SignIn
Kerala Kaumudi Online
Friday, 05 June 2020 7.00 AM IST

പ്രണയപ്പകയിൽ 19  കാരിയുടെ ജീവനെടുത്ത 24  കാരൻ വർഷങ്ങളായി ലഹരിക്ക് അടിമ, ലഹരി കൊലപാതകങ്ങളിൽ വിറങ്ങലിച്ചു അതിർത്തി ഗ്രാമങ്ങൾ 

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ കാരക്കോണത്തു ദിവസങ്ങൾക്കു മുൻപ് 19 കാരി അഷികയുടെ ജീവനെടുത്തത് അതിർത്തിഗ്രാമങ്ങളിൽ അരക്ഷിതത്വത്തിന്റെ മരണമണി മുഴക്കി പുകഞ്ഞു കൊണ്ടിരിക്കുന്ന ലഹരി തന്നെയാണ്. അതിർത്തികളിൽ സുലഭമായ ലഹരിക്കു വർഷങ്ങളായി അടിമയായ 24 കാരൻ അനുവാണ് ലഹരി മൂത്തതിന്റെ വിഭ്രാന്തിയിൽ പട്ടാപകൽ വീട്ടിൽ കയറി അഷികയുടെ കഴുത്തറുത്തു സ്വയം ജീവനൊടുക്കിയത്. അതിർത്തി ഗ്രാമങ്ങളിൽ പുകയുന്ന കഞ്ചാവിന്റെയും വ്യാപകമായി പറക്കുന്ന മയക്കു ഗുളികകളുടെയും ഏറ്റവും ഒടുവിലത്തെ ഇരകളായി അഷികയും അനുവും .

കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ പ്രത്യേകിച്ച് തമിഴ്നാട്ടിലെ നാഗർകോവിലിനോട് ചേർന്ന കിഴക്കൻ മേഖലകളിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ലഹരി കുറച്ചൊന്നുമല്ല വർഷങ്ങളായി ചെറുപ്പക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ നഗരങ്ങളിൽ നിന്നും ചെറുപ്പക്കാരുടെയും കൗമാരപ്രായക്കാരുടെയും താവളമായി മാറിയിരിക്കുന്നു ഇപ്പോൾ നെയ്യാറ്റിൻകര, കാരക്കോണം മുതൽ കാട്ടാക്കട വരെയുള്ള അതിർത്തി ഗ്രാമങ്ങൾ. ഇവിടെ കഞ്ചാവും മയക്കു മരുന്നും മയക്കു ഗുളികകളും സുലഭം എന്നതാണ് ഇവരെ അതിർത്തി ഗ്രാമങ്ങളിലേക്ക് ആകർഷിക്കുന്നത്. അതിർത്തി ഗ്രാമങ്ങളോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളിൽ ചെന്നാൽ അവിടെ കഞ്ചാവ് കുറഞ്ഞ വിലക്ക് ലഭിക്കും. ഇരു ചക്ര വാഹനങ്ങളിൽ ചെന്ന് ആവശ്യത്തിന് മാത്രം കഞ്ചാവ് വാങ്ങി തിരികെ കേരളത്തിലേക്ക് വരാം. ചെക്ക് പോസ്റ്റുകളിൽ എക്‌സൈസിന്റെ പരിശോധന ഇപ്പോൾ അതി ശക്തമാണെങ്കിലും ഇത് വഴി കടന്നു പോകുന്ന എല്ലാ ഇരു ചക്ര വാഹനങ്ങളും പരിശോധിക്കുക പൊതുവെ ആൾ ബലം കൊണ്ട് ശുഷ്‌കമായ എക്‌സൈസിന് അസാധ്യമാണെന്ന് അവർക്കറിയാം. അതുകൊണ്ടു ചെറു പൊതികളിലാക്കി കഞ്ചാവ് യഥേഷ്ട്ടം നിഷ്പ്രയാസം അതിർത്തി കടക്കും. ഇനി വാങ്ങിയത് അല്പം വലിയ അളവിൽ കഞ്ചാവാണെങ്കിൽ അത് കേരളത്തിലേക്ക് കൊണ്ട് വരാൻ ചെക്ക്‌പോസ്റ്റുകളില്ലാത്ത ഊടു വഴികളും ഇവർക്ക് കാണാപാഠമാണ്. ഇങ്ങനെ ദിവസേനെ കേരളത്തിലേക്കെത്തിക്കുന്ന ലഹരിയ്ക്കായി പുലർച്ചെ മുതൽ കാത്തിരിക്കുന്നവർ നിരവധിയാണ്. ഇങ്ങനെ ലഹരി ഉപയോഗിച്ച് ഇവർ കാട്ടികൂട്ടുന്ന അതിക്രമങ്ങളും പേക്കൂത്തുകളും അതിർത്തി ഗ്രാമങ്ങളിൽ നിത്യസംഭവമാണ്.

