SignIn
Kerala Kaumudi Online
Thursday, 02 July 2020 7.13 PM IST

റബ്ബർ കൃഷിക്ക് കേരളത്തിൽ ഭാവിയില്ല, പി.സി.ജോർജിനെ പിന്തുണച്ച് മുരളി തുമ്മാരുകുടി

muralee-thummarukudi

തിരുവനന്തപുരം: റബ്ബർ കർഷകർക്ക് സർക്കാർ സബ്‌സിഡി നൽകരുതെന്നും നിലവിലുള്ള റബ്ബർ മരങ്ങൾ വെട്ടിമാറ്റണമെന്നും കഴിഞ്ഞ ദിവസം പി.സി.ജോർജ് എം.എൽ.എ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ പി.സി.ജോർജിന്റെ ആവശ്യം ന്യായമാണെന്നും കേരളത്തിലെ റബ്ബർ കൃഷി ആദായകരമല്ലെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. നാട്ടിലെത്തുമ്പോൾ പി.സി.ജോർജിനെ നേരിൽ കാണുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

പോസ്‌റ്റിന്റെ പൂർണരൂപം

ശ്രീ പി.സി. ജോർജ്ജും ഞാനും, അഥവാ റബ്ബർ കൃഷിയുടെ ഭാവി

കേരളരാഷ്ട്രീയത്തിൽ എന്നെ ഏറെ കൺഫ്യൂസ് ചെയ്യുന്ന ഒരു നേതാവാണ് ശ്രീ പി.സി. ജോർജ്ജ് എം.എൽ.എ. അദ്ദേഹത്തിന്റെ കാലാകാലത്തുള്ള രാഷ്ട്രീയ സ്റ്റാൻഡുകൾ അല്ല. മറിച്ച് അദ്ദേഹത്തിന്റെ പബ്ലിക്കായ പല പ്രസ്താവനകളും കാണുമ്പോൾ ചിലപ്പോൾ ദേഷ്യം തോന്നും, അതേ സമയം എന്റെ സുഹൃത്തുക്കളിൽ അദ്ദേഹത്തെ നേരിട്ട് അറിയുന്നവർ, ഉദ്യോഗസ്ഥർ ഉൾപ്പടെ, എല്ലാം തന്നെ വളരെ നല്ല അഭിപ്രായം ആണ് അദ്ദേഹത്തെ പറ്റി എന്നോട് പറഞ്ഞിട്ടുള്ളത്. സ്വന്തം മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ കൃത്യമായി ഇടപെടും, മണ്ഡലത്തിൽ ഉള്ള ആളുകൾ പറഞ്ഞാലും അനാവശ്യകാര്യങ്ങളിൽ ഇടപെടില്ല എന്നിങ്ങനെ. ഈ ദുരന്തസമയത്ത് മണ്ഡലത്തിൽ ഉള്ള ആളുകളെ വേണ്ട സമയത്ത് മുന്നറിയിപ്പ് നൽകാനും മാറ്റിതാമസിപ്പാക്കാനും ഒക്കെ മുന്നിൽ നിന്നതിനാൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രശ്നങ്ങൾ ഏറെ കുറവായിരുന്നു എന്നും പറഞ്ഞു.

അതവിടെ നിൽക്കട്ടെ, ഇന്നലെ അദ്ദേഹം അസംബ്ലിയിൽ റബ്ബർ കൃഷിയെപ്പറ്റി ഒരു കാര്യം പറഞ്ഞു. ഇനി കേരളത്തിൽ റബ്ബർ കൃഷിക്ക് വലിയ ഭാവി ഇല്ല എന്ന്. റബർ മേഖലയിൽ നിന്നും വരുന്ന ഒരാൾ, പ്രത്യേകിച്ചും കേരള കോൺഗ്രസ്സ് പോലെ ഒരു പ്രസ്ഥാനത്തിൽ നിന്നും വരുന്ന ഒരാൾ അങ്ങനെ പറഞ്ഞത് കൃഷിമന്ത്രിക്കുൾപ്പടെ അതിശയമായി.

