തിരുവനന്തപുരം: ലക്ഷം ദീപങ്ങളിൽ പദ്മനാഭ സ്വാമി ക്ഷേത്രം നാളെ സ്വർണ്ണവർണ്ണമണിയും. അത് ആയിരങ്ങളുടെ കണ്ണിനും കരളിനും നിറദീപമാകും. ചരിത്ര പ്രസിദ്ധമായ ലക്ഷദീപം നാളെയാണ്. ആറ് വർഷത്തിലൊരിക്കൽ മാത്രം ദർശിക്കാൻ കഴിയുന്ന പുണ്യക്കാഴ്ച. അത് കണ്ട് സായൂജ്യരാവാൻ നഗരം കാത്തിരിക്കുകയാണ്. 56 ദിവസമായി നടക്കുന്ന മുറജപത്തിനും നാളെ സമാപ്തിയാവുകയാണ്. അതിനെ ലക്ഷം ദീപങ്ങൾ തെളിച്ച് സ്തുതിക്കുമ്പോൾ അത് ജന്മസുകൃതമാകും.
മുറജപത്തിന് സമാപനം
അമ്പത്തിയാറ് ദിവസം നീളുന്ന മുറജപത്തിന്റെ 55 ാം മുറ ഇന്നാണ്. മകരസംക്രമദിനമായ നാളെ ലക്ഷം ദീപങ്ങൾ തെളിയുമ്പോൾ അത് ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകും. 1750ൽ ക്ഷേത്ര പുനരുദ്ധാരണം ചെയ്ത മാർത്താണ്ഡവർമ്മയാണ് മുറജപത്തിനും ലക്ഷദീപത്തിനും തുടക്കമിട്ടത്. വേദമന്ത്രങ്ങളാൽ മുഖരിതമായ ദിനങ്ങളാണ് കടന്നു പോയത്. എട്ട് ദിനങ്ങളിലായി ഏഴു മുറകൾ. ഋക്, യജുർ, സാമം എന്നീ വേദങ്ങളെ ജപിച്ച ദിനങ്ങൾ. നൂറ്റാണ്ടുകൾ പിന്നിട്ട ആചാര പാരമ്പര്യങ്ങൾ അതേപോലെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്നും നടന്നു വരുന്നു. അതിൽ പ്രധാനമാണ് മുറജപവും, ലക്ഷദീപവും. നാടിന്റെയും ജനതയുടെയും ഐശ്വര്യത്തിനും ക്ഷേമത്തിനുമായാണ് ഇത് നടത്തുന്നത്.
കാണാൻ വിപുലമായ സൗകര്യം
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അമ്പത്തിയാറ് ദിവസം നീണ്ടുനിന്ന മുറജപത്തിന് പരിസമാപ്തി കുറിച്ച് നാളെ നടക്കുന്ന ലക്ഷദീപം ദർശിക്കാൻ വിപുലമായ ക്രമീകരണങ്ങൾ. ക്ഷേത്ര മുറ്റത്ത് കാൽലക്ഷത്തോളം ഭക്തർക്ക് നേരിട്ട് ദർശനം സാദ്ധ്യമാകുന്നതിനൊപ്പം വിവിധ ഭാഗങ്ങളിലായി രണ്ടാൾ പൊക്കവും എട്ടടി വീതിയുമുള്ള വീഡിയോ വാളുകളും 100 സ്ക്വയർഫീറ്റ് വലിപ്പമുളള അരഡസനോളം ടെലിവിഷൻ സ്ക്രീനുകളും ലക്ഷദീപവും ശീവേലിയും ദർശിക്കാൻ സജ്ജമാക്കും.
പ്രവേശനം വൈകിട്ട് 5 മുതൽ
ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് പാസ് മുഖാന്തിരം ലക്ഷദീപം ദർശനം നിയന്ത്രിച്ചിട്ടുണ്ട്. 21,000 ഭക്തർക്കാണ് പാസ് നൽകിയിട്ടുള്ളത്. വൈകിട്ട് 5 മുതൽ പാസ് പരിശോധിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിലൂടെയും ബാരിക്കേഡുകൾവഴി ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കും. മെറ്റൽ ഡിറ്റക്ടറുകളുപയോഗിച്ചുള്ള രണ്ട് ഘട്ട പരിശോധനയ്ക്ക് പുറമേ ആധുനിക മെറ്റൽ ഡിറ്റക്ടർ സഹായത്തോടെയുള്ള ഒരു ഘട്ട പരിശോധനകൂടി പൂർത്തിയാക്കിയശേഷമാകും പ്രവേശനം. ആറര മണിവരെയാണ് പ്രവേശനം.
വി.ഐ.പികൾ, മാദ്ധ്യമങ്ങൾ, ക്ഷേത്ര ജീവനക്കാർ, ടെമ്പിൾ പൊലീസ് എന്നിവർക്കായി പ്രത്യേക ബ്ളോക്കുകൾ ഉണ്ടാകും. ആയിരം പേർക്ക് വീതം ഇരിക്കാവുന്ന 19 ബ്ളോക്കുകളിൽ ഭക്തർക്ക് ലക്ഷദീപം ദർശിക്കാം. എല്ലായിടത്തും ശുദ്ധജല വിതരണത്തിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
പാസില്ലാത്തവർക്കും ദർശനം
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പാസില്ലാത്തവർക്കും ലക്ഷദീപവും ശീവേലിയും ദർശിക്കാൻ സൗകര്യമുണ്ട്.തെക്കെനടയിലെ പ്രത്യേക ബാരിക്കേഡ് വഴി ക്യൂവിലൂടെ പടിഞ്ഞാറെ നടയിലെത്തി ലക്ഷദീപം ദർശിക്കാനാണ് സംവിധാനം. പടിഞ്ഞാറെ നടയിലൂടെയോ വടക്കേനടയിലൂടെയോ ഇവർക്ക് പുറത്തിറങ്ങാം. എന്നാൽ ക്യൂവിൽ തങ്ങാൻ ആരെയും അനുവദിക്കില്ല.
