SignIn
Kerala Kaumudi Online
Thursday, 20 June 2019 7.53 PM IST

ബി.ജെ.പിയുടെ കൊടിക്കീഴിൽ അണിനിരക്കാൻ പ്രവർത്തകർക്ക് കോൺഗ്രസിന്റെ മൗനാനുവാദം: എം.എം മണി

mm-mani

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെതിരെ വിമർശനവുമായി മന്ത്രി എം.എം മണി. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പല കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിൽ എത്തുമെന്ന ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഗൗരവമായി കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''കോൺഗ്രസുകാർക്ക് അവരുടെ കൊടി ഉപേക്ഷിച്ച്, ബി.ജെ.പിയുടെ നേതൃത്വത്തിൽ മറ്റ് വർഗീയ കക്ഷികളുമായി ചേർന്ന് നടത്തുന്ന സമര പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുകയാണ്. അതായത് ബി.ജെ.പിയുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം''- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്നത് ഒരു വസ്‌തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും പാർലമെന്റ് ഇലക്ഷനു മുൻപ് ബി.ജെ.പിയിലെത്തും എന്ന് ബി.ജെ.പി പ്രസിഡന്റ് ശ്രീധരൻ പിള്ള അടിക്കടി പറയുന്നത് ഈ അവസരത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ബി.ജെ.പി. യുടെ വർഗ്ഗീയ ഫാസിസത്തിനെ എതിർക്കുമെന്ന് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, കേരളത്തിൽ ചില കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ബി.ജെ.പി.യുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെപ്പോലെയാണ്.

ആർ.എസ്.എസുകാർ കൊടുത്ത ഹർജിയിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടായതെന്ന കാര്യവും, ഈ വിധി നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ് എന്ന സത്യവും സൗകര്യപൂർവ്വം മറച്ചുവച്ച് ഒരു വിഭാഗം ജനങ്ങളെ കബളിപ്പിക്കുകയാണ് ബി.ജെ.പി. നേതൃത്വം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 'ശരണ മന്ത്രം ചൊല്ലിയുള്ള സമരം' എന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നതെങ്കിലും, വളരെ പ്രതിഷേധാർഹവും, കേരള ജനത ലജ്ജിച്ചുപോയതുമായ രീതിയിൽ ബഹുമാന്യനായ മുഖ്യമന്തിയെത്തന്നെ ജാതിപ്പേര് ചേർത്ത് തെറിവിളിക്കുന്ന ദൃശ്യങ്ങൾ വരെ നമ്മൾ കണ്ടതാണല്ലോ. ഇതിൽനിന്നു തന്നെ ഈ സമരത്തിൽക്കൂടി അവർ ഉദ്ദേശിക്കുന്നതെന്തെന്നും, ഈ സമരം ആർക്കു വേണ്ടിയാണ് എന്നതും മനസ്സിലാക്കാവുന്നതാണ്.

ഈ അവസരത്തിലാണ് ഇത്തരം സമരങ്ങളിൽ കോൺഗ്രസുകാർക്ക് അവരുടെ കൊടി ഉപേക്ഷിച്ച്, ബി.ജെ.പി. യുടെ നേതൃത്വത്തിൽ മറ്റ് വർഗീയ കക്ഷികളുമായി ചേർന്ന് നടത്തുന്ന സമര പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുന്നത്. അതായത് ബി.ജെ.പി.യുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും' എന്ന ചൊല്ലു പോലെ ബി.ജെ.പി. ജ്വരം ബാധിച്ച ചെന്നിത്തലയും, സുധാകരനും മററും വളരെനാളായി ആഗ്രഹിച്ചിരുന്നതും ഇത് തന്നെയാണ്. കോൺ‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാൽ കോൺഗ്രസ്സ് പാർട്ടിയിൽത്തന്നെ തിരിച്ചെത്തുമെന്നതിൽ ഉറപ്പില്ല. ഇത് ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നിട്ടും സ്വന്തം പാർട്ടിയുടെ ശവക്കുഴി തോണ്ടുന്ന ഒരു നിലപാട് എടുത്തതിന്റെ രഹസ്യം എന്താണെന്നറിയാൻ പാഴൂർപ്പടി വരെ പോകേണ്ടതില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MM MANI, SABARAIMALA ISSUE, BJP, CONGRESSS, MM MANI AGAINST CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.