എന്താണ് അദ്ദേഹം ഇങ്ങനെ പറയാൻ കാര്യമെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്റെ അഭിപ്രായത്തിൽ സംഗതി സത്യമാണ്. കേരളത്തിൽ ഇനി റബ്ബർ കൃഷിക്ക് ഭാവിയില്ല. അതുകൊണ്ട് തന്നെ ഇനി നമ്മൾ അതിനെ പ്രോത്സാഹിപ്പിക്കരുത്. ഇഷ്ടമുള്ളവർ കൃഷി ചെയ്യട്ടേ, പക്ഷെ സബ്സിഡി കൊടുത്ത് ആളുകളെ ഈ രംഗത്തേക്ക് കൊണ്ടുവരരുത്. ഇതിന് പല കാരണങ്ങൾ ഉണ്ട്.

1. കേരളത്തിൽ ഭൂമിയുടെ വില വൻ തോതിൽ ഉയർന്നതോടെ ഭൂമി വാങ്ങി ആദായമായി കൃഷി ചെയ്യാൻ പറ്റുന്ന ഒന്നല്ലാതെയായി റബ്ബർ. വെങ്ങോലയിൽ ഒരേക്കർ റബർ തോട്ടത്തിന് ശരാശരി ഒരു ഒരു കോടി രൂപ വിലയുണ്ട്. പക്ഷെ കൃഷി ചെയ്താൽ റബറിന് വില ഉള്ള സമയത്ത് പോലും കിട്ടുന്ന ലാഭം വർഷത്തിൽ ഒരു ലക്ഷം രൂപയിൽ താഴെയാണ്. അത് തന്നെ റബർ നട്ടാൽ ആദ്യത്തെ ഏഴു വർഷം ഒരു ആദായവും ഇല്ല. Return on Capital Employed എന്ന് പറയുന്നത് വളരെ കുറവാണ്. ഒരു ശതമാനത്തിലും താഴെ. നാളെ വേറൊരാൾ നമ്മുടെ തോട്ടവും വാങ്ങാൻ വരും, അന്ന് ഒരു കോടിയുടെ തോട്ടത്തിന് ഒന്നരക്കോടി ആകും എന്നത് ഊഹാപോഹം മാത്രമാണ്. ഇന്ന് റബർ തോട്ടത്തിന്റെ കച്ചവടത്തെ നിയന്ത്രിക്കുന്നത്, റബ്ബർ കൃഷിയുടെ ആദായം അല്ല.

2. ഇരുപത്തി ഒന്ന് വർഷത്തെ സൈക്കിൾ ആണ് റബർ കൃഷിക്ക് സാധാരണ. തൈ നട്ടാൽ ആദ്യം ആറോ ഏഴോ വർഷം എടുക്കും അത് വളർന്നു ടാപ്പ് ചെയ്യാറാകാൻ. പിന്നെ പതിനഞ്ച് വർഷം ടാപ്പ് ചെയ്യാം, അതിന് ശേഷം അത് വെട്ടി പുതിയ മരങ്ങൾ വയ്ക്കണം. അതുകൊണ്ട് തന്നെ കൈതച്ചക്കയ്ക്കോ മരച്ചീനിക്കോ പച്ചക്കറിക്കോ വേണ്ടി പാട്ടത്തിന് കൊടുക്കുന്ന പോലെ റബർ കൃഷി നടത്താൻ സ്ഥലം പാട്ടത്തിന് നൽകാൻ നമുക്ക് ധൈര്യം വരില്ല. അതിന് പറ്റിയ നിയമങ്ങളും നമുക്ക് ഇല്ല.

