SignIn
Kerala Kaumudi Online
Wednesday, 26 February 2020 4.01 PM IST

"ഇറീഡിയം റൈസ് പുള്ളർ" വിറ്റാൽ കോടീശ്വരനാകാം, ആൾക്കാരെ വിശ്വസിപ്പ് ജേക്കബിന് ലക്ഷങ്ങൾ തട്ടാൻ ഈ ഒരൊറ്റ ജാക്കറ്റ് മതി: ഒടുവിൽ പിടിയിലായതിങ്ങനെ..

-rice-puller

കൊച്ചി: ഒരു ജാക്കറ്റ് കൊണ്ട് എത്ര ലക്ഷം തട്ടാം...? ചോദ്യം, ബംഗളൂരു ബൻജാര സ്വദേശി 55കാരനായ ജേക്കബിനോടാണെങ്കിൽ, 80 ലക്ഷം മുതൽ ഒരു കോടി വരെയെന്ന് ജേക്കബ് പറഞ്ഞു കളയും. കേട്ടിട്ട് ആശ്ചര്യപ്പെടേണ്ട ! ചിത്രത്തിൽ കാണുന്ന ഈ ഒരു ജാക്കറ്റ് കൊണ്ട് വിരുതൻ എറണാകുളം സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപയാണ്. ഇറീഡിയം റൈസ് പുള്ളർ വിറ്റ് കോടീശ്വരനാകാമെന്ന് വിശ്വസിപ്പിച്ചാണ് ജേക്കബ് എറണാകുളം സ്വദേശിയെ കബളിച്ച് പണം തട്ടിയത്. നാല് വർഷം കൊണ്ടാണ് ജേക്കബ് ഇത്രയും തുക തട്ടിയെടുത്തത്. നൂറോളം പേരെ ഈ ജാക്കറ്റ് ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടിയിട്ടുമുണ്ട് ജേക്കബ്. എറണാകുളം സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം ഇയാൾ എറണാകുളം നോർത്ത് പൊലീസ് വലയിലായി. എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നിർദേശാനുസരണം നോർത്ത് എസ്.ഐ. വി.ബി. അനസ്, എ.എസ്.ഐ.മാരായ ശ്രീകുമാർ, വിനോദ് കൃഷ്ണ, പൊലീസുകാരായ സിനീഷ്, അജിലേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജേക്കബിന്റെ തിരക്കഥ
2016ലാണ് തട്ടിപ്പിന്റെ തുടക്കം. കോയമ്പത്തൂരിലെ പഴയ തറവാട് വീട്ടിൽ ഇറീഡിയം ഉണ്ടെന്നും വില്ക്കാൻ തയ്യാറാണെന്നും ജേക്കബ് സ്വന്തം ഇടനിലക്കാരൻ വഴി എറണാകുളം സ്വദേശിയെ വിവരം അറിയിക്കുന്നിടത്താണ് തട്ടിപ്പ് കഥ തുടങ്ങുന്നത്. നിശ്ചിത തുകയ്ക്ക് ഇറീഡിയം വാങ്ങിയാൽ കോടിക്കണക്കിന് രൂപയ്ക്ക് ഇത് അമേരിക്കൻ ബഹിരാകാശ ഏജൻസിക്ക് വില്ക്കാമെന്ന് ഇവർ പരാതിക്കാരനെ പറഞ്ഞു വിശ്വസിപ്പിച്ചു. കൈയിലെത്തുന്ന കോടികൾ സ്വപ്നം കണ്ട പരാതിക്കാരൻ ഇതെല്ലാം വിശ്വസിക്കുകയും ചെയ്തു. കഥ ഊട്ടി ഉറപ്പിക്കാനായി ഇയാളെ കോയമ്പത്തൂരിലെ വീട്ടിൽ എത്തിച്ചെങ്കിലും ഇറീഡിയം നേരിട്ട് കാണാൻ സാധിക്കില്ലെന്ന് വീട്ടുടമ കട്ടായം പറഞ്ഞു.

അതീവ ശക്തിയുള്ള ഇറീഡിയം നേരിട്ട് കാണാൻ സാധിക്കില്ലെന്നും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് സൂചിപ്പിച്ചായിരുന്നു വിലക്കിയത്. ജേക്കബിന്റെ തിരക്കഥ പോലെ ഇക്കാര്യം വീട്ടുടമ ഇടപാടുകാരനോട് പറയുകയായിരുന്നു. എന്നാൽ, മാഗ്നെറ്റിക്ക് പവർ തടയുന്ന ജാക്കറ്റ് ധരിച്ചാൽ ഇത് പരിശോധിക്കാമെന്നും ഇങ്ങനെ ഒരാൾ പരിചയത്തിലുണ്ടെന്നും ഇടനിലക്കാരൻ അറിയിച്ചു. തുടർന്നാണ് ഗ്ലോബൽ സ്‌പേസ് മെറ്റൽസ്' എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ അംഗീകാരമുണ്ടെന്നും വിശ്വസിപ്പിച്ച് തട്ടിപ്പ് കഥയിലേക്ക് ജേക്കബ് രംഗ പ്രവേശനം ചെയ്യുന്നത്.

