SignIn
Kerala Kaumudi Online
Monday, 06 April 2020 3.39 PM IST

ജെ.എൻ.യു അക്രമി സംഘത്തിലെ വനിത ഉൾപ്പെടെയുള്ളവരെ തിരിച്ചറിഞ്ഞു, പ്രതികളെ കസ്റ്റഡിയിലെടുക്കാതെ ‌ഡൽഹി പൊലീസ്

jnu

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ കടന്നുകയറി വിദ്യാർത്ഥികൾക്കു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികൾ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ഇവർക്ക് സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തതായി വിവരമില്ല.

കാമ്പസിനുള്ളിൽ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. വനിത ഉൾപ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവർ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയിൽപ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളിൽ ഒരാൾ സ്‌കൂള്‍ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലർ എ.ബി.വി.പി. പ്രവർത്തകരാണെന്നും വസന്ത്കുഞ്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഐഷിഘോഷ് പറയുന്നുണ്ട്.
മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മർദ്ദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നതായുമുള്ള വിമർശനം നിരവധി കോണുകളിൽ നിന്ന് ഉയരുന്നതിനിടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാദൾ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

വൈസ് ചാൻസലർ പ്രതിരോധത്തിൽ

ജെ.എൻ.യുവിൽ അക്രമം നടന്ന ദിവസം വൈസ് ചാൻസലർ ജഗ്‍ദീഷ് കുമാർ ഡൽഹി പൊലീസിന് അയച്ചത് ഒരു വാട്‍ആസാപ്പ് സന്ദേശം മാത്രം. അതിൽ കാമ്പസിലെ അക്രമം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടില്ല.മറിച്ച് കാമ്പസിന്റെ ഗേറ്റുകളിൽ കാത്ത് നിൽക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അക്രമം നടന്ന ഹോസ്റ്റലുകൾ സന്ദർശിച്ച് അക്രമത്തിനിരയായ വിദ്യാർത്ഥികളിൽ നിന്നും, ക്യാമ്പസിൽ നിന്നും ശേഖരിച്ച വിവരങ്ങൾക്കനുസരിച്ചും അക്രമവിവരം അറിഞ്ഞ് എത്തിയ പൊലീസുദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച് തയ്യാറാക്കിയ പ്രാഥമിക സ്ഥിതി വിവരറിപ്പോർട്ടിലാണ് വൈസ് ചാൻസലറെ പ്രതിരോധത്തിലാക്കുന്ന ഈ പരാമർശമുള്ളത്.

വെസ്റ്റേൺ റേഞ്ച് ജോയിന്റ് കമ്മിഷണർ ശാലിനി സിംഗ് നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ജെ.എൻ.യു കാമ്പസിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. എത്രയും പെട്ടെന്ന് കാമ്പസിൽ നടന്നതെന്തെന്ന് അന്വേഷിച്ച് പ്രാഥമികവിവര റിപ്പോർട്ട് നൽകണമെന്ന് ഡൽഹി പൊലീസ് കമ്മിഷണർ അമുല്യ പട്‍നായിക് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് പൊലീസ് പ്രാഥമിക വിവരറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പൊലീസ് നൽകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JNU ATTACK, PROTESTERS, STUDENTS ATTACKED, ABVP ATTACK STUDENTS IN CAMPUS, JNU ATTACKED ABVP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.