3 തൊഴിലാളി ക്ഷാമം രൂക്ഷമായ കേരളത്തിൽ എല്ലാ ദിവസവും തൊഴിലാളികൾ പണിസ്ഥലത്ത് എത്തേണ്ട കൃഷി കൂടുതൽ കൂടുതൽ ബുദ്ധിമുട്ടാകും എന്ന് പറയേണ്ടല്ലോ.എഞ്ചിനീയറിങ്ങും നേഴ്സിങ്ങും ഒക്കെ പഠിച്ചു കുട്ടികൾ നാടുകടക്കണം എന്നാണ് റബർ തോട്ടം ഉടമകളുടെ മാത്രമല്ല ടാപ്പിംഗ് തൊഴിലാളികളുടേയും ആഗ്രഹം. പുതിയ തലമുറയിൽ റബർ കൃഷി തോട്ടത്തിൽ പണിക്കരാകണം എന്ന് ആഗ്രഹിക്കുന്ന ആരുമില്ല. അപ്പോൾ പിന്നെ അതിന് മറുനാടൻ തൊഴിലാളികൾ വേണ്ടി വരും. അവരും ചെലവ് കുറവല്ല, പ്രശ്നങ്ങൾ വേറെയും ഉണ്ട്.

4 റബർ വിലയിൽ ഉള്ള ചാഞ്ചാട്ടം. ആഗോള എണ്ണ വിലയുടെ ഏറ്റവും ഇറക്കവും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയും തളർച്ചയും ഒക്കെ റബർ വിലയെ ബാധിക്കുന്നു. ഓരോ വർഷവും റബർ വില കൂടുന്നതും കുറയുന്നതും കാണുന്നതല്ലാതെ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് നമ്മുടെ കർഷകർക്ക് ഒരു അറിവും ഇല്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ പ്ലാനുകൾ ഉണ്ടാക്കാൻ പറ്റുന്നുമില്ല. വിത്തും വളവും ഒക്കെ കൊടുക്കുന്ന സർക്കാരിന്റെ കൃഷിവകുപ്പുകൾ ആഗോളമായി എങ്ങനെയാണ് നമ്മുടെ വിളകളുടെ വിലകൾ നിശ്ചയിക്കപ്പെടുന്നത് എന്ന് പഠിച്ച് കർഷകരെ അറിയിക്കുന്നില്ല. ഉൽപ്പാദിപ്പിക്കുന്ന റബറിന് ഒരു ഫ്യൂച്ചർ മാർക്കറ്റ് പോലും ഉണ്ടാക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

5.എന്ന് വച്ച് ലോകത്ത് റബ്ബർ കൃഷി ഇല്ലാതാകാൻ പോകുന്നൊന്നും ഇല്ല. മറ്റിടങ്ങളിൽ, ആഫ്രിക്കയിൽ പ്രത്യേകിച്ചും, റബ്ബർ ഉല്പാദനം കൂടി വരികയാണ്. ലോകത്തെ ഏറ്റവും വലിയ റബ്ബർ തോട്ടം ബ്രസീലിലല്ല ലൈബീരിയയിൽ ആണ്. ആ രാജ്യങ്ങളിൽ സ്ഥലത്തിന് വില തീരെ ഇല്ല. ഒരേക്കറിന് നൂറു ഡോളറിലും കുറവാണ്. പാട്ടത്തിന് വേണമെങ്കിൽ ഒരു ഡോളറിനും കിട്ടും. തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടില്ല. ഐവറി കോസ്റ്റും നൈജീരിയയും ഒക്കെ റബ്ബർ കൃഷിയിലേക്ക് ഇറങ്ങുകയാണ്. അവരുമായി നമുക്ക് മത്സരിക്കാൻ പറ്റുന്ന കാര്യമല്ല.