അതിർത്തി കടന്നു കഞ്ചാവ് വാങ്ങി വരാൻ ക്ഷമയില്ലാത്തവർക്കും സ്ഥിരവുമായി പുകച്ചു കഞ്ചാവിന്റെ ലഹരി ഏൽക്കാത്തവർക്കും മറ്റൊരു മാർഗം കൂടിയുണ്ട് അതിർത്തികളിൽ. അതിർത്തിയിലെ കേരളത്തിന്റെ ഏതെങ്കിലും ഒരു സർക്കാർ ആശുപത്രിയിൽ എത്തി വെറും രണ്ടു രൂപ ചിലവാക്കിയാൽ മതി. ഡോക്ടറുടെ പേര് പോലുമില്ലാത്ത ഒരു ഒ പി ടിക്കറ്റ് അനായേസേന ലഭിക്കും. ഈ ടിക്കറ്റുമായി നേരെ പോകുന്നത് ചില വിദഗ്ധന്മാരുടെ അടുത്തേക്കാകും. ഒരു ഡോക്ടറുടെ കൈപ്പടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ മോട്രോസെൻ അടക്കം ഉറക്ക ഗുളികകളും കോര്ക്സിനെക്കാൾ അതി വീര്യമുള്ള സിറപ്പുകളും എഴുതി ചേർക്കും. സംശയം തോന്നാതിരിക്കാൻ അലർജിക്കും പനിക്കുമുള്ള ഗുളികകളും മേമ്പൊടിയായി എഴുതി ചേർത്ത് പ്രിസ്‌ക്രിപ്ഷൻ ഉണ്ടാക്കി അതുമായി തൊട്ടടുത്ത മെഡിക്കൽ സ്റ്റോറിൽ നിന്നും ആവശ്യത്തിനു മാത്രം ഗുളികകൾ കൈവശപ്പെടുത്തുകയാണ് പതിവ്. പ്രിസ്‌ക്രിപ്ഷനിൽ ഒരു വ്യത്യാസവും തോന്നാറില്ലെങ്കിലും ഇത് വ്യാജമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആവശ്യക്കാർക്ക് ഗുളികകൾ നൽകുന്ന ചെറിയൊരു ഭാഗം മെഡിക്കൽ സ്റ്റോറുകളും അതിർത്തിയിൽ ഉടനീളം ഉണ്ട്.

നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കളിയിക്കാവിളയും അമരവിളയും അടക്കം പ്രധാന ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതിനാൽ ഇത് വഴിയുള്ള കഞ്ചാവ് കടത്തു നന്നേ കുറഞ്ഞിട്ടുണ്ടെന്നു കണക്കുകൾ നിരത്തി തന്നെ എക്‌സൈസ് അധികൃതർ വ്യക്തമാക്കുന്നു ബസുകളും സംശയം തോന്നുന്ന വാഹനങ്ങളും തടഞ്ഞു നിർത്തി അധികൃതർ പരിശോധനക്ക് വിധേയമാക്കുന്നുണ്ട് അതിനാൽ തന്നെ വൻതോതിൽ കിലോക്കണക്കിന് കഞ്ചാവ് കടത്തിയിരുന്ന ഏജന്റുമാർ ഇപ്പോൾ വരവ് കുറച്ചിട്ടുണ്ട്. ഇപ്പോൾ പ്രധാനമായും തീവണ്ടി മാർഗമാണ് കഞ്ചാവ് കടത്തുന്നതെന്നും എക്‌സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കടത്തുന്ന കഞ്ചാവ് തീവണ്ടി സ്റ്റേഷനുകളിൽ എത്തുന്നതിനു മുമ്പ് തന്നെ സമീപത്തുള്ള കുറ്റിക്കാടുകളിലേക്കു എറിഞ്ഞ ശേഷം പിന്നീട് തിരികെയെടുക്കുകയാണ് പുതിയ രീതി. അത്‌കൊണ്ട് തന്നെ തീവണ്ടികളിൽ പരിശോധന കർശനമാക്കുകയാണെന്നു എക്‌സൈസ് അധികൃതർ വ്യക്തമാക്കുന്നു .

