ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ദർശനം ഉൾക്കൊണ്ട് സ്ത്രീകൾ മുന്നേറണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സമൂഹത്തെ നേരായി നയിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കേണ്ടത് സ്ത്രീകളാണെന്നും ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ന് ഭയത്തിന്റെ നിഴലിലാണ് നമ്മൾ ജീവിക്കുന്നത്. ഈ ഭയം അകറ്റാനുള്ള ഏറ്റവും നല്ല ഉപാധി ഗുരുവിന്റെ സന്ദേശങ്ങളാണ്. സ്ത്രീ ആക്രമിക്കപ്പെടുന്ന സാഹചര്യം ഇന്നുണ്ട്. സർക്കാർ അടുത്തിടെ സംഘടിപ്പിച്ച രാത്രിനടത്തം സമൂഹത്തിന് നൽകിയ സന്ദേശം വലുതാണ്. സമൂഹത്തിന്റെ പൊതുധാരയിൽ സ്ത്രീയുമുണ്ടെന്ന യാഥാർത്ഥ്യത്തെയാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വനിതകൾ സമൂഹത്തിൽനിന്നു മാറ്റിനിറുത്തപ്പെടേണ്ടവരെല്ലന്ന് അദ്ധ്യക്ഷതവഹിച്ച ഹൈക്കോടതി ജഡ്ജി അബ്ദുൾ റഹീം പറഞ്ഞു. ഗുരുദർശനം മുറുകെപ്പിടിച്ച് മുന്നേറിയാൽ ഇന്ത്യയ്ക്ക് നൂറ്റാണ്ടുകൾ മുന്നോട്ട് പോകാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെ. മോഹൻകുമാർ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ, മലയാള മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, കേരള കോൺഗ്രസ് -ജെ ചെയർപേഴ്സൺ ഡെയ്സി ജേക്കബ്, എസ്.എൻ.ഡി.പി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, ഡോ. ഷേർളി പി. ആനന്ദ് എന്നിവരും പങ്കെടുത്തു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും പി. ശ്യാമള നന്ദിയും പറഞ്ഞു.