ഇവിടെയാണ് നമ്മുടെ സാദ്ധ്യതകൾ കിടക്കുന്നത്. ആഫ്രിക്കയിൽ ചൈന ഒക്കെ പോയി ആയിരക്കണക്കിന് സ്‌ക്വയർ കിലോമീറ്റർ കൃഷി സ്ഥലം ആണ് വാങ്ങി കൂട്ടുന്നത്. തെക്കു കിഴക്കേ ആഫ്രിക്കയിൽ മൂവായിരം ഹെക്ടർ സ്ഥലം വാങ്ങിയ ഒരു കഥ എന്റെ സുഹൃത്ത് കഴിഞ്ഞ മാസം പറഞ്ഞു. ഒരു ഹെക്ടറിന് ഇരുപത്തി ഒൻപത് ഡോളർ ആണ് വില, അതായത് രണ്ടായിരം രൂപ. ഒറ്റ കണ്ടീഷനേ ഉള്ളൂ, വാങ്ങിയാൽ രണ്ടു വർഷത്തിനകം കൃഷി ചെയ്തു തുടങ്ങണം. എന്റെ സുഹൃത്തിനാണെങ്കിൽ അതിന് സമയം ഇല്ല. അപ്പോൾ പുള്ളി ഒരു പണി ചെയ്തു. പച്ചക്കറി ചന്തയിൽ പോയി അവിടുത്തെ വേസ്റ്റ് ഒക്കെ വാങ്ങി സ്ഥലത്ത് നിരത്തി. പറമ്പിൽ നിറയെ തക്കാളിയും മുളകും ഒക്കെ വളർന്നു. അതിന്റെ ഫോട്ടോ എടുത്തു കൊടുത്തു എല്ലാവരും ഹാപ്പി. അങ്ങനെ ഒന്നും കാണിക്കേണ്ട. ഓരോ ആഫ്രിക്കൻ രാജ്യങ്ങളിലെ നിയമം എന്തെന്ന് സർക്കാർ മനസിലാക്കുക, നമ്മുടെ മൂത്ത കൃഷിക്കാരെ ഒക്കെ ആഫ്രിക്കയിൽ പോയി അവരെ റബ്ബർ കൃഷി പഠിപ്പിക്കാൻ ഉള്ള സഹായം ചെയ്യുക. നമ്മുടെ ബാങ്കുകളെ അതിന് ലോൺ കൊടുക്കാൻ പ്രേരിപ്പിക്കുക, ഇന്ത്യൻ എംബസികളെക്കൊണ്ട് അവർക്ക് വേണ്ടത്ര സപ്പോർട്ട് നൽകുക എന്നിങ്ങനെ . നമ്മുടെ അറിവും അവരുടെ അദ്ധ്വാനവും കൂടിയാകുമ്പോൾ വിൻ വിൻ സാഹചര്യം ആണ്. എല്ലാക്കാലത്തും മറുനാട്ടിൽ പോയി തൊഴിൽ ചെയ്തു ജീവിക്കേണ്ടവർ അല്ല മലയാളികൾ. മറ്റുനാട്ടുകാർക്ക് തൊഴിൽ കൊടുക്കുന്ന ജോലിയും നമുക്ക്

ചെയ്യാം. പണികൊടുക്കുന്ന കാര്യത്തിൽ നമുക്കുള്ള താല്പര്യം ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യാം.

അതുകൊണ്ട്, ഇക്കാര്യത്തിൽ ഞാൻ നൂറു ശതമാനം ശ്രീ പി സി ജോർജ്ജ് എം.എൽ.എയുടെ കൂടെയാണ്. എനിക്കും ഒരേക്കർ റബ്ബർ തോട്ടം ഉള്ള ആളാണ്. പക്ഷെ അച്ഛൻ കൃഷി ചെയ്തതിനാൽ ഞാനും ചെയ്യുന്നു എന്ന മട്ടിൽ തന്നെ ഇപ്പോഴും റബറും കൃഷിചെയ്തു പോകുന്നു എന്നേ ഉള്ളൂ. നമ്മുടെ കാർഷിക രംഗത്തും, ഭൂ നിയമത്തിലും വലിയ മാറ്റങ്ങൾ വരേണ്ട സമയമായി. നാട്ടിൽ പോകുമ്പോൾ കാണേണ്ടവരുടെ ലിസ്റ്റിൽ ഒന്നുകൂടി ആയി.

മുരളി തുമ്മാരുകുടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PC GEORGE, RUBBER SLAUGHTERING, MURALEE THUMMARUKUDI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.