിന്നെ പരിശോധിക്കാവുന്നത് സമ്മാന ഘടനയിലെ പരിഷ്കാരങ്ങളാണ്. ഉയർന്ന നിരക്കിലുള്ള സമ്മാനങ്ങളാണ് ഭാഗ്യക്കുറികളുടെ ആധാര ശില. അതിൽ വലിയ മാറ്റം വരുത്തിയാൽ ഭാഗ്യാന്വേഷികൾ സഹിച്ചെന്നു വരില്ല. നാനാവശങ്ങളും കൂലങ്കഷമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരുമായി സമഗ്ര ചർച്ച നടത്തുകയും ചെയ്ത ശേഷമേ മാറ്റങ്ങൾ വരുത്താവൂ.

ജി.എസ്.ടി വരുന്നതോടെ കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളുടെയും നികുതി വരുമാനം ഗണ്യമായി ഉയരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ നിയമം പ്രാബല്യത്തിലായി മൂന്നു വർഷമെത്തുമ്പോഴും വരുമാനം താഴോട്ടു പോകുന്ന കാഴ്ചയാണു പൊതുവേ കാണുന്നത്. കേന്ദ്രം നൽകാമെന്നേറ്റിരുന്ന നികുതി വരുമാന നഷ്ടമാകട്ടെ സമയത്തും കാലത്തും ലഭിക്കുന്നുമില്ല. ഇനി ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം കൂടി കുറയുന്നത് സംസ്ഥാനത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നു തീർച്ച. നികുതി പിരിവിലുണ്ടാകുന്ന വലിയ വീഴ്ചയും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, LOTTERY TAX
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.