കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിൽ നിരവധി സാധാരണക്കാരുടേയും സിനിമാ പ്രവര്‍ത്തകരുടേയും ഫ്ലാറ്റുകളായിരുന്നു. നടന് സൗബിന്, സംവിധായകരായ മേജര്‍ രവി, ബ്ലസി, നടി ആന്‍ അഗസ്റ്റിന്-ജോമോന് ടി ജോണ്‍ തുടങ്ങിയവർക്കും ഇവിടെ ഫ്ലാറ്റുകളുണ്ടായിരുന്നു. വര്‍ഷങ്ങളോളം താമസിച്ച ഫ്ലാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
ഫ്ലാറ്റ് പൊളിക്കുന്നതിൽ അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്ന് നടനും സംവിധായകനുമായ മേജർ രവി പറഞ്ഞു. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. തകര്‍ന്നു വീണ എച്ചു ടു ഒ ഹോളി ഫെയ്ത്തിന്റെ ടെറസില്‍ വച്ചായിരുന്നു തന്റെ സിനിമയായ കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
’എന്തുവന്നാലും അവസാനം വരെ ഒന്നിച്ചു നില്ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം.
അതിന് അനുമതി നല്കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.’ മേജർ രവി പറഞ്ഞു.