Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

ഇടത് ഐക്യ ആഹ്വാനവുമായി ആർ.എസ്.പി ദേശീയ സമ്മേളനം

rsp

ന്യൂഡൽഹി: ദേശീയതലത്തിൽ ഇടത് ഐക്യം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് ആർ.എസ്.പി 21-ാം ദേശീയ സമ്മേളനം ഡൽഹിയിൽ തുടങ്ങി. മൂന്നു ദിവസത്തെ സമ്മേളനം മവ്‌ലങ്കർ ഹാളിൽ മുതിർന്ന നേതാവ് ക്ഷിതി ഗോസ്വാമി ഉദ്ഘാടനം ചെയ്‌തു. ഭിന്നതകൾ മറന്ന് ഇടത് പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്ന് സമ്മേളനത്തിന്റെ കരട് രാഷ്‌ട്രീയ പ്രമേയം ആവശ്യപ്പെടുന്നു.

മോദിസർക്കാരിനെ പുറത്താക്കുന്നതിനൊപ്പം സമാന ചിന്താഗതിക്കാരെ തടയുകയും വേണം. ഇടത് ഐക്യം ഉടൻ യാഥാർത്ഥ്യമാകണം. തുടർന്ന് ജനാധിപത്യ ശക്തികളെ ഏകോപിപ്പിച്ച് ഫാസിസ്‌റ്റ് ശക്തികളെ തുടച്ചു നീക്കണം. ജനകീയ പ്രക്ഷോഭങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇടത് ഐക്യശ്രമങ്ങൾ അവഗണിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ദുർബ്ബല സഖ്യ നീക്കങ്ങൾ പ്രായോഗികമല്ല. മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് ശക്തികൾക്കൊന്നും ഇന്നത്തെ സാഹചര്യത്തിൽ നിശബ്‌ദരാകാൻ കഴിയില്ല. ഐക്യ നീക്കങ്ങൾക്ക് ആർ.എസ്.പി മുൻകൈയെടുക്കണമെന്നും ജനകീയ സമരങ്ങൾ സംഘടിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഇടത് ഐക്യം യാഥാർത്ഥ്യമാകണമെന്ന് ഉദ്‌ഘാടന ചടങ്ങിൽ സംസാരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്‌ത്രീകളെ ഏറെ ബഹുമാനിച്ചിരുന്ന കേരളത്തിൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ നാണക്കേടുണ്ടാക്കുന്നതായി ശബരിമല സംഭവങ്ങൾ സൂചിപ്പിച്ച് ക്ഷിതി ഗോസ്വാമി പറഞ്ഞു.

സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ളോക്ക് നേതാവ് ദേവവ്രത ബിശ്വാസ്, സി.പി.ഐ.എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, കേന്ദ്രനേതാക്കളായ മനോജ് ഭട്ടചാര്യ, അശോക് ഘോഷ് തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു.

550 പ്രതിനിധികൾ പങ്കെടുക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RSP NATIONAL CONFERENCE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY