Kerala Kaumudi Online
Friday, 24 May 2019 12.05 AM IST

പിങ്ക്പൊലീസ്- 111

pink-police

അപ്പോൾതന്നെ രാഹുൽ സെൽഫോൺ എടുത്ത് സ്പാനർ മൂസയെ വിളിച്ചു.
മൂസയപ്പോൾ ചെങ്ങന്നൂർ മാർക്കറ്റിനോടു ചേർന്നുള്ള ബാർ ഹോട്ടലിൽ ഉണ്ടായിരുന്നു.
ഗ്രൗണ്ട് ഫ്‌ളോറിൽ.
വിക്രമനും സാദിഖും ഗ്രിഗറിയും ഉണ്ടായിരുന്നു കൂടെ...
''ഡേയ്...' മൂസ ശബ്ദമുയർത്തി ബയററെ വിളിച്ചു.
''എന്തുവേണം സാർ?' ബയറർ ഓടിയെത്തി.
''നാല് ലാർജ് കൂടി എടുത്തോ.' വീണ്ടും ഹണി ബീ മദ്യം മുന്നിലെത്തി.
വെള്ളം ചേർക്കാതെ തന്നെ മൂസ അതുയർത്തി വായിലേക്കു കമിഴ്ത്തി.
ആ നിമിഷമാണ് ഫോൺ ശബ്ദിച്ചത്.
''രാഹുൽ സാറാ....' മറ്റുള്ളവരോടു പറഞ്ഞിട്ട് അയാൾ കാൾ അറ്റന്റു ചെയ്തു.
''എന്താ സാറേ?'
''മൂസ എവിടെയാ?' രാഹുലിന്റെ ശബ്ദം.
''ചെങ്ങന്നൂരിൽ...'
''അവിടെന്താ പരിപാടി?'
''പ്രത്യേകിച്ച് ഒന്നുമില്ല.
മൂസ ചിരിച്ചു.
''നോബിൾ തോമസിനെ പൊട്ടിക്കാനുള്ള അവസരം തരാം.'
മൂസയുടെ നെറ്റി ചുളിഞ്ഞു: ''നോബിൾ തോമസോ? അതാരാ?'
''സാലമ്മ തോമസിന്റെ മകൻ.'
''സാലമ്മ തോമസ് ആരാ?'
''പറയാം.' രാഹുൽ കാര്യം വിസ്തരിച്ചു പറഞ്ഞു.
''എങ്കിൽ ഇന്ന് ഞങ്ങൾ അവനെ പൊക്കിയിരിക്കും സാറേ...'
സാലമ്മയുടെ വീടിന്റെ ലൊക്കേഷനൊക്കെ അറിഞ്ഞശേഷം മൂസ കാൾ മുറിച്ചു.
പിന്നെ ഒപ്പമുള്ളവരോട് കാര്യം പറഞ്ഞു.
രാത്രി....
ഇടയാറന്മുള.
വിളക്കുമാടത്തിന് അൻപത് മീറ്റർ അകലെയുള്ള വീട്. പമ്പാനദിക്ക് അഭിമുഖമായാണ് അത് നിൽക്കുന്നത്. മുറ്റത്തുനിന്ന് പതിനഞ്ച് മീറ്റർ അകലെയുള്ള നദിയിലേക്ക് നീളൻ കൽപ്പടവുകൾ ഉണ്ട്.
അതിനിരുവശത്തും നിറയെ കായ്കളുമായി നിൽക്കുന്ന ജാതിമരങ്ങൾ..
അതുകാരണം കെട്ടിടത്തിലെ വെളിച്ചം അവിടേക്ക് പതിയില്ലായിരുന്നു.
വീടിനുള്ളിൽ...
സാലമ്മ തോമസും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തോമസിന് പത്തനംതിട്ടയിൽ ഒരു ടെക്സ്റ്റയിൽ ഷോപ്പുണ്ട്. അയാൾ വീട്ടിലെത്തുമ്പോഴേക്കും പത്തര മണി കഴിയും.
നോബിൾ, സാലമ്മയുടെ മുഖത്തു നോക്കി തീർത്തു പറഞ്ഞു:
''അങ്ങേരാണ് എന്റെ അച്ഛനെങ്കിൽ, അമ്മ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കില്ല. അയാളെ കാണുകതന്നെ ചെയ്യും. ഏത് കൊമ്പത്തെ മനുഷ്യനാണെങ്കിലും...'
സാലമ്മ നനഞ്ഞ കണ്ണുകളുയർത്തി മകനെ നോക്കി.
അടുത്ത മാസം പതിനെട്ട് വയസ് ആകുന്നതേയുള്ളൂ അവന്.
''മോനേ... ഞാൻ പറയുന്നത് നീ ഒന്നു കേൾക്ക്.'
നനഞ്ഞ കണ്ണുകളൊപ്പി സാലമ്മ ചുണ്ടനക്കി.
''എന്തു കേൾക്കാൻ?' അവൻ പുച്ഛിച്ചു. അയാളുടെ മകനെ പ്രസവിച്ചിട്ട് സ്വന്തം ഭർത്താവിനെ ഇത്രയും കാലം വഞ്ചിച്ച നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാൻ എന്തധികാരം?'
നോബിളിന്റെ ശബ്ദം വല്ലാതെ ഉയർന്നു:
''നിങ്ങളുടെ വഴിപിഴച്ച രാഷ്ട്രീയജീവിതത്തിന്റെ ജീവിക്കുന്ന തെളിവാണ് ഞാൻ. ഒരു ദിവസം എല്ലാം തിരിച്ചറിഞ്ഞ് ജനങ്ങൾ എന്നെ നോക്കി പരിഹസിക്കും.'
അവൻ കണ്ണാടിയെടുത്ത് ഒന്നു കൂടി സ്വന്തം മുഖം കണ്ടു.,
''ഇപ്പോൾ എനിക്കു മനസ്സിലാകുന്നു. അയാളുടെ അതേ മുഖഛായ തന്നെ എനിക്കും.'
തന്റെ ശരീരത്തിൽ അളിഞ്ഞ അടുകൾ കയറിയതുപോലെ നോബിൾ ഒന്നു പുളഞ്ഞു.
''മോനേ... ' സാലമ്മ വീണ്ടും എന്തോ പറയാൻ ഭാവിച്ചു.'
''മിണ്ടരുത് നിങ്ങൾ.' അവൻ കൈ ചൂണ്ടി. ''ഒന്നും ആരും അറിയാതിരിക്കാൻ ഒരു പാവം മനുഷ്യന്റെ പേരുകൂടി എന്റെ പേരിനൊപ്പം ചേർത്തവരാണ് നിങ്ങൾ. കാലം നിങ്ങൾക്ക് മാപ്പ് നൽകിയാലും ഞാൻ നൽകില്ല....'
അവൻ മുന്നിൽ കിടന്നിരുന്ന കസേര ചവിട്ടിത്തെറിപ്പിച്ച് ചാടി എഴുന്നേറ്റു.
സാലമ്മ നിസ്സഹായയായി. എങ്കിലും ദുർബല ഭാവത്തിൽ തിരക്കി:
''നീ എന്തിനാ സി.എമ്മിനെ കാണുന്നത്?'
അവൻ പരിഹസിച്ചു :
''എന്റെ അമ്മ 'മീടൂ'വിലൂടെ എല്ലാം വിളിച്ചു പറയാൻ പോകുകയാണെന്ന് വെറുതെ ഒരു മുന്നറിയിപ്പ് നൽകാൻ.'
ജീവിതത്തിൽ ഇത്രയും നാണക്കേട് ഉണ്ടായിട്ടില്ല സാലമ്മയ്ക്ക്.
''ഞാൻ എന്തുചെയ്യണം? നീ തന്നെ പറ.' സാലമ്മ തിരക്കി.
''അത് ഞാൻ പറഞ്ഞാൽ മതിയോ?' പൊടുന്നനെ വാതിൽക്കൽ നിന്നൊരു ചോദ്യം.
(തുടരും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL 111
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY