തിരുവനന്തപുരം:സംസ്ഥാന സഹകരണ ബാങ്കിന്റെ ബൈലോ ദേദഗതി നടപ്പിൽ വരുത്താനും അംഗത്വ ഘടനയിലുണ്ടായ മാറ്റത്തിന് അംഗീകാരം നേടാനുമായി കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗം ഇന്ന് ടാഗോർ തിയേറ്ററിൽ നടക്കും. കേരള ബാങ്കായി മാറിയശേഷം നടക്കുന്ന ആദ്യ പൊതുയോഗമാണിത്. പ്രാഥമിക വായ്പാ സംഘങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ പ്രതിനിധി വീതം യോഗത്തിൽ പങ്കെടുക്കും.13 ജില്ലാ ബാങ്കുകൾ ലയിച്ച് ഒറ്റ ബാങ്കായി മാറിയതോടെ പ്രാഥമിക വായ്പാ സംഘങ്ങളാണ് അംഗങ്ങളായത്. കേരളബാങ്കിന്റെ ദർശന രേഖ, അടുത്ത മൂന്ന് വർഷത്തേക്കുള്ള ബിസിനസ് പ്ലാൻ എന്നിവയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്കിന്റെ ഇടക്കാലഭരണസമിതി ചെയർപേഴ്സൺ മിനി ആന്റണിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. കേരളബാങ്കിനെ എതിർക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രാഥമിക ബാങ്കുകൾ പൊതുയോഗത്തിൽ പങ്കെടുക്കില്ലെന്ന് സഹകരണജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള അറിയിച്ചു.