2019 ജനുവരി മുതൽ ഡിസംബർ വരെ 13,674 അബ്കാരി കേസുകളാണ് സംസ്ഥാനത്തു എക്‌സൈസ് രജിസ്റ്റർ ചെയ്തത്. 7075 എൻ ഡി പി എസ് കേസുകൾ, ലഹരി വസ്തുക്കൾ കൈവശം വച്ചതിനു 73,607 കോട്പ കേസുകൾ എന്നിവയടക്കം 2019 ൽ എക്‌സൈസ് എടുത്തത് ആകെ 94,356 കേസുമാണ്. 18,399 പേര് വിവിധ കേസുകളിൽ അറസ്റ്റിലായി. 2019 ൽ മാത്രം 2,789.742 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. 1926 കഞ്ചാവ് ചെടികൾ വേറെയും. 13952 നാർക്കോട്ടിക് ടാബ്ലറ്റുകൾ, 162 ആംപ്യൂളുകൾ , 209.218 ഗ്രാം എം ഡി എം എ ക്രിസ്റ്റൽ എന്നിവയും പിടിച്ചെടുത്തതിൽ പെടുന്നു.

crime

സംസ്ഥാന പോലീസ് രൂപീകരിച്ച കേരളാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് കാൻസാഫ് ആകട്ടെ 2019 ജനുവരി ഒന്ന് മുതൽ നവംബർ 30 വരെ തിരുവനന്തപുരം നഗരത്തിൽ നിന്ന് മാത്രം 452.236 കിലോ കഞ്ചാവാണ് പിടികൂടിയത്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ റേഞ്ചുകളിൽ നിന്നും ആകെ കേരളം പോലീസ് പിടിച്ചെടുത്തത് 1,424.97 കിലോ കഞ്ചാവാണ്. മൊത്തം 2,640 കേസുകളാണ് കേരളം പോലീസ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. 2,498 മയക്കു ഗുളികകൾ, 81.19 ഗ്രാം എം ഡി എം എ, എന്നിവയും പിടി കൂടിയതിൽ പെടുന്നു.

എന്തായാലും പുതു തലമുറയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പുതു വർഷ സന്ദേശത്തിലാണ് കുറിച്ചത്. ലഹരി വസ്തുക്കൾ ഇല്ലാതാക്കുന്നത് വരും തലമുറയിലെ മികവുറ്റ തലച്ചോറുകളെയും കഴിവുകളെയുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ലഹരി എന്ന കൊടും വിപത്തിനെ സർക്കാരും എക്‌സൈസ് വകുപ്പും വിമുക്തി പദ്ധതിയിലൂടെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്. ലഹരി വിപത്തു തന്നെയാണെന്നും യുവാക്കൾ അത് ഉപയോഗിക്കരുതെന്നും എക്‌സൈസ് മന്ത്രിയും മുന്നറിയിപ്പ് നൽകുന്നു. ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരിക്കെതിരെ വിമുക്തിയുടെ പ്രവർത്തനം ഫലം കാണും എന്ന പ്രതീക്ഷ ഉണ്ടെന്നും മന്ത്രി പറയുന്നു. എന്തായാലും ലഹരിയുടെ ദൂഷ്യ വശങ്ങളെ പട്ടി വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ഇത് കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന നിർദേശം വനിതാ ശിശു വികസന വകുപ്പ് നൽകി കഴിഞ്ഞു. ലഹരിവസ്തുക്കളുമായി പിടിയിലാകുന്ന 25 വയസു തികയാത്ത ചെറുപ്പക്കാരുടെ പേരും ചിത്രവും അവർ സ്ഥിരം കുറ്റവാളികൾ അല്ലെങ്കിൽ മാധ്യമങ്ങൾക്കു നൽകരുതെന്നും അവരെ നല്ല നടത്തിപ്പിനായി സാമൂഹിക നീതി വകുപ്പിന് കൈമാറണമെന്നും ഒരു അഭ്യർത്ഥന വകുപ്പ് എക്‌സൈസ്, ആഭ്യന്തിര വകുപ്പുകൾക്ക് നൽകിയിട്ടുണ്ട് കുട്ടികൾക്കായി ശിശു സൗഹൃദ ഡി അഡിക്ഷൻ കേന്ദ്രങ്ങൾ നടത്തുന്നതിന് മാർഗ്ഗനിര്‌ദേശങ്ങയോ തയാറാക്കുവാനും ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട് .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, NERKKANNU, DRUGGS, INVESTIGATION, MURDER, CRIME
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.