ട്രയൽ റൺ ഇന്ന്
അലങ്കാര ഗോപുരത്തിലും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി അലങ്കാര ദീപങ്ങളുടെ ട്രയൽ റൺ ഇന്ന് വൈകിട്ട് നടക്കും.
റിവോൾവിംഗ് ഓയിൽ ലാമ്പ്സ്
സംസ്ഥാനത്ത് ആദ്യമായി 11,000 തിരികളുള്ള റിവോൾവിംഗ് ഓയിൽ ലാമ്പ്സ് ഇത്തവണ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിന്റെ ഭാഗമാകും. ത്രീഫേസ് ലൈനിൽ കറങ്ങുന്ന മോട്ടോറുകളുടെ സഹായത്തോടെ സദാ ചുറ്റിക്കറങ്ങുന്ന ഈ ദീപ സംവിധാനം നാല് നടകളിലും ക്ഷേത്രത്തിന് പുറത്ത് ഭക്തർക്ക് കൗതുകമാകും. കാശി പോലുള്ള ഇന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ റിവോൾവിംഗ് ഓയിൽ ലാമ്പ്സ് പ്രസിദ്ധമാണ്. മംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ഇത് ക്ഷേത്രത്തിലെത്തിച്ചത്.
പമ്പ, തട്ടി, ഇടിഞ്ഞിൽ വിളക്കുകൾ
ലക്ഷദീപത്തിന് പ്രഭാപൂരം ചൊരിയാൻ പടിഞ്ഞാറ് ഭാഗത്തെ രണ്ട് വലിയ പമ്പവിളക്കുകൾ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ തെളിയിക്കും. ക്ഷേത്രത്തിന് ചുറ്റുമുള്ള തട്ടിവിളക്കുകൾ പ്രകാശിപ്പിക്കാനുള്ള ചുമതല തിരുവോണകമ്മിറ്റിക്കാണ്. ശീവേലിപ്പുരയ്ക്ക് ചുറ്റുമുള്ള ഇടിഞ്ഞിൽ വിളക്കുകൾ കേരള ബ്രാഹ്മണ സഭയും തിരി തെളിയിക്കും.
രണ്ട് ദിവസം കൂടി ദീപാലങ്കാരം
ലക്ഷദീപത്തിന് ശേഷം രണ്ട് ദിവസം കൂടി ഭക്തർക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദീപാലങ്കാര ദർശനത്തിന് സൗകര്യമുണ്ട്. ലക്ഷദീപത്തിന് തൊട്ടടുത്ത ദിവസങ്ങളായ 16, 17 തീയതികളാണ് അവസരം. ഇടിഞ്ഞിൽ വിളക്കുകളും പമ്പവിളക്കും ദർശിക്കാം. ക്ഷേത്ര ദർശനവും സാദ്ധ്യമാകും.
65 ലോഡ് കടൽമണ്ണ്
ക്ഷേത്രത്തിനകവും പുറവുമെല്ലാം കമനീയമായി അലങ്കരിക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാകും. ക്ഷേത്രത്തിലെ എല്ലാ കൽത്തൂണുകളും കുലവാഴയും പൂമാലകളും കെട്ടി അലങ്കരിച്ചുതുടങ്ങി. ക്ഷീരസാഗര ശയനനായതിനാൽ ക്ഷേത്രത്തിനുള്ളിലെ മണ്ണ് മാറ്റി വിഴിഞ്ഞം കടലിൽ നിന്ന് അദാനി ഗ്രൂപ്പ് വഴിപാടായി സമർപ്പിച്ച 65 ലോഡ് കടൽമണ്ണ് ക്ഷേത്രത്തിനുള്ളിൽ വിതാനിച്ച് കഴിഞ്ഞു. ബി.എസ്.എഫ് ജവാൻമാരും സേവാഭാരതിയുൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും സൗജന്യസേവനമായാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്.
കൽമണ്ഡപങ്ങളിൽ രാധയും കൃഷ്ണനുമെത്തും
ലക്ഷദീപ സായൂജ്യത്തിൽ മനംകുളിർന്ന് നിൽക്കുന്ന ഭക്തരെ സന്തോഷിപ്പിക്കാൻ പദ്മതീർത്ഥക്കരയിലെ കൽമണ്ഡപങ്ങളിൽ ശ്രീകൃഷ്ണനും രാധയുമെത്തും. സൂര്യാകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന രാധേശ്യാമെന്ന നൃത്തപരിപാടിയുടെ ഭാഗമായാണിത്. പദ്മതീർത്ഥക്കരയിലെ ദീപങ്ങൾ മിഴിയടച്ച് തുറക്കുന്നതനുസരിച്ച് കൽമണ്ഡപങ്ങളിൽ ഓരോന്നിലും കൃഷ്ണനും രാധയും പ്രത്യക്ഷപ്പെടുകയും മുഴുവൻ വിളക്കുകളും തെളിഞ്ഞ് കഴിയുമ്പോൾ മണ്ഡപങ്ങളിൽ നൃത്തച്ചുവടുകൾ വയ്ക്കുന്നതുമായ പ്രത്യേക നൃത്ത പരിപാടിയാണിത്.