തിരുവനന്തപുരം: വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചത് ഒഴിഞ്ഞ കസേരകൾ. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിനിടെയായിരുന്നു സംഭവം. അഞ്ച് മണിക്കായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ കൃത്യസമയത്ത് എത്തിയ മുഖ്യമന്ത്രി ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയുമാണ് കണ്ടത്. തുടർന്ന് കാറിൽ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകായിരുന്നു.
നായനാർ പാർക്കിലെ വേദിയിൽ വച്ചായിരുന്നു പരിപാടി. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടർന്ന് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി എത്തുമ്പോൾ നായനാർ പാർക്കിൽ ഉണ്ടായിരുന്നത് പൊലീസും മാദ്ധ്യമപ്രവർത്തകരും ഗാനമേള നടത്താനുള്ള ഓർക്കസ്ട്ര സംഘവും മാത്രമായിരുന്നു. വേദിക്ക് അഭിമുഖമായി വാഹനം വന്ന് നിർത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. ആളുകൾ എത്തിയിട്ടില്ലെന്ന് പൊലീസുകാർ മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആരുമുണ്ടായിരുന്നില്ല. പ്രകടനം വരുന്നതേയുള്ളൂ എന്നും പൊലീസ് അറിയിച്ചതോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു.