ശിവഗിരി: ചൊവ്വയിലേക്കു വരെ മനുഷ്യന്റെ മനസ് നീണ്ടുപോകുമ്പോഴും അവന് തൊട്ടടുത്ത് നിൽക്കുന്നവന്റെ ഹൃദയമിടിപ്പ് കേൾക്കാനാവാതെ പോവുകയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശാസ്ത്രം വളരുമ്പോൾ മനുഷ്യൻ വരളുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ശിവഗിരി തീർത്ഥാടന സന്ദേശത്തിൽ പറഞ്ഞു.
ശാസ്ത്രത്തിന്റെ ചിറകിലേറി മനുഷ്യൻ സർവതിനും വ്യാഖ്യാനം ചമയ്ക്കുന്ന കാലമാണിത്. ഒരു വഴിക്ക് ശാസ്ത്രത്തെ അനുകൂലമാക്കുകയും മറുവഴിക്ക് മറ്റുള്ളവർക്ക് അനുകൂലമാക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യനെ അയലുതഴപ്പതിനായതിപ്രയത്നം ചെയ്യുന്ന മനുഷ്യനാക്കി മാറ്റാനാണ് ഗുരുദേവൻ യത്നിച്ചത്. ആ യത്നത്തിന്റെ പ്രായോഗിക വേദാന്തമാണ് ശിവഗിരി തീർത്ഥാടനം ഉദ്ഘോഷിക്കുന്നത്.
വിദ്യാഭ്യാസം മുതൽ സാങ്കേതിക പരിശീലനം വരെയുള്ള സമസ്ത വിഷയങ്ങളെയും എങ്ങനെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും അഭ്യുന്നതിക്ക് അനുകൂലമാക്കാം എന്ന അറിവിന്റെ വെളിച്ചമാണ് ഇവിടെ നിന്നു പ്രകാശിക്കുന്നത്. ഒപ്പം മനുഷ്യത്വത്തിന്റെ തിരി കെടുത്തി ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ദൈവ നിഷേധത്തിന്റെയുമൊക്കെ തിരികൊളുത്തുന്നവരെ തുറന്നുകാണാനുള്ള ഉൾക്കാഴ്ചയും. ഗുരുദർശനത്തിന്റെ ഈ സാധനാപാഠമാണ് ജൂൺ 20ന് ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും മിഴിതുറന്നു നിന്നതെന്നു നമുക്കു കരുതാം.
എല്ലാ വിദ്വേഷങ്ങളെയും ആർത്തികളെയും ഹരിച്ചുകളയുന്ന ഗുരുദേവ ദർശനത്തിന്റെ പാനം കൊണ്ടാണ് നാം ഈ ലോകത്ത് മുന്നേറേണ്ടത്. അപ്പോഴാണ് മനുഷ്യത്വം കൊണ്ട് വിശ്വപൗരത്വ ബോധത്തിലേക്ക് സ്വയം ഉയരുവാനുള്ള ആന്തരികമാറ്റം ഉണ്ടാകുന്നത്. ഇങ്ങനെ നാം ഈ ലോകത്തിന്റേതും ലോകം നമ്മുടേതുമാകുന്ന ഒരു കാലം യാഥാർത്ഥ്യമാകണമെന്നും സന്ദേശത്തിൽ പറഞ്ഞു.