ബെസ്റ്റ് ആക്ടർ ജേക്കബ്
ഇടനിലക്കാരൻ അറിയിച്ചതിന് തൊട്ടടുത്ത ദിവസം ജേക്കബ് എറണാകുളം സ്വദേശിയെ ഫോണിൽ ബന്ധപ്പെട്ടു. ഇറീഡിയം പരിശോധിക്കാമെന്നും എന്നാൽ, 25,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇടനിലക്കാർ ഇക്കാര്യം പരാതിക്കാരനെ അറിയിച്ചു. പരിശോധിക്കുന്നതിന് 50,000 രൂപ മുൻകൂറായി നൽകാമെന്നും ശേഷം ബാക്കിയെന്ന ഉറപ്പിൽ ജേക്കബ് കോയമ്പത്തൂരിൽ എത്തി. വെള്ളി നിറത്തിലെ ജാക്കറ്റ് ധരിച്ച് ജേക്കബ് വീടിന് ഉള്ളിലെ രഹസ്യ അറയിലേക്ക് കടന്നു. തുടർന്ന് ഒച്ചയും ബഹളവും ഉണ്ടാക്കി വേഗം തിരിച്ചെത്തി. ഇറീഡിയത്തിന്റെ ശക്തിയാണെന്ന് വരുത്തി തീർക്കാനായിരുന്നു ഈ അഭിനയം.

മുറിയിൽ നിന്നും പുറത്തിറങ്ങിയ ജേക്കബ് കൂടിയ ഇറീഡിയമാണെന്നും വാങ്ങുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും സമീപത്ത് ചില വീടുകളിൽ ഇറീഡിയം കൂടി പരിശോധിക്കാമെന്നും അറിച്ചു. പിന്നീട് കോയമ്പത്തൂരിലെ വീടുകളിൽ നടത്തിയ അഭിനയം പല വീടുകളിൽ ആവർത്തിച്ചു. ഓരോ പരിശോധനയ്ക്കും ഫീസ് ഇനത്തിൽ ലക്ഷങ്ങളാണ് ഇയാൾ കൈക്കലാക്കിയത്. നാല് വർഷത്തോളം പണം തട്ടിയിട്ടും പരാതിക്കാരന് ഇതൊന്നും മനസിലായിരുന്നില്ലെന്നതാണ് ആശ്ചര്യം. ഒടുവിൽ സഹതാപം തോന്നിയ ഇടനിലക്കാരനാണ് വിവരം ഇയാളെ അറിച്ചത്. തുടർന്നാണ് ഇയാൾ പൊലീസിനെ സമീപിക്കുന്നത്.

ജാക്കറ്റ് തുന്നി,

ഐ.ഡി കാർഡ് നിർമ്മിച്ചു

തട്ടിപ്പിന് ഉപയോഗിച്ച ജാക്കറ്റ്, ജേക്കബ് ബംഗളൂരുവിലെ തയ്യൽക്കാരെ ചട്ടം കെട്ടി നിർമ്മിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫയർഫോഴ്സ് ജീവനക്കാർ ഉപയോഗിക്കുന്ന ജാക്കറ്രിന് സമാനമാണ് ഇതിന്റെ രൂപകല്പന. മാത്രമല്ല, ചൂട് തടയുന്നതിന് ജാക്കറ്റിനുള്ളിൽ കട്ടികൂടിയ തുണി തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. 5000 രൂപയിൽ താഴെ മാത്രമെ ഇത് ചെലവായിട്ടുള്ളൂ എന്നാണ് സംശയിക്കുന്നത്. അതേസമയം, ജാക്കറ്റിൽ പതിപ്പിച്ച ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ സ്റ്രിക്കറും ഐ.ഡി കാർഡും വ്യാജമായി നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. കേസിൽ കോയമ്പത്തൂരിലെ വീട്ടുടമയടക്കം അഞ്ച് പേരാണ് ഇനി പിടിയിലാകാൻ ഉള്ളത്. ഇവരെ ഉടൻ പിടികൂടുമെന്നും ജേക്കബിനെ കസ്റ്രഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.

തട്ടിപ്പിന്റെ റൈസ് പുള്ളർ

അത്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന 'ചെമ്പുകുടം' ആണ് 'റൈസ് പുള്ളർ. ഇറീഡിയം കോപ്പർ' എന്ന അത്ഭുത ലോഹംകൊണ്ട് നിർമിച്ചിരിക്കുന്ന ഇതിന് ആകർഷണ ശക്തിയുണ്ടെന്നാണ് അവകാശവാദം. ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങൾ നിർമിക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുവെന്നും നാസയും ഐ.എസ്.ആർ.ഒയും മറ്റും ലോഹത്തിന്റെ ആവശ്യക്കാരാണെന്നും അന്താരാഷ്ട്ര വിപണിയിൽ കോടികളാണിതിന് വിലയെന്നുമാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുക. അരിമണികളെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളർ എന്ന പേര് വരാൻ കാരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, IRIDIUM, ​ RICE PULLER, ​ FRAUD, ​ ACCUSED, ​ ARRESTED
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.