പത്തനാപുരം: മകര വിളക്കിനെ വരവേൽക്കാൻ കലിയുഗ വരദന്റെ സന്നിധിയും പരിപാവനമായ പമ്പയും അഴുതാനദിയും കരിമലയും, ഐതിഹ്യ പെരുമയുള്ള എരുമേലിയും കരവിരുതിന്റെ കൈപ്പുണ്യത്താൽ നിർമ്മിച്ച് ശ്രദ്ധേയമാവുകയാണ് പട്ടാഴി വടക്കേക്കരയിലെ ഒരുകൂട്ടം അയ്യപ്പഭക്തർ. പട്ടാഴി വടക്കേക്കര മണയറ റോഡിന്റെ ഇരുവശങ്ങളിലുമായാണ് ചെറു മാതൃകകൾ നിർമ്മിച്ചത്.നാൽപ്പത് ദിവസത്തെ വ്രതം നോറ്റാണ് ഇവ നിർമ്മിച്ചത്.
ശബരിമല സന്നിധിയും പുണ്യസ്ഥലങ്ങളും ദർശിച്ചിട്ടില്ലാത്ത സ്ത്രീ ഭക്തജനങ്ങൾക്കും, സഹോദര മതസ്ഥർക്കും വേണ്ടിയാണ് ദൃശ്യവിരുന്നൊരുക്കിയത്.
എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, പേട്ട ക്ഷേത്രം,വാവരുപള്ളി, പരമ്പരാഗത കാനന പാത, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്,പമ്പാ നദി, അപ്പാച്ചി മേട്, നീലിമല,ശബരീപീഠം,മരക്കൂട്ടം, ശരംക്കുത്തി എന്നിവയെല്ലാം ഇവിടെ കാണാം.പതിനെട്ടാം പടിയും, ആഴിയും സോപാനവും ശ്രീകോവിലും മാളികപ്പുറവും ഭക്തിയുടെ നേർക്കാഴ്ചയാകുന്നു.
ഇത്തവണ ആര്യങ്കാവ് പതിമൂന്ന് കണ്ണറ പാലവും,പുനലൂർ തൂക്കുപാലവും,പന്തളം രാജകൊട്ടാരവും പന്തളം ക്ഷേത്രവും നിർമ്മിച്ചിട്ടുണ്ട്.തുടർച്ചയായ അഞ്ചാം വർഷമാണ് മണയറയിൽ ശബരിമലയും മറ്റുമൊരുക്കി മകരവിളക്കിനെ വരവേൽക്കുന്നത്.ശ്രീശബരീ ഭക്തസമിതിയുടേയും സഹോദര സഖ്യം ബാലവേദിയുടേയും ആഭിമുഖ്യത്തിലാണ് ശബരിമല മാതൃക നിർമ്മിച്ചത്.